ഇന്ന് നാസയുടെ നാല് ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത് ഡയപ്പർ ധരിച്ച്. കാരണം മറ്റൊന്നുമല്ല, ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ്എക്സ് നിർമിച്ച ബഹിരാകാശ പേടകത്തിലെ ടോയ്ലറ്റ് പ്രവർത്തനം നിലച്ചു. തിങ്കളാഴ്ച്ച ഫ്ലോറിഡയിലെ തീരത്ത് വന്നിറങ്ങുന്നതിന് മുമ്പായി സ്പേസ്എക്സ് കാപ്സ്യൂളിൽ ബഹിരാകാശ സഞ്ചാരികൾ ഡയപ്പർ ധരിച്ച് ചിലവഴിക്കേണ്ടിവരിക 20 മണിക്കൂറുകളാണ്.
'ബഹിരാകാശ യാത്ര ഒരുപാട് ചെറിയ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇത് കേവലം മറ്റൊരു വെല്ലുവിളി മാത്രമാണ്. ഞങ്ങളുടെ ദൗത്യത്തിന്‍റെ ഭാഗമായി അത് നേരിടുക തന്നെ ചെയ്യും. അതിനാൽ ഞങ്ങൾ അതിനെക്കുറിച്ച് അധികം ആകുലപ്പെടുന്നില്ല. -ഭ്രമണപഥത്തിൽ നിന്നുള്ള വാർത്താ സമ്മേളനത്തിൽ നാസയുടെ ബഹിരാകാശ സഞ്ചാരി മേഗൻ മക്ആർതർ പറഞ്ഞു.
നിരവധി മീറ്റിങ്ങുകൾക്ക് ശേഷം മക്ആർതറിനെയും സംഘത്തെയും അവരുടെ പകരക്കാരെ തെരഞ്ഞെടുക്കുന്നതിന് മുമ്പായി തിരിച്ചെത്തിക്കാൻ മിഷൻ മാനേജർമാർ തീരുമാനിക്കുകയായിരുന്നു. മോശം കാലാവസ്ഥയും സംഘത്തിൽ പെട്ട ഒരാൾ നേരിട്ട ആരോഗ്യ പ്രശ്നവും കാരണം സ്പേസ്എക്സ് ലോഞ്ച് ഇതിനകം ഒരാഴ്ച്ചയിലേറെ വൈകിയിരുന്നു.
കഴിഞ്ഞ ആറ് മാസങ്ങളായി തങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മക് ആർതറിനൊപ്പം തിരിച്ചെത്തുന്ന ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമസ് പെസ്‌ക്വെറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്പേസ്എക്സ് കാപ്സ്യൂളിൽ മൈക്രോഗ്രാവിറ്റിക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ടോയ്ലറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ, ദിവസങ്ങൾക്കകം അതിന് പ്രശ്നങ്ങൾ സംഭവിക്കാൻ തുടങ്ങുകയായിരുന്നു. അവശിഷ്ടങ്ങൾ വലിച്ചെടുക്കാൻ സഹായിക്കുന്ന ഫാൻ പ്രവർത്തിക്കാത്തതാണ് സാങ്കേതിക തടസ്സമെന്നായിരുന്നു റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.