‘തോറ്റ പ്രധാനമന്ത്രി’... ടിക്ടോക് നിരോധിച്ചെങ്കിലും ആരും ഇൗ ഹാഷ്ടാഗ് മറന്നിട്ടുണ്ടാകില്ല. കുറഞ്ഞകാലംകൊണ്ട് വല്ലാത്ത ട്രെൻഡിങ്. 1.6 ബില്യണാണ് ഇൗ ഹാഷ്ടാഗ് വിഡിയോകൾക്ക് കാഴ്ചക്കാർ. എറണാകുളം കലൂർ സ്വദേശി യു.എസ്. ആഷിൻ എന്ന 34കാരനാണ് ഇൗ ഹാഷ്ടാഗിന് പിന്നിലെ ബുദ്ധികേന്ദ്രം. അത് വെറുതെയങ്ങ് നൽകിയതല്ല. സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിച്ച് തോറ്റപ്പോൾ സുഹൃത്തുക്കൾ ചാർത്തിക്കൊടുത്തതാണ് ‘തോറ്റ പ്രധാനമന്ത്രി’ പട്ടം.
സംരംഭകത്വത്തിലൂടെ വികസിത ഇന്ത്യ
ഡിജിറ്റൽ ബ്രാൻഡിങ്ങിലൂടെ സംരംഭകരെ സഹായിക്കുന്ന ഏജൻസിയായ ബി.സി.ടു.എ.ഡി ഹൈപ്പർലിങ്ക് ലിമിറ്റഡിെൻറ ബോർഡ് മെംബറാണ് ആഷിൻ. ഇന്ത്യൻ ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും സംരംഭകരായാൽ രാജ്യം സ്വയംപര്യാപ്തമാകും എന്നാണ് ആഷിെൻറ വിശ്വാസം. അതിനുവേണ്ടി ‘1 crorestartups’ എന്ന കാമ്പയിൻ 2011 മുതൽ തുടങ്ങി. ഡൽഹിയും കൊച്ചിയും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സംരംഭകത്വത്തിലൂടെ വികസിത ഇന്ത്യ എന്ന ആശയം പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ അടുത്തെത്തിക്കാനാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.
ഇന്ത്യയെ വികസിതമാക്കാൻ 64 കാര്യങ്ങൾ അടങ്ങിയ പ്രകടന പത്രികയും ഇദ്ദേഹം തയാറാക്കി. വാരാണസിയിലും അമേത്തിയിലും മത്സരിക്കാൻ തീരുമാനിച്ചു. അമേത്തിയിലെ നോമിനേഷൻ തള്ളി. എന്നാൽ, വാരാണസിയിൽ പത്രിക സമർപ്പിച്ച 119 പേരിൽ മത്സരിച്ച 27 സ്ഥാനാർഥികളിൽ ഒരാളായി.
ആറു മാസം യു.പി യാത്ര
തെരഞ്ഞെടുപ്പിെൻറ ഭാഗമായി ആറു മാസത്തോളം ഉത്തർപ്രദേശിൽ പലതവണകളായി സന്ദർശിച്ചു. അമേത്തിയിൽ പത്രിക തള്ളിയപ്പോൾ ആ രാത്രി തന്നെ വാരാണസിക്ക് ബസ് കയറി. ഏകദേശം അമ്പതോളം പേർ പത്രികസമർപ്പിക്കാനും പ്രചാരണ ദിവസങ്ങളിലും കൂടെ ഉണ്ടായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ 504 വോട്ടുകൾ ഇൗ മലയാളിക്ക് ഉത്തർപ്രദേശുകാർ നൽകിയിരുന്നു. അതിന് അഞ്ച് ലക്ഷം വോട്ടിെൻറ വിലയാണ് ആഷിെൻറ മനസ്സിൽ.
വാരാണസി തന്ന പാഠങ്ങൾ
വാരാണസിയും അമേത്തിയും ഒരുപാട് ജീവിത സത്യങ്ങൾ തുറന്നുകാട്ടി. മനുഷ്യൻ ഏറ്റവും അടിസ്ഥാനമായ ആവശ്യങ്ങൾക്കുപോലും ബുദ്ധിമുട്ടുന്നു. രാഷ്ട്രീയത്തിനതീതമായി മനുഷ്യത്വത്തിനും സ്വയം പര്യാപ്തതക്കുമായി നേതൃത്വം വേണമെന്ന ആവശ്യകതയാണ് തെരഞ്ഞെടുപ്പ് കാലം നൽകിയ ഏറ്റവും വലിയ പാഠം. തെൻറ മാനിഫെസ്റ്റോ പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചില്ലെങ്കിലും വികസിത ഇന്ത്യ എന്ന ലക്ഷ്യം സഫലീകരിക്കാൻ രാഷ്ട്രീയത്തിൽ സജീവമാകാൻ തന്നെയാണ് തീരുമാനം.
രാഷ്ട്രീയത്തിനതീതമായി തോറ്റപ്രധാനമന്ത്രിയുടെ അംബാസഡർമാരിലൂടെയാണ് ആഷിൻ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 14 ജില്ലകളിലെയും വാർഡുകളിൽനിന്ന് മികച്ച പത്തുപേരെ ക്രിയാത്മകമായി തെരഞ്ഞെടുത്ത് അതിൽനിന്ന് ഒരാളെ വീതം വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായോ പാർട്ടിയുടെ സ്ഥാനാർത്ഥിയായോ മത്സരിപ്പിക്കും. മാറ്റംഎന്നിലൂടെ എന്ന ഹാഷ്ടഗിൽ വിഡിയോകളായി സമൂഹമാധ്യമങ്ങൾ വഴിയായിരിക്കും മുഖ്യപ്രചാരണം. ഡിജിറ്റൽ മീഡിയയിൽ 12 വർഷത്തെ അനുഭവസമ്പത്തുണ്ട് ആഷിനുണ്ട്. ഏതൊരു ആശയത്തെയും കൂടുതൽ ആളുകളിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന വിശ്വാസവുമുണ്ട്. ആ മാർഗങ്ങളിലൂടെ പഞ്ചായത്തു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് ശ്രമം.
