ന്യൂഡൽഹി: തങ്ങളുടെ എം.എസ്.ഐ ഫെലോഷിപ്സ് വെർച്വൽ പാനലിലേക്ക് മഹാരാഷ്ട്ര സ്വദേശിനിയായ 14 കാരിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി യു.എസ് ബഹിരാകാശ ഏജൻസിയായ നാസ രംഗത്ത്. ദീക്ഷ ഷിൻഡെയെ ഏജൻസി പാനലിസ്റ്റായി തിരഞ്ഞെടുത്തത് അവൾ നൽകിയ "തെറ്റായ വിവരങ്ങളുടെ" അടിസ്ഥാനത്തിലാണെന്ന് നാസ വെളിപ്പെടുത്തി. ഏജൻസിയിൽ നിന്ന് ഷിൻഡെയ്ക്ക് ഒരു ഫെലോഷിപ്പും ധനസഹായവും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
തമോ ഗർത്തങ്ങളും ദൈവവും എന്ന വിഷയത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി നാസ ദീക്ഷ ഷിൻഡെയെ അവരുടെ പാനലിസ്റ്റായി തെരഞ്ഞെടുത്തെന്ന വാർത്തകൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ കൗമാരക്കാരിയെ അനുമോദിച്ച് കുറിപ്പുകളുടെ പ്രവാഹമായിരുന്നു. എന്നാൽ, ചിലർ ഷിൻഡെ പങ്കുവെച്ച തെളിവുകളിലും വിവരങ്ങളിലും സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പലരും അവളുടെ അവകാശവാദം വ്യാജമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.
''തമോ ഗർത്തങ്ങളും ദൈവവും എന്ന വിഷയത്തെ കുറിച്ച് ഞാൻ തിയറി സമർപിച്ചിരുന്നു..., മൂന്നു ശ്രമത്തിനൊടുവിൽ നാസ അത് സ്വീകരിച്ചു. അവരുടെ വെബ്സൈറ്റിനുവേണ്ടി ലേഖനങ്ങളെഴുതാൻ നാസ ആവശ്യപ്പെട്ടിട്ടുണ്ട്..''.- എന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐയോടുള്ള ഷിൻഡെയുടെ അവകാശവാദം. ഗവേഷണ നിർദ്ദേശങ്ങളും ആപ്ലിക്കേഷനുകളും അവലോകനം ചെയ്യാനുള്ള വിദഗ്ദ്ധ പാനലിസ്റ്റുകൾക്കായി നാസയുടെ STEM എൻഗേജ്മെൻറ് ഓഫീസ് ഒരു തേർഡ്-പാർട്ടി സർവീസ് മുഖേന ദിവസങ്ങൾക്ക് മുമ്പ് അപേക്ഷകൾ ക്ഷണിച്ചിരുന്നു.
എന്നാൽ, പശ്ചാത്തലവും യോഗ്യതകളും സംബന്ധിച്ച് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീക്ഷയെ പാനലിസ്റ്റായി തെരഞ്ഞെടുത്തതെന്ന് നാസ 'ദ പ്രിൻറിന്' നൽകിയ പ്രസ്താവനയിൽ വിശദീകരിച്ചു. സാധ്യതയുള്ള പാനലിസ്റ്റുകളുടെ പശ്ചാത്തലം പരിശോധിക്കുന്ന പ്രക്രിയ തങ്ങൾ നിലവിൽ അവലോകനം ചെയ്തുവരികയാണെന്നും നാസ വ്യക്തമാക്കി.
Such a nice certificate made on @canva pic.twitter.com/HKE9gCIzLj
— Sanskar Rao🇮🇳 (@SanskarBarot) August 20, 2021
വാർത്താ ഏജൻസിയായ എഎൻഐ ആയിരുന്നു ദീക്ഷ ഷിൻഡെയുടെ നേട്ടത്തെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. വൈകാതെ മറ്റ് മാധ്യമങ്ങളും അതേറ്റെടുത്തിരുന്നു. എന്നാൽ, അമേരിക്കൻ പൗരന്മാർക്ക് മാത്രമേ നാസയ്ക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ അയയ്ക്കാൻ കഴിയൂ എന്നതടക്കം വാർത്തയിലെ ചില പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് ചില വായനക്കാർ തന്നെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.