18 ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന അപൂർവ നേട്ടത്തിനുടമയായ ടെന്നിസ് ഇതിഹാസം മാർടിന നവരത്‍ലോവക്ക് തൊണ്ടക്കും സ്തനത്തിനും അർബുദം സ്ഥിരീകരിച്ചു. 2010ൽ സ്തനാർബുദത്തിന് ചികിത്സ തേടിയ താരത്തിന് അടുത്തിടെയാണ് ഇരു അവയവങ്ങളിലും അർബുദം കണ്ടെത്തിയത്. ‘‘ഇരട്ട അവയവങ്ങളിലെ അസുഖബാധ ഗുരുതരമാണ്. എന്നാൽ, ചികിത്സിച്ചുഭേദമാക്കാനാകും’’- 66 കാരി പറഞ്ഞു. ന്യൂയോർകിൽ ഈ മാസാവസാനത്തോടെ ചികിത്സ ആരംഭിക്കാനാണ് തീരുമാനം. ആധിയുണ്ടെങ്കിലും എല്ലാ ശക്തിയും സംഭരിച്ച് രോഗത്തോട് പൊരുതി നിൽക്കുമെന്ന് താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബറിൽ ഡബ്ല്യു.ടി.എ ഫൈനൽസിനിടെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ബയോപ്സിയിലാണ് തൊണ്ടക്ക് കാൻസർ സ്ഥിരീകരിച്ചത്. ഒന്നാം ഘട്ടത്തിലായതിനാൽ അത്ര ഗുരുതരമായിരുന്നില്ല. തുടർ പരിശോധനകളിലാണ് സ്തനത്തിലും അർബുദം കണ്ടെത്തിയത്. രണ്ടു അർബുദ ബാധയും തുടക്കത്തിലാണെന്നത് ആശ്വാസകരമാണെന്ന് നവരത് ലോവയുടെ വക്താവ് മേരി ഗ്രീൻഹാം പറഞ്ഞു.
ഈ മാസം ആരംഭിക്കുന്ന ആസ്ട്രേലിയൻ ഓപൺ മത്സരങ്ങളിൽ ടെന്നിസ് ചാനൽ സ്റ്റുഡിയോക്കു വേണ്ടി ശബ്ദം നൽകാൻ എത്തേണ്ടതായിരുന്നു. പൂർണമായി പങ്കെടുക്കാനാകില്ലെന്നും എന്നാലും വിദൂര പങ്കാളിത്തമുണ്ടാകുമെന്നുമാണ് താരത്തിന്റെ നിലപാട്.
2010ൽ കാൻസർ സ്ഥിരീകരിച്ച തുടക്കത്തിൽ തകർന്നുപോയെന്നും എന്നാൽ, എല്ലാം വെളിപ്പെടുത്തുന്നത് ഇതുപോലുള്ള അവസ്ഥകളോട് പൊരുതിനിൽക്കുന്നവർക്ക് കരുത്താകുമെന്നും വിംബിൾഡണിൽ ഒമ്പതു തവണ കിരീടം ചുടിയ താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.