ബ്രസൽസ്: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിൽ മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകർ. അമേരിക്കൻ നഗരമായ ഫ്ലോറിഡയെ അഞ്ച് സെന്‍റിമീറ്റർ ഉയരത്തിൽ മൂടാനാവശ്യമായ വെള്ളമാണ് ഒരാഴ്ച കൊണ്ട് മഞ്ഞുരുകി ഉണ്ടായതെന്ന് ഡെന്മാർക്കിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ബുധനാഴ്ചത്തെ ഐസ് ഉരുകൽ തോത് 70 വർഷത്തിനിടയിലെ ഏറ്റവും കൂടിയതാണ്. 2012ലും 2019ലും ഇതിന് സമാനമായ മഞ്ഞുരുക്കം ഉണ്ടായതായും ഗവേഷകർ വ്യക്തമാക്കുന്നു. 22 ഗിഗാടൺ ഐസാണ് ബുധനാഴ്ച മാത്രം ഉരുകിയത്. ഇതിൽ 12 ഗിഗാടൺ വെള്ളവും സമുദ്രത്തിൽ ചേർന്നു.
അന്തരീക്ഷ താപനിലയിലെ വർധനവാണ് കനത്ത മഞ്ഞുരുക്കത്തിന് കാരണമാകുന്നത്. വ്യാഴാഴ്ച 23.4 ഡിഗ്രീ സെൽഷ്യസായിരുന്നു ഗ്രീൻലാൻഡിൽ താപനില. ഇത് സാധാരണ താപനിലയേക്കാൾ വളരെ ഉയർന്നതാണ്.
2000ന് മുമ്പുണ്ടായിരുന്നതിനേക്കാൾ നാലിരട്ടി കൂടുതലാണ് ഇപ്പോഴത്തെ മഞ്ഞുരുക്കമെന്ന് ഗവേഷകർ പറയുന്നു. ഇത് സമുദ്രനിരപ്പിലുണ്ടാക്കുന്ന വ്യതിയാനം ഏറെ നാശനഷ്ടങ്ങൾക്ക് കാരണമാകും.
കാനഡയുടെ വടക്ക്-കിഴക്കായാണ് ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപുരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്‍റെ ഭാഗവും ആണെങ്കിലും ചരിത്രപരമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് ബന്ധപ്പെട്ടുകിടക്കുന്നു
അന്‍റാർട്ടിക്ക കഴിഞ്ഞാൽ ഭൂമിയിലെ സ്ഥിരമഞ്ഞുപാളി മേഖലയാണ് ഗ്രീൻലാൻഡ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല സംഭരണിയാണ് ഇവിടുത്തെ മഞ്ഞുപാളികൾ. ഗ്രീൻലാൻഡിലെ മഞ്ഞ് മുഴുവനായി ഉരുകിയാൽ സമുദ്രനിരപ്പിൽ ആറ് മുതൽ ഏഴ് വരെ മീറ്റർ വർധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ഭൂമിയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.