തിരുവനന്തപുരം: മാംസഭോജികളായ സസ്യങ്ങളുടെ ഗണത്തിലേക്ക് കേരളത്തിൽനിന്ന് പുതിയ അംഗം കൂടി. കോട്ടയം ജില്ലയിൽനിന്ന് കണ്ടെത്തിയ പുതിയ സസ്യത്തിെൻറ പേര് ‘യൂട്രിക്കുലേറിയ കമറുദ്ദീനിയ’ എന്നാണ്. കാസർകോട് ഗവ. കോളജിലെ സസ്യശാസ്ത്രവിഭാഗം മേധാവി ഡോ. വി.എസ്. അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. കേരള സർവകലാശാല സസ്യശാസ്ത്രവിഭാഗം അസോ. പ്രഫസറും പരിസ്ഥിതി ശാസ്ത്രജ്ഞനും ആയിരുന്ന ഡോ. കമറുദ്ദീൻകുഞ്ഞിെൻറ സ്മരണാർഥമാണ് പുതിയ സസ്യത്തിന് ഇൗ നാമകരണം നടത്തിയത്.
േകരളത്തിൽ കാണപ്പെടുന്ന 24 തരം മാംസഭോജി സസ്യഗണത്തിൽ പെടുന്നതാണ് ഇത്. എന്നാൽ മറ്റുള്ളവയിൽനിന്ന് ദളങ്ങളുടെ ആകൃതി, ഇരയെ പിടിക്കുന്ന ട്രാപ്പുകളുടെ സ്വഭാവം, വിത്തുകളുടെ സവിശേഷത എന്നീ പ്രത്യേകതയാണ് വിഭിന്നമാക്കുന്നത്. വേരുകളിലും തണ്ടുകളിലും ബലൂൺ ആകൃതിയിലുള്ള ട്രാപ്പ്വഴിയാണ് ഇര പിടിക്കുന്നത്. വെള്ളത്തിലും വയലിലുമാണ് ഇൗ സസ്യം വളരുന്നത്. കോട്ടയത്ത് വയലിലാണ് സസ്യത്തെ കണ്ടെത്തിയത്. വെള്ളത്തിലുള്ള സൂക്ഷ്മജീവികളാണ് സസ്യത്തിെൻറ ഇര. മണമില്ലാത്ത മഞ്ഞപ്പൂവും ഇൗ സസ്യത്തിെൻറ പ്രത്യേകതയാണ്.
ന്യൂസിലൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഫൈറ്റോടാക്സാ’ എന്ന സയൻസ് ജേണലിൽ ജൂൺ നാലിന് പുതിയ കണ്ടുപിടിത്തത്തിെൻറ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. അനിൽകുമാറിെൻറ കീഴിൽ പിഎച്ച്.ഡി ചെയ്യുന്ന എസ്. ആര്യ, റീജനൽ കാൻസർ സെൻററിലെ വിഷ്ണു വൽസൻ, കാസർകോട് ഗവ. കോളജിലെ സസ്യശാസ്ത്ര അധ്യാപകൻ പി. ബിജു എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.