സിഡ്നി: ഇന്ത്യയിൽ നേരിട്ട വിലക്കും അതിനെ തുടർന്നുള്ള ഭീമൻ സാമ്പത്തിക നഷ്ടവും അലട്ടുന്ന ചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോകിന് ആസ്ട്രേലിയയിലും ഭീഷണി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആസ്ട്രേലിയൻ സർക്കാരും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ടിക്ടോകിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
സാധ്യമായ വിദേശ ഇടപെടൽ കാരണം ആപ്പ് ഉപയോക്താക്കൾക്ക് എന്തെങ്കിലു വിധത്തിലുള്ള സ്വകാര്യതാ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ടോയെന്നാണ് ഒാസീസ് സർക്കാർ അന്വേഷിക്കുന്നത്. ഇന്ത്യയിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ദിവസങ്ങൾ പിന്നിടവേയാണ് മറ്റൊരു രാജ്യവും ടിക്ടോകിനെതിരെ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. നേരത്തെ അമേരിക്കയും ആപ്പ് നിരോധിക്കുന്നതിന് കോപ്പുകൂട്ടന്നതായുള്ള വാർത്തകൾ വന്നിരുന്നു.
മെൽബണിലുള്ള ഒരു പ്രദേശിക റേഡിയോ സ്റ്റേഷനോട് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ സർക്കാർ രാജ്യത്ത് ടിക്ടോകിെൻറ പ്രവർത്തനം ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ടിക്ടോകിെൻറ കാര്യത്തിൽ ഭരണ കക്ഷിയോടൊപ്പം പ്രതിപക്ഷവും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ടിയാൻമെൻ സ്ക്വയർ, ഹോങ്കോങ് വിഷയം ഉയർത്തി പ്രതിപക്ഷ നേതാക്കളിലൊരാളായ ജെന്നി മകാലിസ്റ്റർ രംഗത്തെത്തിയിരുന്നു.
അതേസമയം, അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിക്ക് പിന്നാലെ ആസ്ഥാനം മാറ്റാനൊരുങ്ങുകയാണ് ടിക്ടോക്. ചൈനയിൽനിന്ന് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നതിെൻറ ചർച്ചകൾ യു.കെ സർക്കാരുമായി പുരോഗമിക്കുന്നതായാണ് വിവരം. ആസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതായും അന്തിമ തീരുമാനമായില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. മറ്റു സ്ഥലങ്ങളും പരിഗണിക്കുന്നുണ്ട്. നേരത്തേ വാൾട്ട് ഡിസ്നിയിൽ നിന്നെത്തിയ കെവിൻ മേയർ സി.ഇ.ഒ ആയി ചുമതലയേറ്റതിന് പിന്നാലെ ബൈറ്റ്ഡാൻസ് അധികാരകേന്ദ്രം മാറ്റുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ടിക്ടോകിെൻറ ഉടമസ്ഥ സ്ഥാപനമാണ് ബൈറ്റ്ഡാൻസ്. കാലിഫോർണിയ മൗണ്ടൻ വ്യൂവിലെ ടിക്ടോകിെൻറ ഗവേഷണ വികസന എൻജിനീയറിങ് പ്രവർത്തനങ്ങൾ വിപുലമാക്കുകയും ചെയ്തിരുന്നു. എന്നാൽ യു.എസിെൻറ ടിക്ടോക്, ചൈനീസ് വിരോധം പ്രവർത്തനങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.