കോഴിക്കോട്: ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും മാർഗരേഖകൾ പാലിക്കാതെ കോവിഡ് മൃതദേഹങ്ങളോട് അമിത ഭയം. അവസാനമായി ഒരു നോക്ക് കാണാനാകാതെ ഉറ്റവർ വിടപറയുന്നത് ബന്ധുക്കൾക്ക് ഇരട്ടി ദുഃഖമാകുന്നു. ജീവിച്ചിരിക്കുന്നവരിൽനിന്ന് മാത്രമേ രോഗം പകരൂ എന്ന് വിദഗ്ധ ഡോക്ടർമാരടക്കം സാക്ഷ്യപ്പെടുത്തുമ്പോഴും കോവിഡ് മൃതദേഹങ്ങളോടുള്ള അനാദരവ് തുടരുകയാണ്.
എബോളയും നിപയും ബാധിച്ച് മരിച്ചവർക്കുള്ള പ്രോട്ടോകോളാണ് പല കാര്യങ്ങളിലും കോവിഡിലും പിന്തുടരുന്നത്. കോവിഡിൽ മരിച്ചവരെ എബോള പ്രോട്ടോകോളിൽ സംസ്കരിക്കേണ്ടതില്ല. ശ്വാസത്തിലൂടെയും സംസാരിക്കുമ്പോഴും പടരുന്ന കോവിഡ് രോഗം മരിച്ച വ്യക്തിയിൽനിന്ന് പകരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മൂക്ക്, വായ അടക്കമുള്ള മുഴുവൻ ദ്വാരങ്ങളും അണുവിമുക്തമാക്കി അടച്ച് മൃതദേഹങ്ങൾ പാക്ക് ചെയ്യുന്നതിനാൽ പകരാനുള്ള സാധ്യത ഇല്ലാതാകും. സംസ്കരിക്കുന്ന സ്ഥലത്തുവെച്ച് മൃതദേഹങ്ങളുടെ മുഖം ഉറ്റബന്ധുക്കൾക്ക് കാണിക്കാമെന്നാണ് 2020 മാർച്ച് 15ന് ഇറങ്ങിയ കേന്ദ്ര സർക്കാറിെൻറ മാർഗനിർദേശത്തിലുള്ളത്. മൃതദേഹത്തിൽ തൊടാതെയുള്ള ആചാരങ്ങൾ നടത്താനും അനുമതിയുണ്ട്. മത ഗ്രന്ഥങ്ങളിലെ വരികൾ വായിക്കൽ, വെള്ളം തളിക്കൽ എന്നിവ നടത്താം. അതേസമയം, കുളിപ്പിക്കാനോ കെട്ടിപ്പിടിക്കാനോ അന്ത്യചുംബനമർപ്പിക്കാനോ പാടില്ലെന്ന് കർശന നിർദേശമുണ്ട്. 2020 നവംബർ 24 ന് ഇറങ്ങിയ സംസ്ഥാന സർക്കാറിെൻറ ഉത്തരവിലും കേന്ദ്ര മാർഗനിർദേശമാണ് പിന്തുടരുന്നത്.
കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങളുടെ മുഖം ഉറ്റവർക്ക് കാണിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെയും മാർഗരേഖയെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വകുപ്പ് അഡീഷനൽ പ്രഫസർ ഡോ.ടി ജയകൃഷ്ണൻ പറഞ്ഞു. മരിച്ചവരിൽനിന്ന് രോഗം പകരില്ല. കൂടിച്ചേരൽ കുറച്ച് രോഗബാധ തടയാനാണ് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിബന്ധന വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡപ്രകാരം 20 പേർമാത്രം സാമൂഹിക അകലം പാലിച്ച് ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മൃതദേഹത്തിെൻറ മുഖം കാണിക്കാവുന്നതേയുള്ളൂ. കോവിഡ് പോസിറ്റിവായ ബന്ധുക്കളെ പോലും കാണിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് സംസ്ഥാനത്ത് വ്യാപകമാകുകയാണ്. ഇത്തരം സംഭവങ്ങളുണ്ടാക്കുന്ന മാനസികാഘാതം അധികൃതർ പരിഗണിക്കുന്നില്ല. നിലവിൽ കാർക്കശ്യം തുടരുന്നതിനാൽ ബന്ധുക്കൾ കോവിഡ് മൃതദേഹങ്ങൾ ഏറ്റെടുക്കാത്ത സംഭവങ്ങളും ഏറിവരുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ മേധാവിക്കുമാണ് സംസ്കരിക്കാനുള്ള ചുമതല. മരിച്ചവരുടെ ഉറ്റവരോടടക്കം സമൂഹത്തിലുണ്ടാകുന്ന മനോഭാവം മാറണമെങ്കിൽ കോവിഡ് മൃതദേഹങ്ങേളാടുള്ള പേടി ഇല്ലാതാകണമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.