ടിക്ടോക്കിലേക്ക്
2013 മുതൽ ഗൂഗ്ളിെൻറ സർട്ടിഫൈഡ് അഡ്വർടൈസ്മെൻറ് പ്രഫഷനലാണ് ആഷിൻ. സമൂഹ മാധ്യമങ്ങളെ ബിസിനസ് പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന സേവനങ്ങളാണ് ഇദ്ദേഹം ചെയ്യുന്നത്. ലോക്ഡൗൺ കാലത്താണ് ടിക്ടോക്കിൽ വിഡിയോ ചെയ്യാൻ തുടങ്ങുന്നത്. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് നടന്ന സംരംഭക സംഗമത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽനിന്ന് വന്നിട്ട് പിന്നെ തിരിച്ചുപോകാനായില്ല.
വരുന്നു ഹാഷ്ടാഗ് വിപ്ലവം
ഭാവിയിൽ ഏറെ പ്രതീക്ഷകൾ നൽകുന്ന വിപ്ലവമാണ് ഹാഷ്ടാഗ് ആക്ടിവിസം. ഗൂഗ്ൾ, യാഹൂ പോലുള്ള സെർച് എൻജിനുകൾ യഥാർഥ വിവരങ്ങൾക്കായി ഹാഷ്ടാഗുകളെ ആധാരമാക്കുന്നുണ്ട്. #metoo കാമ്പയിനെല്ലാം സൃഷ്ടിച്ച വിപ്ലവം ചില്ലറയല്ല. ‘തോറ്റ പ്രധാനമന്ത്രി’ എന്ന ഹാഷ്ടാഗിൽ ആഷിൻ മാത്രം 1700ഓളം വിഡിയോകൾ ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ വിഡിയോക്ക് ഇൗ ഹാഷ്ടാഗ് ഉപയോഗിച്ചു. അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന കലാകാരന്മാരെ പിന്തുണച്ചും ചില പ്രശ്നങ്ങൾ ഉയർത്തിയും ഡ്യുവറ്റ് വിഡിയോകളാണ് ആഷിൻ ടിക്ടോക്കിൽ കൂടുതലും ചെയ്തത്. ട്രോളുകളും റിയാക്ഷൻ വിഡിയോകളും ഇേതാടൊപ്പം ചെയ്യാറുണ്ട്. ‘follow my followers’ എന്ന കാമ്പയിനും ആരംഭിച്ചിരുന്നു.
ചേർത്തുപിടിക്കാം സമൂഹ മാധ്യമങ്ങളെ
ടിക്ടോക്കിനെ വീണ്ടും നിരോധിച്ചു. എന്നാൽ, ടിക്ടോക് മാത്രമായി നിരോധിക്കരുതെന്നും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന എല്ലാ ആപ്പുകളും നിരോധിക്കണമെന്നുമാണ് ഇദ്ദേഹത്തിെൻറ അഭിപ്രായം. സമൂഹത്തിലെ പ്രശ്നങ്ങൾ അറിയിക്കാനും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്താനുമായി മൊബൈൽ ആപ് തയാറാക്കുന്നതിെൻറ ശ്രമങ്ങളും നടക്കുന്നുണ്ട്. ബി.സി.ടു.എ.ഡി ഹൈപ്പർലിങ്ക് ലിമിറ്റഡിെൻറ ബോർഡ് മെംബർ കൂടാതെ അഞ്ചോളം കമ്പനികളിലും അംഗമാണ് ആഷിൻ.
ഭാര്യ അശ്വതി ബി.ടെക് ബിരുദധാരി. ഇപ്പോൾ യുനൈറ്റഡ് നേഷൻസ് ഗ്ലോബൽ കോംപാക്ട് നെറ്റ്വർക്ക് ഇന്ത്യയിൽ മെംബററായുള്ള വേൾഡ് സേഫ്റ്റി ഫോറം (ഫയർ ആൻഡ് സേഫ്റ്റി ഫോറം) ചീഫ് എക്സിക്യൂട്ടിവായി ജോലി ചെയ്യുന്നു. മകൻ ആയൂഖ് നാലാം ക്ലാസ് വിദ്യാർഥി. പിതാവ് യു.വി. സുധൻ സതേൺ െറയിൽവേയിൽ എൻജിനീയറായിരുന്നു. മാതാവ് കെ.ആർ. ബേബി റിട്ട. ഹൈസ്കൂൾ അധ്യാപിക. സഹോദരി അഷീന ഐ.ഡി.ബി.ഐ ബാങ്കിൽ മാനേജർ. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനടക്കമുള്ള പ്രവർത്തനങ്ങൾക്ക് കുടുംബത്തിെൻറ പൂർണ പിന്തുണയാണുള്ളത്.
യാത്രകൾ ആഷിെൻറ മറ്റൊരു ഇഷ്ടമേഖലയാണ്. യാത്ര ചെയ്യുമ്പോൾ പുതിയ ആളുകളെയും സംസ്കാരങ്ങളെയും അടുത്ത് മനസിലാക്കാൻ കഴിയും. ഇന്ത്യയിൽ അരുണാചൽ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ഇനി ഐക്യരാഷ്ട്ര സഭയിൽ അംഗമായിട്ടുള്ള 193 രാജ്യങ്ങളും സന്ദർശിക്കണമെന്നാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.