ന്യൂയോർക്: വിവരച്ചോർച്ചയും മറ്റ് സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നും നിരോധിച്ചതിന് പിന്നാലെ സുപ്രധാന നീക്കവുമായി ചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്. ആപ്പിലൂടെ ഉപയോക്താക്കൾക്ക് വരുമാനം ലഭ്യമാക്കാനായി 200 മില്യൺ അമേരിക്കൻ ഡോളറാണ് ബൈറ്റ് ഡാൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ടിക്ടോക് ക്രിയേറ്റർ ഫണ്ട്’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ റിവാർഡ് പ്രോഗ്രാമിലൂടെയാണ് ഉപയോക്താക്കൾക്ക് വരുമാനം ലഭിക്കുക. എന്നാൽ, പണം ലഭിക്കാൻ ചില യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരുമെന്ന് മാത്രം.
ആപ്പ് ഉപയോഗിക്കുന്നയാൾ 18 വയസ്സ് തികഞ്ഞിരിക്കണം. ടിക്ടോകിെൻറ മാർഗ നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ഒറിജിനൽ ഉള്ളടക്കം പോസ്റ്റ് ചെയ്യണം. കൂടാതെ കമ്പനി പറയുന്ന അത്രയും ആളുകൾ ഫോളോ ചെയ്യുന്ന അക്കൗണ്ടും ആയിരിക്കണം. -എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ. അതേസമയം നിലവിൽ അമേരിക്കയിലുള്ള ടിക്ടോക് യൂസർമാർക്ക് മാത്രമായിട്ടാണ് ബൈറ്റ് ഡാൻസ് ടിക്കോട് ക്രിയേറ്റർ ഫണ്ട് അവതരിപ്പിക്കുന്നത്. അടുത്ത മാസം മുതലായിരിക്കും ആരംഭിക്കുക. അമേരിക്കയിൽ വിലക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ടിക്ടോക്കിെൻറ ശ്രദ്ധേയമായ പ്രഖ്യാപനം.
പ്ലാറ്റ്ഫോമിൽ പ്രചോദനാത്മ വിഡിയോകൾ തയാറാക്കി പോസ്റ്റുചെയ്യുന്ന മികച്ച ഉള്ളടക്ക നിർമാതാക്കൾക്കുള്ള പ്രതിഫലമാണ് ക്രിയേറ്റർ ഫണ്ടെന്ന് ടിക്ടോക് അറിയിച്ചു. ആപ്പിനെ ക്രിയാത്മകമായി സമീപിച്ച് ആരാധകർക്ക് ആനന്ദവും പ്രചോദനവും നൽകുന്നവർക്കുള്ള വരുമാന മാർഗമായിരിക്കും ഇതെന്നും യൂസർമാർക്ക് വേണ്ടി ഇനിയും കൂടുതൽ പദ്ധതികളുമായി മുന്നോട്ട് വരുമെന്നും ടിക്ടോക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
നിലവിൽ ഇന്ത്യയിൽ പൂർണ്ണമായി നിരോധിക്കപ്പെട്ട ടിക്ടോക് അമേരിക്കയിലും ആസ്ട്രേലിയയിലും നിരോധനത്തിെൻറ വക്കിലാണ്. ചൈനീസ് ആപ്പെന്ന പേരിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ തങ്ങളുടെ ആപ്പിനെ പൂർണ്ണമായും പറിച്ചുനടാനുള്ള ശ്രമവും ബൈറ്റ് ഡാൻസ് ആരംഭിച്ചിട്ടുണ്ട്. ലണ്ടനാണ് അവർ അടുത്ത തട്ടകമായി ഇപ്പോൾ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.