2500ൽ ഭൂമി എങ്ങനെയായിരിക്കും? മനുഷ്യ ജീവിതം സാധ്യമോ; ശാസ്ത്രലോകം പറയുന്നത് ഇതാണ്

വാഷിങ്ടൺ ഡി.സി: കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ ഗണ്യമായി കുറക്കാൻ സാധിച്ചില്ലെങ്കിൽ 2500ഓടെ ഭൂമി മനുഷ്യന് അധിവസിക്കാൻ പ്രയാസമുള്ള ഇടമായി മാറുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വർധിക്കുന്ന ആഗോളതാപനമാണ് വില്ലനാവുക. അമേരിക്കൻ മിഡ് വെസ്റ്റ് ട്രോപ്പിക്കൽ മേഖലയും ഇന്ത്യയും അങ്ങേയറ്റം ചൂടുകൂടിയ സ്ഥലങ്ങളായി മാറും. ആമസോൺ മഴക്കാടുകൾ തരിശാകും. ഗ്ലോബൽ ചേഞ്ച് ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്രതലത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

നമ്മുടെ കുട്ടികളും പേരക്കുട്ടികളും ജീവിക്കാൻ പോകുന്ന ഒരു ഭൂമിയെ ഇന്ന് വിഭാവനം ചെയ്യാൻ കഴിയണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയെ ജീവയോഗ്യമായി നിലനിർത്തുക എന്നുള്ളതാണ് നമുക്ക് ചെയ്യാനുള്ളത് -കാനഡയിലെ മക് ഗിൽ സർവകലാശാല ഗവേഷകയായ ക്രിസ്റ്റഫർ ലിയോൺ പറയുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ, കാർബൺ പുറന്തള്ളൽ കുറക്കാൻ കഴിയുന്നില്ലെങ്കിൽ, ലോകത്തെ നിരവധി മേഖലകളിൽ പ്രവചനാതീതമായ മാറ്റങ്ങൾ സംഭവിക്കും.

ആഗോള താപന വർധനവ് രണ്ട് ഡിഗ്രി സെന്‍റിഗ്രേഡ് പരിധി ലംഘിക്കാന്‍ അനുവദിക്കരുത് എന്നതായിരുന്നു 2015ലെ പാരിസ് ഉടമ്പടിയിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ഇത് കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ സസ്യജാലങ്ങളും കൃഷിയിടങ്ങളും ധ്രുവപ്രദേശങ്ങളിലേക്ക് ചുരുങ്ങും. ആമസോൺ മഴക്കാടുകൾ പോലെ ജൈവ സമ്പന്നതയും ചരിത്രവുമുള്ള മേഖലകൾ വരണ്ടുണങ്ങും.

ജനസാന്ദ്രത കൂടുതലുള്ള ട്രോപ്പിക്കൽ മേഖലകളിൽ ചൂട് മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ വർധിക്കും. സമുദ്രനിരപ്പ് ഉയരുന്നതും ഭീഷണിയാകും.

നിലവിലെ പല കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും 2100ന് അപ്പുറത്തെ കുറിച്ച് പറയുന്നില്ലെന്ന് ക്രിസ്റ്റഫർ ലിയോൺ ചൂണ്ടിക്കാട്ടുന്നു. പാരീസ് ഉടമ്പടിയും ഐക്യരാഷ്ട്രസഭയും ഇന്‍റർഗവർമെന്‍റൽ പാനലുകളുമെല്ലാംതന്നെ 2100 വരെയുള്ള കാലാവസ്ഥയെ കുറിച്ചേ പരാമർശിക്കുന്നുള്ളൂ. 30 വർഷമായി ഈയൊരു കാലയളവിനുള്ളിലെ കാലാവസ്ഥാ പ്രവചനമാണുള്ളത്. എന്നാൽ, ഇത് തീർത്തും ഹ്രസ്വമായ വീക്ഷണമാണ്. ഇന്ന് ജനിക്കുന്ന ഒരു കുട്ടി 2100ൽ അതിന്‍റെ 70കളിൽ ജീവിക്കുകയാവും. എന്നാൽ, അതിനപ്പുറമുള്ള തലമുറകളെയും നാം മുന്നിൽ കാണണം -അവർ വ്യക്തമാക്കി. 

Tags:    
News Summary - Earth Could Be Alien to Humans by 2500, India To Be Too Hot To Live In, Reveals Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.