കാലമേറെയായി അമേരിക്കക്കാരെ മാത്രമല്ല, ലോകത്തെ മുഴുവൻ മുനയിൽ നിർത്തുന്ന വിഷയമാണ് പറക്കും തളികകളും അവയിലേറി എത്തുന്ന അന്യഗ്രഹ ജീവികളും. ഇടവിട്ട് അവ നമ്മെ കാണാൻ വരാറുണ്ടെന്ന് വിശ്വസിക്കുന്നവരേറെ. അവരെ തൃപ്തിപ്പെടുത്തുന്ന കഥകൾ പലതും ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
മഹാഭൂരിപക്ഷവും ശുദ്ധ നുണകളായ അപസർപ്പക കഥകൾ മാത്രമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും എല്ലാം അപ്പടി തള്ളാനായിട്ടില്ലെന്ന് പറയുന്നു, അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. സൈനിക വിമാനങ്ങൾ പറത്തിയ വൈമാനികർ കണ്ടതായി അറിയിച്ച റിപ്പോർട്ടുകളെ സ്ഥിരീകരിച്ചും നിഷേധിച്ചും ഉറപ്പു പറയാറായിട്ടില്ലെന്ന് അടുത്തിടെ മുതിർന്ന സംഘം അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനം നടത്തി സത്യം സ്ഥിരീകരിക്കുമെന്ന് പുതുതായി ചുമതലയേറ്റ നാസ തലവൻ ബിൽ നെൽസണും വ്യക്തമാക്കുന്നു.
അതിവേഗത്തിൽ സഞ്ചരിക്കുന്ന പറക്കും തളികകളെയാണ് ഇവർ കണ്ടിരുന്നത്. ഭൂമി കാണാൻ അന്യഗ്രഹങ്ങളിൽനിന്ന് പറന്നിറങ്ങുന്ന വിരുന്നുകാരാകാമെന്നാണ് പ്രചാരണം. എന്നാൽ, പറക്കും തളികകൾ അന്യഗ്രഹ ജീവികളാണെന്ന് ഇപ്പോഴും താൻ വിശ്വസിക്കുന്നില്ലെന്നും പക്ഷേ, അന്തിമ തീരുമാനം പറയിെല്ലന്നും നെൽസൺ പറയുന്നു. വിഷയത്തിൽ ഈ മാസം പെന്‍റഗൺ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സൂചന.
വിഷയത്തിൽ നാസ ഇതുവരെയും ഔദ്യോഗിക അന്വേഷണ സംഘത്തെ വെച്ചിട്ടില്ല. പക്ഷേ, മുൻനിര ഗവേഷകർക്ക് കൂടുതൽ പഠനം നടത്തി റിപ്പോർട്ട് സമർപിക്കാൻ അംഗീകാരവും നൽകിയിട്ടുണ്ട്.
പതിറ്റാണ്ടുകളായി ലോകം പറക്കും തളികകൾക്കു പിന്നാലെയുണ്ട്. 2004ൽ 'ടിക് ടാക്' എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ അതിവേഗം ഒരു വസ്തു ആകാശത്ത് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങളുണ്ടായിരുന്നു. 2015ൽ നേവി സൂപർ ഹോണറ്റ് ജെറ്റ് വൈമാനികൻ കണ്ടതായും റിപ്പോർട്ട് വന്നു. കൂടുതൽ വൈമാനികരെ ഉദ്ധരിച്ച് 201ൽ ന്യൂയോർക് ടൈംസ് റിേപ്പാർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് അമേരിക്കയിൽ അന്വേഷണം ചൂടുപിടിക്കുന്നത്.
ദേശീയ സുരക്ഷക്ക് ഭീഷണി കൂടി കണക്കിലെടുത്താണ് അമേരിക്ക ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.