വാഷിങ്ടൺ: പുതിയ ചരിത്രവുമായി പെഴ്സിവീയറൻസ് ദൗത്യം ചൊവ്വയിൽ തൊട്ടത് ലോകത്തെ അറിയിച്ചത് ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞ സ്വാതി മോഹൻ. 'ചൊവ്വയിൽ തൊട്ടു എന്നത് ഉറപ്പിച്ചു' എന്നായിരുന്നു അവരുടെ ആവേശകരമായ വാക്കുകൾ. നാസയുടെ ചൊവ്വ ദൗത്യത്തിെൻറ വിക്ഷേപണ നേതൃത്വം വഹിച്ചവരിൽ പ്രധാനിയാണ് സ്വാതി. പര്യവേക്ഷണ വാഹനമായ റോവർ ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിക്കുേമ്പാൾ പെട്ടെന്നുണ്ടായ മൂക്കുകുത്തലിനെ അതിജീവിച്ചുവെന്നും അവർ ലോകത്തെ അറിയിച്ചു. ''പെഴ്സിവീയറൻസ് സുരക്ഷിതമായി ചൊവ്വയിലിറങ്ങി. ജീവെൻറ തുടിപ്പു തേടിയുള്ള യാത്രക്ക് അവൻ ഒരുങ്ങിക്കഴിഞ്ഞു'' -അവർ പറഞ്ഞ് തീർത്തതും വാർത്തക്ക് കാത്തിരുന്ന നാസ ശാസ്ത്രസംഘം ആഘോഷത്തിമിർപ്പിലായി.
പേടകത്തിെൻറ ഗതിനിയന്ത്രണം ഏറ്റവും സൂക്ഷ്മത ആവശ്യപ്പെടുന്ന ദൗത്യമാണെന്ന് സ്വാതി വ്യക്തമാക്കി. ചൊവ്വയിൽ തൊടുന്നതിന് തൊട്ടു മുൻപ് ഭീകരതയുടെ ഏഴ് നിമിഷങ്ങളുണ്ട്. ഭൂമിയിലിരുന്നുകൊണ്ടാണ് ആ നിമിഷങ്ങളുടെ ഗതിനിയന്ത്രണം. ടീം ലീഡർ എന്ന നിലയിൽ ദൗത്യ നിർവഹണ കേന്ദ്രത്തിലെ വിവര ൈകമാറ്റവും തെൻറ നേതൃത്വത്തിലാണ് നടന്നതെന്നും അവർ പറഞ്ഞു. ഒരു വയസ്സുള്ളപ്പോഴാണ് സ്വാതി അമേരിക്കയിലെത്തുന്നത്. വാഷിങ്ടൺ ഡി.സിയിലെ വടക്കൻ വിർജീനിയയിൽ വളർന്ന അവർ മെക്കാനിക്കൽ ആൻഡ് എയറോസ്പേസ് എൻജിനീയറിങ്ങിൽ കോർണൽ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തു.
തുടർന്ന് മാസചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ(എം.ഐ.ടി)നിന്ന് എയറോനോട്ടിക്സ്, ആസ്ട്രോനോട്ടിക്സ് എന്നിവയിൽ എം.എസ്, പിഎച്ച്.ഡി ഗവേഷണ ബിരുദവും നേടി. ഒമ്പതു വയസ്സുള്ളപ്പോൾ സ്റ്റാർ ട്രെക്ക് ടി.വി പരിപാടി കണ്ടാണ് ബഹിരാകാശ താൽപര്യം ജനിച്ചതെന്നും അവർ പറഞ്ഞു. ദൗത്യ വിജയത്തിനൊപ്പം പുറത്തുവന്ന സ്വാതിയുടെ ചിത്രങ്ങളിൽ അവർ തൊട്ട പൊട്ട് ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി.
