തിരുവനന്തപുരം: 2021ലെ കേരള ശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവുമായ എം.എസ്. സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രഫ. താണു പത്മനാഭനുമാണ് പുരസ്കാര ജേതാക്കൾ. കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് പ്രഫ. എം.എസ്. സ്വാമിനാഥനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടമാണ് പ്രഫ. താണു പത്മനാഭനെ പുരസ്‌കാര അർഹനാക്കിയത്.
രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്കാരം. ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് പുരസ്കാരം നൽകുന്നത്. പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നതിനായി ആവിഷ്കരിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരള ശാസ്ത്ര പുരസ്കാരം.
1925ൽ ജനിച്ച പ്രഫ. എം.എസ്. സ്വാമിനാഥൻ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടി. കോയമ്പത്തൂർ കാർഷിക കോളജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർപഠനം നടത്തി. 1952 ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി. ഇന്ത്യൻ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുത്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തർദ്ദേശീയതലത്തിൽ പ്രശസ്തനാക്കിയത്. കാർഷികമേഖലയിൽ അദ്ദേഹം നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹത്തെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്‍റെ പിതാവെന്ന് വിശേഷിപ്പിക്കാൻ ഇടയാക്കി.
പ്രഫ. താണു പത്മനാഭൻ 1957ൽ തിരുവനന്തപുരത്താണ് ജനിച്ചത്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജിൽ നിന്നും സ്വർണ്ണമെഡലോടെ ബി.എസ്.സി, എം.എസ്.സി ബിരുദങ്ങൾ നേടി. മുംബൈയിലെ ഡി.ഐ.എഫ്.ആറിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന വിഷയങ്ങൾ. പുനെയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമി വിഭാഗം ഡീനായി വിരമിച്ച അദ്ദേഹം ഇപ്പോൾ അവിടെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.