ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ കൂറ്റൻ ചരക്കുകപ്പലായ 'എവർ ഗിവൺ' കുടുങ്ങിക്കിടന്നത് ഒരാഴ്ചയോളമാണ്. ആറ് ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ടൺ കണക്കിന് മണൽ നീക്കിയും, ലോഡ് ഇറക്കിയും, ടഗ് ബോട്ടുകളാൽ കെട്ടിവലിച്ചും കപ്പലിനെ 'രക്ഷപ്പെടുത്താൻ' സാധിച്ചത്. ഇത്രയും നാൾ കനാലിന് ഇരുവശവും കപ്പലുകൾ കാത്തുകെട്ടി കിടന്നത് ലോകം ഇതുവരെ കാണാത്ത കപ്പൽ കുരുക്കിനാണ് കാഴ്ചയൊരുക്കിയത്.
300ലേറെ കപ്പലുകൾ സൂയസ് പ്രതിസന്ധി അവസാനിക്കുന്നതും പ്രതീക്ഷിച്ച് ഇരുവശങ്ങളിലും കാത്തുകിടന്നിരുന്നു. 'ഷിപ് ട്രാഫിക് ജാമിന്‍റെ' ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ.
രാത്രിയിൽ പകർത്തിയ മൂന്ന് ദൃശ്യങ്ങളാണ് നാസ പങ്കുവെച്ചത്. ഫെബ്രുവരി ഒന്നിലെ സാധാരണ ഗതിയിലെ ചിത്രം, കപ്പൽ കുടുങ്ങിയതിന് ശേഷം മാർച്ച് 27ലെ ചിത്രം, പ്രതിസന്ധി രൂക്ഷമായ മാർച്ച് 29ലെ ചിത്രം എന്നിവയാണ് നാസ പങ്കുവെച്ചത്.
നാസയുടെ സുവോമി സാറ്റലൈറ്റ്, ഇൻഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റർ സംവിധാനം ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.
മാർച്ച് 27ന് 72 കിലോമീറ്റർ നീളത്തിലാണ് കപ്പലുകൾ സൂയസ് കടലിടുക്കിൽ കാത്തുകിടന്നത്. 29 ആയപ്പോഴേക്കും കപ്പൽ നിരയുടെ ദൈർഘ്യം 100 കിലോമീറ്റർ ആയെന്ന് ചിത്രം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.