നാടകീയം ഇറക്കം
വാഷിങ്ടൺ: ചുവന്ന ഗ്രഹമെന്ന് അറിയപ്പെടുന്ന ചൊവ്വയുടെ ഉപരിതലത്തിലെ പ്രത്യേക കുഴിയുള്ള (ജെസേറൊ ക്രേറ്റർ)ഭാഗത്താണ് ബൃഹദ് ദൗത്യത്തിലൂടെ 'നാസ'യുടെ പെഴ്സിവീയറൻസ് പേടകം ഇറക്കിയത്. 350 കോടി വർഷം മുമ്പ് ജെസേറോ ക്രേറ്ററിലൂടെ നദി ഒഴുകിയിരുന്നുവെന്നാണ് ശാസ്ത്രം കണക്കാക്കുന്നത്. ഈ ഭാഗത്തെ കല്ലും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിച്ച് ജീവെൻറ സൂക്ഷ്മകണിക പരതുകയാണ് ദൗത്യ ലക്ഷ്യം. 2026-28 വർഷത്തിൽ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് വീണ്ടും ചൊവ്വയിലേക്ക് അയക്കുന്ന മറ്റൊരു ദൗത്യമായിരിക്കും ഇപ്പോൾ ശേഖരിക്കുന്ന മണ്ണും കല്ലും തിരികെ ഭൂമിയിൽ എത്തിക്കുക. പെഴ്സിവീയറൻസ് എന്ന വാക്കിെൻറ അർഥം തന്നെ അശ്രാന്തപരിശ്രമം എന്നാണ്. 1300 ഡിഗ്രി ചൂടുള്ള ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ കുതിച്ചുപാഞ്ഞ പേടകത്തിലെ റോവറിനെ ശബ്ദാതിവേഗവും ഒരു വോളിബാൾ കോർട്ടിെൻറ വലുപ്പവുമുള്ള പാരച്യൂട്ടിെൻറ സഹായത്തോടെയാണ് ചൊവ്വയിലിറക്കിയത്. ഏഴ് കിലോമീറ്റർ ചുറ്റളവുള്ള പ്രത്യേക ഭാഗത്ത് റോവറിനെ ലാൻഡ് ചെയ്യിപ്പിക്കാനുള്ള ശ്രമം നാസയുടെ ഇതുവരെയുള്ള ലാൻഡിങ് ദൗത്യങ്ങളിൽ ഏറ്റവും കൃത്യതയോടെ തയാറാക്കിയതാണ്. പാരച്യൂട്ടിൽനിന്ന് വേർെപട്ട പ്രത്യേക ആകാശ ക്രെയിനിൽ നിന്നുള്ള നൈലോൺ നൂലിലാണ് റോവർ ചൊവ്വയുടെ ഉപരിതലം തൊടുന്നത്. തുടർന്ന് നൂൽ സ്വയം പൊട്ടിച്ച് ക്രെയിൻ സുരക്ഷിത ദൂരത്തേക്ക് മാറി. നിലത്തിറങ്ങുന്നതിന് തൊട്ടു മുമ്പ് റോവറിെൻറ ആറ് അലൂമിനിയം ചക്രങ്ങളും കൃത്യമായി വിടർന്നുവെന്ന് നാസയുടെ വാർത്ത വിഭാഗം അറിയിച്ചു.
പത്തിൽ ഒമ്പത്
പത്തുവട്ടം പരിശ്രമിച്ചതിൽ ഒമ്പതു പ്രാവശ്യവും നാസ ചൊവ്വയിൽ പേടകത്തെ ഇറക്കിയിട്ടുണ്ട്. റഷ്യ 1971ൽ ചൊവ്വയിൽ പേടകത്തെ ഇറക്കി. എന്നാൽ, രണ്ടു മിനിറ്റിനുശേഷം ദൗത്യം പരാജയപ്പെട്ടു. ഒരാഴ്ച മുമ്പ് ചൊവ്വയുടെ അന്തരീക്ഷത്തിലെത്തിയ ചൈനയുടെ ടിയാൻവെൻ-ഒന്ന് ദൗത്യം റോവറിനേയും ലാൻഡറിനേയും അടുത്ത ഏതാനും മാസങ്ങൾക്കകം ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കാനുള്ള യത്നത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.