അറുത്തുമാറ്റണം ഇത്തിൾക്കണ്ണികളെ

മൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങൾക്കുള്ള നാമമാത്രമായ സാമൂഹിക സുരക്ഷപെൻഷൻ തുക ഒരു വിഭാഗം സർക്കാർ ജീവനക്കാർ അന്യായമായി കൈയിട്ടുവാരി തിന്നു എന്നതിനെക്കാൾ ലജ്ജാകരം മറ്റെന്തുണ്ട്, കേരളത്തിന്​! ലക്ഷത്തിനടുത്ത തുക പ്രതിമാസ ശമ്പളം വാങ്ങുന്ന കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരുമടക്കം 1458 സർക്കാർ ജീവനക്കാർ പാവപ്പെട്ടവരുടെ പെൻഷൻ തുക അന്യായമായി കവരുന്നതിലൂടെ പൊതുഖജനാവിനുണ്ടായ നഷ്ടം വർഷം രണ്ടരക്കോടിയിലധികം രൂപയാണ്. ധനവകുപ്പിന്‍റെ നിർദേശാനുസൃതം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലെ പേരുവിവരങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പ്രസ്താവന. മനഃസാക്ഷി, കനിവ്, സഹാനുഭൂതി, സഹജീവി സ്നേഹം തുടങ്ങിയ മാനുഷികതയുടെ ജൈവികതകളില്ലാത്ത ഇത്തരം ആർത്തിപ്പണ്ടാരങ്ങളുടെ പേരുവിവരങ്ങൾ പൊതുമധ്യത്തിലെത്തുമ്പോൾ ഞെട്ടിത്തകരുന്നതാണ് കേരളമെങ്കിൽ അങ്ങനെതന്നെ സംഭവിക്കട്ടെ. ആ ഞെട്ടലുകൾക്കുശേഷം ഉയിരെടുക്കുന്ന നാടായിരിക്കും സമഭാവനയുടെ സുതാര്യകേരളം.

വളരെ കുറഞ്ഞ ജീവനക്കാരാണീ അന്യായം കാണിച്ചതെന്ന് പറഞ്ഞ് ലഘൂകരിക്കാവുന്നതല്ല, നിഷിദ്ധമാർഗേണ ആരുടെ പണവും തട്ടിയെടുക്കുമെന്ന ഗുരുതരമായ ഈ മനോഭാവവും പ്രവൃത്തികളും. സാ​ങ്കേതിക അബദ്ധങ്ങൾ, ഉദ്യോഗസ്ഥ പിഴവുകൾ തുടങ്ങിയ നോട്ടപ്പിശകുകൾ പറഞ്ഞ് അനർഹമായി നേടിയ തുക തിരിച്ചടച്ച് രക്ഷപ്പെടാൻ ഈ തട്ടിപ്പുസംഘത്തെ അനുവദിക്കുകയുമരുത്. യഥാർഥത്തിൽ ഈ ക്ഷേമ പെൻഷനുകളെല്ലാം ലഭിക്കുന്നത് നേരിട്ടോ ബാങ്ക് അക്കൗണ്ടിലൂടെയോ ആണ്. അതിനർഹത നേടാൻ മസ്റ്ററിങ്ങിന് നേരിട്ട് ഹാജരാകണം. അതിനുപുറമെ എല്ലാ മാസവും ഈ തുക അവർ കൈപ്പറ്റുകയും ചെയ്യുന്നു. ഇതൊക്കെ എവിടെനിന്ന് എന്നറിയാൻ കഴിയാത്തവരാണ് ഈ ജീവനക്കാരെങ്കിൽ അവർ സർക്കാർ പണിക്ക് കൊള്ളരുതാത്തവരാണ്. ഇനി അറിഞ്ഞിട്ടാണെങ്കിൽ സർക്കാർ ജോലിയല്ല, കടുത്ത ശിക്ഷയാണ്​ കൊടുക്കേണ്ടത്​. കാരണം, ഈ ജീവനക്കാരുടെ പ്രവർത്തനങ്ങൾ പൊതുജന വിശ്വാസത്തെയാണ് വഞ്ചിച്ചിരിക്കുന്നത്. അവർ ദുരുപയോഗിച്ചത് സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ ജനങ്ങളെ പിന്തുണക്കാൻ വെച്ച പെൻഷൻ സംവിധാനത്തെയാണ്. ഏറ്റവും അവശരായ വ്യക്തികൾക്കുവേണ്ടിയുള്ള ഫണ്ടുകളാണ് തട്ടിയെടുക്കപ്പെട്ടിരിക്കുന്നത്. ഇത്തരം അഴിമതി സാമൂഹിക ക്ഷേമ പരിപാടികളുടെ ഫലപ്രാപ്തിയെയും സർക്കാർ സ്ഥാപനങ്ങളിലെ പൊതുജന വിശ്വാസ്യതയെയുമാണ് അട്ടിമറിക്കുന്നത്. ഇനിയൊരിക്കലും മറ്റാരും ആവർത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുംവിധം വിശദമായ അന്വേഷണം പ്രഖ്യാപിക്കാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും സർക്കാർ സന്നദ്ധമാകണം.

