ഹജ്ജിന് ഇന്ത്യയിൽനിന്നും 79,237 തീര്‍ഥാടകര്‍ക്ക് അവസരം

ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് ഇന്ത്യയിൽനിന്നും 79,237 തീര്‍ഥാടകർക്ക് അവസരമെന്ന് സൂചന. ഇതുസംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയത്തില്‍നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് അറിയിപ്പ് ലഭിച്ചതായാണ് വിവരം. ഇന്ത്യൻ ഹജ്ജ് മിഷൻ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷത്തെ ഹജ്ജിന് വിദേശ തീര്‍ഥാടകർക്ക് വിലക്കായിയിരുന്നു. ഈ വർഷം നിയന്ത്രണങ്ങളോടെ രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 10 ലക്ഷം പേർക്ക് അവസരമുണ്ടാവും. ഇതിൽ എട്ടര ലക്ഷം വിദേശികളായിരിക്കും. ഇതനുസരിച്ചാണ് ഓരോ രാജ്യത്തിനുമുള്ള ക്വോട്ട. ഇന്ത്യക്ക് പുറമെ ഏഷ്യൻ രാജ്യങ്ങളായ പാകിസ്താനിൽനിന്നും 81,132, ബംഗ്ലാദേശിൽനിന്ന് 57,856, അഫ്‌ഗാനിസ്താനിൽനിന്ന് 13,552, ശ്രീലങ്കയിൽനിന്ന് 1585 പേർക്കുമാണ് അവസരം.

മറ്റു രാജ്യങ്ങളുടെ ക്വോട്ടയും വരും ദിവസങ്ങളിൽ പുറത്തുവരും. ഫെബ്രുവരി 15ന് ആയിരുന്നു ഇന്ത്യയിൽ ഈ വർഷം ഹജ്ജിനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ലക്ഷത്തിൽ താഴെ അപേക്ഷയാണ് (97,133) കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. സൂക്ഷ്മപരിശോധനക്കുശേഷം ഇതിൽ 92,381 അപേക്ഷ സ്വീകരിച്ചു. ഇതിൽ 1900 സ്ത്രീകൾ മഹ്‌റമില്ലാതെ (പുരുഷ രക്ഷിതാവില്ലാതെ) ഹജ്ജ് നിർവഹിക്കാൻ അപേക്ഷ നൽകിയവരാണ്. കേരളത്തിൽ നിന്നാണ് കൂടുതൽ അപേക്ഷകർ, 12,746. ജമ്മു-കശ്മീരിൽനിന്ന് 11692, മഹാരാഷ്ട്ര -9975, ഉത്തർപ്രദേശ് -9775, പശ്ചിമ ബംഗാൾ -7460, തെലങ്കാന -4374, മധ്യപ്രദേശ് -3620, കർണാടക -4563, അസം -4206, ബിഹാർ -2800, ഡൽഹി -1704 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷ. 39 എണ്ണം മാത്രമുള്ള ഹിമാചൽപ്രദേശിൽനിന്നാണ് കുറഞ്ഞ അപേക്ഷകർ.

സാധാരണ സാഹചര്യങ്ങളിൽ ഇന്ത്യൻ തീർഥാടകർക്കുള്ള ക്വോട്ട ഏകദേശം 1.45 ലക്ഷം ആയിരുന്നു. വർഷംതോറും 2.45 ലക്ഷം അപേക്ഷ ലഭിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകർക്ക് നിയന്ത്രണമുണ്ട്. 65 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമാണ് അനുമതി. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ ഡോസ് പൂർത്തിയാക്കണം. വിദേശതീര്‍ഥാടകർ സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ജൂലൈ എട്ടു മുതൽ 12 വരെയാണ് ഈ വർഷത്തെ ഹജ്ജ്. 

Tags:    
News Summary - 79,237 pilgrims from India to perform Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.