മത്സരത്തിനിടെ നടന്ന ടാക്ലിങ്ങിൽ ഹൃദയം നിലച്ച് നിലത്തുവീണ താരത്തിന്റെ ചികിത്സാപുരോഗതി അറിയാൻ കണ്ണുംനട്ടിരിക്കുകയാണ് അമേരിക്കയിപ്പോൾ. നയാഗ്ര വെള്ളച്ചാട്ടം നീല വെളിച്ചത്തിൽ കുളിപ്പിച്ചും പ്രാർഥിക്കാനാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ സ്റ്റാറ്റസ് വെച്ചും താരത്തിനൊപ്പമെന്നറിയിക്കുന്ന തിരക്കിലാണ് രാജ്യം.
ആരാധകരേറെയുള്ള നേഷനൽ ഫുട്ബാൾ ലീഗിൽ ബഫലോ ബിൽസും സിