മിലാൻ: ആദ്യമുണ്ടായത് മുട്ടയാണോ കോഴിയാണോ എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരവുമായി ഗവേഷകർ രംഗത്ത്. പയറുവർഗത്തിൽപെട്ട സസ്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന മാസ്യം ഉപയോഗിച്ച് വെജിറ്റേറിയൻ മുട്ട വിജയകരമായി ഉൽപാദിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഉഡിൻ യൂനിവേഴ്സിറ്റിയിലെ ഗവേഷകർ. വെള്ളയും അതിനുള്ളിലെ മഞ്ഞക്കരുവുമുള്ള മുട്ട യഥാർഥ മുട്ടയോട് കിടപിടിക്കുന്നതാണെന്നാണ് പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്.
പുതിയ ‘സസ്യമുട്ട’യിൽ കൊളസ്ട്രോളിെൻറ ഭീഷണിയില്ലെന്ന് പുതിയ കണ്ടുപിടിത്തത്തെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ യൂനിവേഴ്സിറ്റി വക്താവ് ഫ്രാൻസിസ്ക സുക്കോളോ അവകാശപ്പെട്ടു. കണ്ടുപിടിത്തത്തിനു ശേഷം മുട്ടയിലെ ചേരുവകൾ മാറിമാറി പരീക്ഷിച്ച് യഥാർഥ കോഴിമുട്ടയുടെ രുചിയിലെത്താൻ ഏകദേശം 18 മാസക്കാലത്തെ പരിശ്രമങ്ങൾ ആവശ്യമായി വന്നുവെന്നും അവർ പറഞ്ഞു.
എന്നാൽ, മാസ്യം വേർതിരിച്ചെടുക്കുന്ന സസ്യം ഏതാണെന്ന് സുക്കോളോ വെളിപ്പെടുത്തിയില്ല. സോയബീനിനെപ്പോലുള്ള വസ്തുവിൽനിന്ന് എടുക്കുന്ന മാംസ്യത്തിെൻറ കൂടെ സസ്യ എണ്ണകൾ, കൊഴുപ്പ്, ഉപ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ പ്രത്യേക അനുപാതത്തിൽ ചേർത്താണ് മുട്ടയുടെ രൂപവും രുചിയും നിർമിച്ചിരിക്കുന്നത്. പുഴുങ്ങിയ മുട്ടയോട് വളരെയധികം സാമ്യമുള്ളതാണ് സസ്യമുട്ടയെന്നും അവർ പറഞ്ഞു.
സസ്യമുട്ടയുടെ പാറ്റൻറ് എടുത്തതായും ലോകത്തെ പ്രമുഖ ഭക്ഷ്യവസ്തു നിർമാണ കമ്പനികളുമായി കരാറിലേർപ്പെടുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചുവരുകയാണെന്നും അവർ പറഞ്ഞു. ഏതായാലും ഒാംലെറ്റ് തിന്നാൽ കൊതിയുള്ള വെജിറ്റേറിയന്മാർക്കും കൊളസ്ട്രോളിനെ പേടിച്ച് മുട്ട കഴിക്കാത്ത സസ്യഭുക്കുകൾക്കും ഒരുപോലെ സന്തോഷം പകരുന്ന വാർത്തയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.