ബംഗളൂരു: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കാമുകിക്ക് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് കോടികൾ മറിച്ചുനൽകിയ മാനേജർ പിടിയിൽ. ബംഗളൂരു ഹനുമന്തനഗറിലുള്ള ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജർ ഹരി ശങ്കറാണ് പിടിയിലായത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഹരി ശങ്കറിനൊപ്പം അസി. മാനേജർ കൗസല്യ ജെറായി, ക്ലർക്ക് മുനിരാജു എന്നിവർക്കും സംഭവത്തിൽ പങ്കുള്ളതായാണ് സംശയം. മേയ് 13നും 19നുമിടയിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ.
സൈബർ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായെന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാൾ മൊഴി നൽകിയത്. ചിലരുടെ പ്രലോഭനത്തിൽ വീണ് ഡേറ്റിങ് ആപ്പ് ഉപയോഗിച്ചപ്പോൾ പണം തട്ടുകയായിരുന്നുവത്രെ. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പൊലീസ് പറയുന്നതിങ്ങനെ: ഒരു സ്ത്രീ 1.3 കോടി രൂപ സ്ഥിര നിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ച് ഇതിന് 75 ലക്ഷം രൂപ വായ്പ ആവശ്യപ്പെടുന്നു. ഇതിനാവശ്യമായ രേഖകളും ഇവർ സമർപിച്ചു. എന്നാൽ, ഈ രേഖകൾ ദുരുപയോഗം ചെയ്ത ബാങ്ക് മാനേജർ ഇത് ഉപയോഗിച്ച് 5.7 കോടി രൂപ വക മാറ്റുകയായിരുന്നു. ബാങ്ക് നടത്തിയ ഇന്റേണൽ ഓഡിറ്റിൽ തുക വകമാറ്റിയത് പശ്ചിമ ബംഗാൾ, കർണാടക സംസ്ഥാനങ്ങളിലെ 28 ബാങ്കുകളിലേക്കാണെന്ന് കണ്ടെത്തി. തട്ടിപ്പ് നടത്താൻ രണ്ട് ജീവനക്കാരെ മാനേജർ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹരി ശങ്കറിന്റെ സ്വന്തം പേരിലുള്ള 12.3 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. നഷ്ടമായ തുകയിൽ ഏഴു ലക്ഷം രൂപ മാത്രമാണ് ബാങ്കിന് മരവിപ്പിക്കാനായത്.
ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട സംഘത്തിനാണ് പണം നഷ്ടമായതെന്നാണ് ശങ്കർ പറയുന്നതെങ്കിലും അന്വേഷണം പൂർത്തിയായ ശേഷമേ കൃത്യത വരൂ എന്ന നിലപാടിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.