മരണം കൂടുന്നു; സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഏഴ്​ മരണം കൂടി

തിരുവനന്തപുരം: കോവിഡ്​ വ്യാപിച്ചുകൊണ്ടിരിക്കുന്ന സംസ്​ഥാനത്ത്​, ഇന്ന്​ വൈകീട്ടുവരെ ഏഴു മരണങ്ങൾ സ്​ഥിരീകരിച്ചു. തൃശൂരിൽ കഴിഞ്ഞ ദിവസം മരിച്ച ഇരിങ്ങാലക്കുട സ്വദേശി തറയിൽ ചന്ദ്രനും(45) കോവിഡ്​ സ്​ഥിരീകരിച്ചതോടെയാണ്​ മരണ സംഖ്യ വീണ്ടും ഉർന്നത്​. നേരത്തെ ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട്​ ജില്ലകളിലാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ചന്ദ്രന്‍ ഞായറാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

കോഴിക്കോട് മരിച്ച പെരുവയല്‍ സ്വദേശി രാജേഷ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് രാജേഷിന്(45) രോഗബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഉച്ചക്കു ശേഷം കാന്‍സര്‍ രോഗിയായിരുന്ന വാണിയംകുളം സ്വദേശി സിന്ധു (34) മരിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്​ച പുലര്‍ച്ചെയായിരുന്നു മരണം. ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന സിന്ധു, കീമോ അടക്കമുള്ള ചികിത്സകള്‍ക്ക് വിധേയയായിരുന്നു. സമ്പർക്കത്തിലൂടെയാണ്​ മരണമെന്നാണ്​ വിവരം. ഉറവിടം വ്യക്​തമല്ല.

നേരത്തെ, മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80), തൊടുപുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌.ഐ അജിതന്‍ (55) എന്നിവരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.