വാഷിങ്ടൺ: അന്ത്യനിമിഷങ്ങളിലും കസീനി പേടകം ഭൂമിക്കുനേരെ മുഖമുയർത്തി നിന്നു. ഇരുപതാം വയസ്സിൽ തെൻറ സ്രഷ്ടാക്കൾ മരണവിധി നടപ്പാക്കുന്നതിനു മുന്നോടിയായി ആൻറിന ഭൂമിക്കഭിമുഖമായി നിർത്താൻ ശാസ്ത്രജ്ഞർ കസീനിയിലെ സെൻസറുകൾക്ക് ആജ്ഞകൾ നൽകിയിരുന്നു. അതിനാൽ ശനിയുടെയും അതിെൻറ ഉപഗ്രഹങ്ങളുടെയും ഏറ്റവും പുതിയ ചിത്രങ്ങൾവരെ മിഴിവോടെ ഭൂവാസികൾക്ക് സമ്മാനിക്കാൻ സാധിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ഒടുക്കം.
വർണവലയങ്ങളാൽ സൗരയൂഥത്തിലെ നിത്യവിസ്മയമായ ശനിയുടെയും ഉപഗ്രഹങ്ങളുടെയും ഭ്രമണവ്യവസ്ഥ പഠനവിധേയമാക്കാൻ 1997ലായിരുന്നു പേടകം വിക്ഷേപിക്കപ്പെട്ടത്. 2007ൽ ദൗത്യം അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാൽ നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, ഇറ്റാലിയൻ സ്പേസ് ഏജൻസി എന്നീ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ കസീനിക്ക് ശാസ്ത്രജ്ഞർ രണ്ടുതവണ ആയുസ്സ് നീട്ടിെക്കാടുക്കുകയായിരുന്നു. വെള്ളിയാഴ്ച വെളുപ്പിന് മണിക്കൂറിൽ 111,000 കി.മീ. വേഗത്തിലായിരുന്നു പേടകത്തിെൻറ മരണയാത്ര.
വൈകീട്ട് ശനിയുടെ അന്തരീക്ഷ മേഘങ്ങളുമായി കൂട്ടിയിടിക്കുന്ന മരണമുഹൂർത്തത്തിനു മുേമ്പ അതിശക്തമായ പ്രകമ്പനത്താൽ വിറകൊണ്ട പേടകത്തിലെ വാർത്താവിനിമയ സംവിധാനങ്ങൾ നിലച്ചു. മേഘവ്യൂഹങ്ങളിലേക്കിടിച്ചുകയറിയ കസീനി മിനിറ്റുകൾക്കകം അഗ്നിഗോളമായി. കസീനിയുടെ സൂക്ഷ്മ ഭാഗങ്ങൾ ഉരുകി ചാരമായി. വാതകനിർഭരമായ ശനിക്ക് ഭൂസമാനമായ പ്രതലങ്ങൾ ഇല്ലെന്നാണ് ശാസ്ത്ര നിഗമനം. അത്യുഷ്മാവ് നിറഞ്ഞതാണ് അന്തരീക്ഷം. ഉപഗ്രഹങ്ങളിൽ ഹിമനിക്ഷേപം. ടൈറ്റാൻ ഉൾപ്പെടെയുള്ള ശനിയുടെ ഉപഗ്രഹങ്ങളിലും ജലസാന്നിധ്യം ഉണ്ടെന്ന സൂചന കസീനി ചിത്രങ്ങൾ വഴി സ്ഥിരീകരിക്കുകയും ചെയ്തു.
ശനിയുടെ അന്തരീക്ഷത്തിൽവെച്ച് കസീനിയെ ബലികഴിക്കാനുള്ള ശാസ്ത്ര തീരുമാനത്തിനു പിന്നിൽ നിരവധി ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. കസീനി ശനിയുടെ ഉപഗ്രഹങ്ങളിൽ ഇടിച്ചു തകരുന്നപക്ഷം അത് അവയുടെ പ്രാചീന വിശുദ്ധിയെ മലിനീകരിക്കുമെന്ന് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിന് ഹാനികരമായ ഭൗമ സൂക്ഷ്മാണുക്കളും പേടകം വഴി ചേക്കേറാം. കാരണം ഉപഗ്രഹങ്ങളുടെ ആവാസയോഗ്യതയിൽ പ്രതീക്ഷ പുലർത്തുന്ന ശാസ്ത്രജ്ഞർ നിരവധി.
ഉൽപത്തിയുടെ ഉത്തരമില്ലാത്ത സമസ്യകളുടെ ചുരുൾ നിവർത്താൻ ശാസ്ത്രലോകത്തെ സഹായിച്ച കസീനി ഒടുവിൽ മിഴിയടച്ചു. ‘അവൾ അദ്ഭുതങ്ങളുടെ കലവറ’ ആണെന്നായിരുന്നു ഒരു പ്രമുഖ യു.എസ്. ശാസ്ത്രകാരെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.