രാജ്യത്ത് ടിക്ടോക് നിരോധിച്ചതിന് പിന്നാലെ എത്രയും പെട്ടന്ന് പകരക്കാരനെ അവതരിപ്പിക്കാനുള്ള നെേട്ടാട്ടത്തിലാണ് ചില കമ്പനികൾ. മിത്രോം, ചിങ്കാരി തുടങ്ങി ചില മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകൾ നിലവിൽ പ്ലേസ്റ്റോറിൽ ഉണ്ടെങ്കിലും യഥാർഥ പകരക്കാരനായി ഇവരെയാരെയും ടിക്ടോക് യൂസർമാർ കണ്ടുതുടങ്ങിയിട്ടില്ല.
ഫേസ്ബുക്കിെൻറ കീഴിലുള്ള ഇമേജ് ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം നേരത്തെ തന്നെ സ്റ്റാറ്റസ് വിഡിയോയായും മറ്റും ടിക്ടോകിന് സമാന രീതിയിലുള്ള വിഡിയോ ഷെയറിങ് സംവിധാനം പരീക്ഷിച്ചിരുന്നു. ദൈർഘ്യമേറിയ വിഡിയോ പോസ്റ്റ് ചെയ്യാനായി െഎ.ജി ടി.വി എന്ന പ്രത്യേക ആപ്പും ഇറക്കിയിരുന്നു. എന്നാൽ, 15 സെക്കൻറുകൾ മാത്രമുള്ള വിഡിയോ പങ്കുവെക്കാനുള്ള പുതിയ ഫീച്ചർ പരീക്ഷിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ടിക്ടോക് പോലെ സംഗീതവും ഫിൽട്ടറുകളും കോർത്തിണക്കി വിഡിയോ ചെയ്യാനുള്ള പുതിയ സംവിധാനത്തിൻറെ പേര് ‘റീൽസ്’ എന്നാണ്.
റീൽസിൽ ഷെയർ ചെയ്യുന്ന വിഡിയോ ഫോളോ ചെയ്യുന്നവർക്ക് മാത്രമായി കാണാനുള്ളതല്ല. ടിക്ടോക് പോലെ തന്നെ അവ പ്ലാറ്റ്ഫോമിലുള്ള എല്ലാവരിലേക്കും പങ്കുവെക്കപ്പെടും. സിനിമകളിലെ ജനപ്രിയ സംഭാഷണങ്ങളും മറ്റും ഉൾപ്പെടുത്തി വിഡിയോ ചെയ്യാനും സാധിക്കും. ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡൻറ് വിശാൽ ഷായാണ് റീൽസ് അവതരിപ്പിച്ച വിവരം പങ്കുവെച്ചത്.
ഇൻസ്റ്റയിലുള്ള വിഡിയോകളിൽ 45 ശതമാനവും 15 സെക്കൻറിന് താഴെയുള്ളതാണ്. സ്റ്റോറികളിൽ മാത്രമായി വിഡിയോ ഒതുക്കാൻ ഞങ്ങളുടെ യൂസർമാർ ആഗ്രഹിക്കുന്നില്ല. അവ ദീർഘകാലത്തേക്ക് അവരുടെ പ്രൊഫൈലിൽ നിലനിൽക്കണമെന്നും ഫോളോ ചെയ്യാത്തവരിലേക്കും എത്തണമെന്നും അവർ ആഗ്രഹിക്കുന്നുണ്ട്. ഇത് മനസിലാക്കിയതോടെയാണ് റീൽസ് എന്ന ഫീച്ചർ അവതരിപ്പിക്കാൻ ഞങ്ങൾ തയാറായത്. -വിശാൽ ഷാ വിഡിയോ കോൺഫറൻസിങ്ങിലൂടെ അറിയിച്ചു.
ബ്രസീൽ,ജർമനി,ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും റീൽസ് ഇന്ന് 7.30 മുതൽ പരീക്ഷിച്ച് തുടങ്ങും. ആപ്പിൽ മികച്ച സംഗീത ശേഖരം ഒരുക്കാനായി പ്രമുഖ മ്യൂസിക് ലേബൽസുമായി ഇൻസ്റ്റഗ്രാം ഡീലുണ്ടാക്കിയിട്ടുമുണ്ട്. പ്രമുഖ ടിക്ടോക്, യൂട്യൂബ്, സിനിമ സെലിബ്രിറ്റികളെയാണ് ജനപ്രീതിയേകാനായി ഫേസ്ബുക്ക് റീൽസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിൽ എന്നാണ് ഒൗദ്യോഗികമായി ലോഞ്ച് ചെയ്യുക എന്ന് ഇതുവരെ ഫേസ്ബുക്ക് അധികൃതർ പുറത്തുവിട്ടിട്ടില്ല.
റീൽസ് ഉപയോഗിക്കുന്നത് എങ്ങനെ ??
ഇൻസ്റ്റഗ്രാം ആപ്പിലെ കാമറ െഎക്കൺ തന്നെയാണ് റീൽസിലേക്കുള്ള വാതിൽ തുറക്കുന്നത്. നേരത്തെ അവതരിപ്പിച്ച ബൂമറാങ് എന്ന സംവിധാനത്തിനൊപ്പമായിരിക്കും റീൽസിനും സ്ഥാനം.
കാമറയിൽ ക്ലിക് ചെയ്ത് റീൽസ് സെലക്ട് ചെയ്താൽ 15 സെക്കൻറുകളുള്ള വിഡിയോ ചെയ്ത് തുടങ്ങാം. അതിലേക്ക് കണ്ണഞ്ചിപ്പിക്കുന്ന എഫക്ടുകൾ നൽകാനും സംഗീതം ചേർക്കാനും സംവിധാനമുണ്ടാകും. കൂടെ സ്പീഡ്, ടൈമർ എന്നീ സെക്ഷനുകളും നൽകിയിട്ടുണ്ട്. സ്വന്തം ശബ്ദം ഉപയോഗിച്ചും വിഡിയോ റെക്കോർഡ് ചെയ്യാം.
വിഡിയോ തയാറാക്കിയതിന് ശേഷം ആരൊക്കെ അത് കാണണം എന്ന് യൂസേഴ്സിന് തെരഞ്ഞെടുക്കാവുന്നതാണ്. ഇൻസ്റ്റഗ്രാം സ്റ്റോറി ഫോളോ ചെയ്യുന്നവർക്ക് മാത്രമേ കാണാൻ സാധിക്കുമായിരുന്നുള്ളൂ. അതേസമയം, റീൽസ് ‘എക്സ്പ്ലോർ സെക്ഷനിലേക്ക്’ ഷെയർ ചെയ്താൽ പ്ലാറ്റ്ഫോമിലുള്ള എല്ലാവർക്കും കാണാനും ലൈക് ചെയ്യാനും കമൻറ് ചെയ്യാനും കഴിയും.
ഒരേ സമയം 15 സെക്കൻറുകൾ ഉള്ള നിരവധി റീൽസ് യൂസർമാർക്ക് ഷൂട്ട് ചെയ്ത് പങ്കുവെക്കാൻ സാധിക്കും. ഒാരോന്നിനും വ്യത്യസ്ത എഫക്ടുകളും നൽകി മനോഹരമാക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.