ബെയ്ജിങ്: ഒരാഴ്ച മുമ്പ് വിക്ഷേപിച്ച് ദൗത്യം പൂർത്തിയാക്കിയ ചൈനീസ് റോക്കറ്റ് വൈകാതെ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കും. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ് മാർച്ച് അഞ്ച് ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ പതിക്കുകയെന്ന് ചൈന അറിയിച്ചു. ഇന്ത്യൻ സമയം രാവിലെയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. അവശിഷ്ടങ്ങളിലേറെയും ഈ അന്തരീക്ഷ പ്രവേശനത്തോടെ കത്തിത്തീരും. അതേ സമയം, റോക്കറ്റ് പസഫിക്കിനു മുകളിലാണ് പ്രവേശിക്കുകയെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി പ്രവചിക്കുന്നു. ജനവാസ കേന്ദ്രങ്ങളിൽ ഇതുമൂലം ആഘാതമുണ്ടാകാൻ സാധ്യത തീരെ വിരളമാണ്. എന്നാൽ, പൂർണമായി നിയന്ത്രണം നഷ്ടമായതിനാൽ ഏതു സാഹചര്യവും നേരിടാൻ സജ്ജമാകണെമന്ന് ഏജൻസി ആവശ്യപ്പെട്ടു. സെക്കൻഡിൽ 13.7 കിലോമീറ്റർ വേഗത്തിലാണ് റോക്കറ്റ് പാളിയുടെ സഞ്ചാരം.
നാലു ബൂസ്റ്ററുകളും ഒരു കോർ സ്റ്റേജുമായി ലോങ് മാർച്ച് 5ബി ഏപ്രിൽ 20നാണ് ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. അവ ലക്ഷ്യത്തിലെത്തിച്ചതോടെ ദൗത്യം പൂർത്തിയായി മടങ്ങുന്ന റോക്കറ്റ് അപകടമില്ലാതെ അന്തരീക്ഷത്തിൽ കത്തിത്തീരുകയോ അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീഴുകയോ ചെയ്യുമെന്നാണ് ചൈനയുടെ കണക്കുകൂട്ടൽ. ഇതിനു പിറകെ സമാനമായി 10 റോക്കറ്റുകൾ കൂടി ബഹിരാകാശത്തേക്ക് കുതിക്കും.
കഴിഞ്ഞ വർഷം സമാനമായൊരു യാത്രയിൽ ചൈനീസ് റോക്കറ്റിന്‍റെ അവശിഷ്ടങ്ങൾ ഐവറി കോസ്റ്റിൽ കെട്ടിടങ്ങൾക്കു മേൽ പതിച്ചിരുന്നു. പക്ഷേ, ആളപായമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.