ഭൂമി മടുത്തോ? ഒരു വർഷം 'ചൊവ്വ'യിൽ ജീവിക്കാൻ ക്ഷണിച്ച് നാസ

ചൊവ്വയിലേക്ക് മനുഷ്യനെ അ‍യക്കുന്ന ദൗത്യത്തിന് മുന്നോടിയായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ചൊവ്വയുടേതിന് സമാനമായ സാഹചര്യത്തിൽ കഴിയാൻ താൽപര്യമുള്ളവരെ തേടുന്നു. ചൊവ്വയിലെ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് പഠനം നടത്തുകയാണ് ചെയ്യുക. ഒരു വർഷം ഇവിടെ താമസിക്കാനായി നാല് പേരെയാണ് നാസ തെരഞ്ഞെടുക്കുക.

ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍ററിൽ 17,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് 'ചൊവ്വ'യെ സൃഷ്ടിക്കുക. ഈയൊരു അന്തരീക്ഷത്തിലെ ദീർഘകാല വാസത്തെ കുറിച്ചാണ് നാസ പഠിക്കുക.

യഥാർത്ഥ ചൊവ്വാ ദൗത്യത്തിൽ നേരിടേണ്ടി വരുന്ന വിവിധ വെല്ലുവിളികളെ ഇവിടെ സൃഷ്ടിക്കും. വിഭവങ്ങളുടെ കുറവ്, ഉപകരണങ്ങളുടെ തകരാർ, ആശയവിനിമയ പ്രതിസന്ധികൾ, പാരിസ്ഥിതിക വെല്ലുവിളികൾ എന്നിവ സൃഷ്ടിച്ച് ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് പഠിക്കും.

ബഹിരാകാശ യാത്രികർ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.

അതേസമയം, അമേരിക്കൻ പൗരന്മാർക്കോ അമേരിക്കയിൽ സ്ഥിരതാമസമാക്കിയവർക്കോ ആണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. 30നും 55നും ഇടയിലായിരിക്കണം പ്രായം. ഇംഗ്ലീഷ് നന്നായി അറിയാവുന്ന നല്ല ശാരീരിക ക്ഷമതയുള്ള പുകവലി ശീലമില്ലാത്തവരെയാണ് നാസ തേടുന്നത്. 

Tags:    
News Summary - Tired of Earth? Nasa invites applications to live on Mars-like habitat for a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.