ആദ്യ സ്ഥാനങ്ങൾക്കായി പോര് മുറുകിയ പ്രിമിയർ ലീഗിൽ തകർപ്പൻ ജയവുമായി നില ഭദ്രമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ ബേൺമൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് മുക്കിയാണ് ടെൻ ഹാഗിന്റെ സംഘം പോയിന്റ് നിലയിൽ ന്യൂകാസിലിനടുത്തെത്തിയത്. ഇതോടെ ഇരു ടീമുകൾക്കും 35 പോയിന്റായെങ്കിലും ഒരു മത്സരം അധികം പൂർത്തിയാക്കിയ ന്യുകാസിലാണ് ഗോൾ ശരാശരിയിൽ മുന്നിൽ. പിൻനിരയിൽ ടോട്ടൻഹാം, ലിവർപൂൾ ടീമുകൾക്ക് ആദ്യ നാലിൽ ഇടമുറപ്പിക്കാനുള്ള ശ്രമം ഇതോടെ കൂടുതൽ കടുപ്പമേറിയതായി.
ആദ്യാവസാനം കളി നിയന്ത്രിച്ച യുനൈറ്റഡാണ് അവസരങ്ങൾ തുറക്കുന്നതിലും മുന്നിൽനിന്നത്. 23ാം മിനിറ്റിൽ വിങ്ങിലൂടെ റാഷ്ഫോഡ് നടത്തിയ മുന്നേറ്റം അപകടകരമാകുമെന്ന് കണ്ട് പിടിച്ചുവെച്ചത് ആദ്യ ഗോൾ ചോദിച്ചുവാങ്ങിയ പോലെയായി. റഫറി ഫൗൾ വിളിച്ചതോടെ ലഭിച്ച ഫ്രീകിക്ക് എടുത്തത് ക്രിസ്റ്റ്യൻ എറിക്സൺ. ബേൺമൗത്ത് നിരക്കിപ്പുറം വലക്കുമുന്നിൽ കാത്തിരുന്ന കാസമീറോയുടെ കാലുകൾക്ക് കണക്കായി ലഭിച്ച പന്ത് ആദ്യ ടച്ചിൽ വല കുലുക്കി.
ഇടവേളക്കു ശേഷം നാലാം മിനിറ്റിൽ ലൂക് ഷാ വീണ്ടും വെടി പൊട്ടിച്ചു. സ്വന്തം പകുതിയിൽ ലൂക് ഷാ തന്നെ തുടക്കമിട്ട നീക്കത്തിനൊടുവിലായിരുന്നു ലീഡ് രണ്ടാക്കിയ ഗോൾ. ബോക്സിനു തൊട്ടരികെ അലിയാന്ദ്രോ ഗർണാച്ചോ ലഭിച്ച പന്ത് മറിച്ചുനൽകിയത് വീണ്ടും ലൂക് ഷായുടെ കാലുകളിൽ. പ്രതിരോധ നിര വട്ടമിട്ടുനിന്ന ബോക്സിൽ ഗോളിക്കു പോലും മനസ്സിലാകുംമുമ്പ് പന്ത് വലക്കണ്ണികൾ ചുംബിച്ചിരുന്നു.
സമാനമായൊരു ക്ലിനിക്കൽ ഫിനിഷാരുന്നു മൂന്നാം ഗോളും. മധ്യവരക്കരികെനിന്ന് ബേൺമൗത്ത് ബോക്സിനരികിലേക്ക് നീട്ടിക്കിട്ടിയ പാസ് കാലിലെടുത്ത ബ്രൂണോ ഫെർണാണ്ടസായിരുന്നു ശരിക്കും താരം. നേരെ ലക്ഷ്യത്തിലേക്ക് ഷൂട്ടു ചെയ്യുന്നതിന് പകരം മറുവശത്ത് ഓടിയെത്തിയ റാഷ്ഫോഡിന് കണക്കാക്കി നൽകി. ലക്ഷ്യം തെറ്റിയ ഗോളിയെ കാഴ്ചക്കാരനാക്കി താരം പന്ത് വലയിലാക്കി. ഇതോടെ, ഓൾഡ് ട്രാഫോഡിൽ തുടർച്ചയായ ഏഴാം ജയമായി യുനൈറ്റഡിന്. അവസാന നാലു കളികളിലും ഒരു ഗോൾ പോലും വഴങ്ങിയില്ലെന്ന റെക്കോഡും ടീമിനൊപ്പമുണ്ട്.
ക്രിസ്റ്റ്യാനോ മടങ്ങിയ ടീമിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് പിന്നീടുള്ള ഓരോ കളിയും. എന്നല്ല, മുന്നിലും മധ്യത്തിലും കൂടുതൽ ഒത്തിണക്കം കാട്ടുന്ന ടീം എറിക്സൺ, ബ്രൂണോ, റാഷ്ഫോഡ് കൂട്ടുകെട്ടിൽ കൂടുതൽ ഉയരങ്ങൾ പിടിക്കുമെന്ന സൂചനയും നൽകുന്നു. മറുവശത്ത്, യുനൈറ്റഡ് വല ലക്ഷ്യമാക്കി നീക്കങ്ങൾ നടത്തുന്നതിൽ വൻ പരാജയമായ ബേൺമൗത്ത് ലീഗിൽ 15ാം സ്ഥാനത്തു നിൽക്കുന്നു.
ഏറ്റവും കരുത്തരായ രണ്ടു ടീമുകൾ മുഖാമുഖം നിന്ന രണ്ടാം മത്സരത്തിൽ ഗോൾ രഹിത സമനില. പലവട്ടം ഗോൾമുഖം തുറന്ന് ആഴ്സണലും ന്യൂകാസിലും കരുത്തുകാട്ടിയ ദിനത്തിൽ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ മുൻനിര പരാജയമായി. ന്യൂകാസിലിനായി ജോയലിന്റൺ, ഗണ്ണേഴ്സ് നിരയിൽ ഗബ്രിയേൽ, ഗബ്രിയേൽ മാർടിനെല്ലി എന്നിവരുടെ സുവർണാവസരങ്ങൾ നിർഭാഗ്യത്തിന് വല കാണാതെ പുറത്തായി. അതിനിടെ, ന്യൂകാസിൽ താരം ഡാൻ ബേൺ സ്വന്തം ബോക്സിൽ ഗണ്ണേഴ്സ് താരം ഗബ്രിയേലിനെ പിടിച്ചുവെച്ചത് പെനാൽറ്റി അനുവദിക്കാത്തതിനെ ചൊല്ലിയും പ്രശ്നങ്ങളുണ്ടായി.
കഴിഞ്ഞ ദിവസം ലീഡ്സിനോട് സമനില വഴങ്ങി ആദ്യ നാലിൽനിന്ന് പുറത്തേക്ക് വഴി തുറക്കുമെന്ന് തോന്നിച്ച ന്യൂകാസിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ തൊട്ടുപിറകിലെ ടീമുകൾക്ക് ഭീഷണി ഇരട്ടിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.