ഈ തട്ടിപ്പ് കണ്ടെത്തിയ ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയും അതിന് നേതൃത്വം നൽകിയ ധനവകുപ്പിന്‍റെ മുൻകൈയും അഭിനന്ദനീയമാണ്. അതോടൊപ്പം, ഇത്രയും വലിയ തോതിലുള്ള തട്ടിപ്പ് ഇത്രയും കാലം കണ്ടെത്തപ്പെടാതെ തുടർന്നുവെന്നത് ഭരണകൂടത്തിന്റെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതകളിലേക്കും പാളിച്ചകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഭാവിയിൽ ഇത്തരത്തിലുള്ള ദുരുപയോഗങ്ങൾ തടയാൻ പരിശോധനപ്രക്രിയകളും നിരീക്ഷണ സംവിധാനങ്ങളും സമഗ്രമായി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. പതിവായ ഓഡിറ്റുകൾ, റിപ്പോർട്ടിങ് എന്നിവ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. ജീവനക്കാരുടെ പ്രവർത്തനങ്ങൾ സുഗമവും സുതാര്യവുമാക്കാൻ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ സർക്കാറിനാകണം. ഈ തട്ടിപ്പ് പുറത്തുവന്നതുതന്നെ ‘സേവന’ ‘സ്പാർക്’ സോഫ്റ്റ് വെയറുകളുടെ പരിശോധനയിലൂടെയാണ്. സാമൂഹിക ക്ഷേമ പദ്ധതികളുടെ സുതാര്യതയും ഫലപ്രാപ്തിയും ഉറപ്പാക്കുക എന്നത് പൊതുജന വിശ്വാസം നിലനിർത്താനും ഏറ്റവും ആവശ്യമുള്ളവർക്ക് നീതി ഉറപ്പാക്കാനും നിർണായകമാണ്. ആ ജാഗ്രതയും ഉത്തരവാദിത്തവും സർക്കാർ ഭംഗിയായി നിർവഹിക്കുമെന്നാണ് ധനമന്ത്രിയും റവന്യു മന്ത്രിയും ഉറപ്പ​ു പറയുന്നത്.

എല്ലാ സംവിധാനങ്ങൾക്കുമപ്പുറം, സഹവർത്തിത്വത്തോടെ ജീവിക്കേണ്ട വ്യക്തികളും സമൂഹവും എന്ന അർഥത്തിൽ നാം പുലർത്തുന്ന നൈതികതയുടെ അപായമണികൂടിയാണ് ഈ സംഭവത്തിൽ മുഴങ്ങുന്നത്. അധികാരവും വിഭവങ്ങളും ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് നിയമപരമായ പ്രശ്നം മാത്രമല്ല, ധാർമികവിഷയം കൂടിയാണ്. അഴിമതി, സാമ്പത്തിക ദുര, ദരിദ്രരോടുള്ള പുച്ഛം, അവരുടെ സമ്പത്ത് തട്ടിയെടുക്കാനുള്ള ആർത്തി എന്നിവ സാമൂഹിക ജീവിതത്തിന്‍റെ രോഗാതുരതയെയാണ് വെളിപ്പെടുത്തുന്നത്. ദരിദ്രർക്ക് നീക്കിവെച്ച മുൻഗണന റേഷൻ കാർഡുകൾ ഉപയോഗിക്കുന്ന സമ്പന്നരും സർക്കാർ ജീവനക്കാരും പതിനായിരക്കണക്കിനാണ്. കൃത്രിമമായി കാർഡുകളും രേഖകളും തയാറാക്കി മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളിൽനിന്ന് അനർഹർ പണം തട്ടിയെടുക്കുന്നതും പതിവായിരിക്കുന്നു. എന്തിനേറെ, വയനാട് ഉരുൾദുരന്തത്തിൽ ഇരകളായവർക്ക് പ്രതിമാസ വാടക മുടങ്ങുമ്പോഴും അവരുടെ സേവനത്തിന് നിയോഗിക്കപ്പെട്ട ഏതാനും ചില ഉദ്യോഗസ്ഥർ ലക്ഷങ്ങളാണ് താമസത്തിന്‍റെ പേരിൽ ചെലവഴിച്ചത്. മനുഷ്യർ നിയമംകൊണ്ടുമാത്രമല്ല, ധാർമികബോധംകൊണ്ടുകൂടി കുറ്റകൃത്യങ്ങളിൽനിന്ന് വിട്ടുനിന്നാലേ നീതി പുലരൂ. അവശരായ സഹജീവികളെ ആർദ്രതയോടെ ചേർത്തുനിർത്തുന്ന നൈതിക പാഠങ്ങൾ വളരെയേറെ അനിവാര്യമാണെന്ന് ഈ സംഭവം നമ്മെ ആവർത്തിച്ചു ഓർമപ്പെടുത്തുന്നുണ്ട്..

Tags:    
News Summary - Madhyamam editorial on Social Welfare Pension scheme abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.