ഹോളി ബൗൾസും സുഹൃത്ത് ബിയാങ്ക ജോണും


വിഷമദ്യം കഴിച്ച് ലാവോസിൽ ആറാമത്തെ വിനോദ സഞ്ചാരിയും മരിച്ചു

ലാവോസ്: രണ്ടാമത്തെ ആസ്ട്രേലിയൻ പെൺകുട്ടിയും മരിച്ചതോടെ ലാവോസിൽ വിഷ മദ്യം കഴിച്ച് മരിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ആറായി. 19കാരിയായ ഹോളി ബൗൾസി​ന്‍റെ കുടുംബം തകർന്ന ഹൃദയങ്ങളോടെ അവളുടെ മരണം സ്ഥിരീകരിച്ചു.

ടൂറിസ്റ്റ് പട്ടണമായ വാങ് വിയാങിൽ ഒരാഴ്ചയിലേറെയായി രോഗബാധിതയായിരുന്നു ഹോളി ബൗൾസ്. പെൺകുട്ടിയുടെ സുഹൃത്ത് ബിയാങ്ക ജോൺസ്(19), ലണ്ടനിൽ നിന്നുള്ള അഭിഭാഷകൻ സിമോൺ വൈറ്റ് (28) എന്നിവരുടെ മരണം വ്യാഴാഴ്ച സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. ബൂട്ട്‌ലെഗ് മദ്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിഷബാധക്ക് ഇരയായവരിൽ പേരു വെളിപ്പെടുത്താത്ത ഒരു യു.എസ് പുരുഷനും 19 ഉം 20 ഉം വയസ്സുള്ള രണ്ട് ഡാനിഷ് സ്ത്രീകളും ഉൾപ്പെടുന്നു.

തെക്കു കിഴക്കൻ ഏഷ്യയിൽ പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവിശ്വസനീയമായ അനുഭവങ്ങൾ ആസ്വദിക്കുകയും ചെയ്തുകൊണ്ട് ​ഹോളി ഏറ്റവും മികച്ച ജീവിതം നയിച്ചതായി കുടുംബം കൂട്ടിച്ചേർത്തു. ഹോളി ബൗൾസി​ന്‍റെ ദാരുണമായ വിയോഗത്തിൽ എല്ലാ ആസ്‌ട്രേലിയക്കാരും വേദനിക്കുന്നുവെന്ന് ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ഹോളിയും ബിയാൻകയും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അസുഖം ബാധിച്ചത്.

വിനോദസഞ്ചാരികൾ മെഥനോൾ ചേർത്ത മദ്യം കഴിച്ചിരിക്കാമെന്ന് വാർത്താ റിപ്പോർട്ടുകളും സാക്ഷ്യങ്ങളും സൂചിപ്പിക്കുന്നു. ബൂട്ട്‌ലെഗ് മദ്യത്തിൽ പലപ്പോഴും കാണപ്പെടുന്ന മാരകമായ പദാർതഥമാണ് മെഥനോൾ. ആസ്‌ട്രേലിയൻ കൗമാരക്കാർ താമസിച്ചിരുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസവും 100 ഓളം അതിഥികൾക്ക് സൗജന്യമായി മദ്യം നൽകിയതായി പറയുന്നു. എന്നാൽ മറ്റാർക്കും അസുഖം വന്നിട്ടില്ലെന്ന് ഹോട്ടൽ മാനേജർ പ്രതികരിച്ചു. ഹോട്ടൽ മാനേജറെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിഷം ഉള്ളിൽചെന്ന് രോഗം ബാധിച്ചവരോ മരിച്ചവരോ എത്രപേരുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല. ഇരകൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 24 മണിക്കൂർ വരെ എടുത്തേക്കാം.

Tags:    
News Summary - Sixth foreign tourist dies of suspected methanol poisoning in Laos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.