ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ ഇന്ന് രാവിലെ 9:48നായിരുന്നു പരീക്ഷണം. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലിെൻറ പരീക്ഷണം വൻ വിജയമണെന്ന് പ്രതിരോധ വിദ്ഗധർ അറിയിച്ചു. അഗ്നി 5െൻറ ആറാമത്തെ പരീക്ഷമാണ് ഇന്ന് നടന്നത്.
കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന് 5000 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്. 17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരവുമുണ്ട്. മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്.
അഗ്നിയുടെ ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്തംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നാലാം പരീക്ഷണം 2016 ഡിസംബര്‍ 26നുമായിരുന്നു നടന്നത്. ഇൗ വർഷം ജനുവരി 18നായിരുന്നു അവസാനമായി അഗ്നി 5 പരീക്ഷിച്ചത്. 2015ലെ പരീക്ഷണത്തിൽ ചെറിയ ന്യൂനതകൾ കണ്ടെത്തിയിരുന്നു. അത് പരിഹരിച്ചായിരുന്നു പിന്നീടുള്ള പരീക്ഷണങ്ങൾ നടത്തിയത്.
അഗ്നി മിസൈലാണ് ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത്. അഗ്നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും പരിധിയിൽ വരും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍, ലിബിയ, റഷ്യ, ജര്‍മനി, യുക്രെയ്ന്‍, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കാന്‍ മിസൈലിന് കഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.