ന്യൂഡൽഹി: അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷണൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതോടെയാണ് പ്രവർത്തനം നിർത്തിയത്.
സംഘടനക്കു നേരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് നേരത്തെ തന്നെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. ഈ മാസം പത്തിന് സംഘടനയുടെ അക്കൗണ്ടുകൾ പൂർണമായും മരിവിപ്പിച്ചു. വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന വിവിധ അന്വേഷണങ്ങളും നേരിടുന്നുണ്ട്.
ആംനസ്റ്റി ഇൻറർനാഷണൽ അനധികൃതമായി ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും 'ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൺ ആക്റ്റ്' പ്രകാരം സംഘടന ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് സർക്കാർ വാദം.
നേരത്തെ, ആംനസ്റ്റി സ്വീകരിക്കുന്ന പല ഫണ്ടുകൾക്കും കൃത്യമായ കണക്കും ഉറവിടവും ഇല്ലെന്ന് കാണിച്ച് എൻഫേഴ്സ്മെൻറ് ഡയരക്ടറേറ്റ് (ഇ.ഡി) കേസെടുത്തിരുന്നു.
വിദേശ ഫണ്ട് സ്വീകരിക്കാനാവാതെ ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് സംഘടന മേധാവികൾ അറിയിച്ചു. തങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പ്രവർത്തനം അവസാനിപ്പിക്കണമെന്നും അവർ നിർദേശം നൽകി. നിരവധി വിഷയങ്ങളിൽ ആംനസ്റ്റി നടത്തുന്ന വിവിധ ഗവേഷണങ്ങളും ഇതോെട അവസാനിക്കും.
കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിലാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പാസാക്കിയത്. ഇതോടെ വിദേശത്തു നിന്നുംഫണ്ട് സ്വീകരിച്ച് പ്രവർത്തിക്കുന്ന സംഘടനകൾക്കും എൻ.ജി.ഒകളും കടുത്ത പ്രതിസന്ധി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.