വടകര: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറെ വിവാദത്തിന് വഴിവെച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ കർശന നിർദേശവുമായി കോടതി. കേസ് ഡയറി ഇന്നുതന്നെ ഹാജരാക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പൊലീസിന് നിർദേശം നൽകി. നിർദേശത്തിന് പിന്നാലെ വൈകിട്ട് വിവരങ്ങൾ ഹാജരാക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണ പുരോഗതി, ഫോറൻസിക് പരിശോധനാ ഫലം സംബന്ധിച്ച നിലവിലെ സ്ഥിതി എന്നിവ കോടതിയിൽ സമർപ്പിക്കാൻ പൊലീസിനോട് നിർദേശിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കാഫിർ സ്ക്രീൻ ഷോട്ട് ആരാണ് പ്രചരിപ്പിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ട എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം ഹൈകോടതിയെ സമീപിച്ചു. എന്നാൽ, മജിസ്ട്രേട്ട് കോടതിയെ സമീപിക്കാൻ ഹൈകോടതി നിർദേശം നൽകി. ഇതേതുടർന്ന് കാസിം അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്.
ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെയും മുഹമ്മദ് കാസിമിന്‍റെയും ഫോൺ പിടിച്ചെടുത്ത പൊലീസ് ഇവ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. എന്നാൽ, ഇതുവരെ പരിശോധനാഫലം ലഭിച്ചിട്ടില്ല.
സി.പി.എമ്മിനായി സൈബർ രംഗത്ത് പ്രവർത്തിക്കുന്നവരാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവിലെത്തി നിൽക്കുന്നതും പരസ്യമായതോടെ പാർട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. അതിനിടെ, സി.പി.എം പാർട്ടിതലത്തിൽ സമാന്തരമായി നടത്തിയ അന്വേഷണത്തിൽ ‘സൈബർ പോരാളി’കൾക്കുള്ള പങ്ക് കണ്ടെത്തിയിരുന്നു.
തുടർന്നാണ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ‘പോരാളി ഷാജി’ അടക്കമുള്ള ഫേസ്ബുക് പേജുകളെ നേരത്തെതന്നെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്. പോരാളി ഷാജിയിൽ ഇടതു വിരുദ്ധതയാണ് കൂടുതലെന്നായിരുന്നു ജൂൺ 13ന് അദ്ദേഹം വാർത്തസമ്മേളനം നടത്തി വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.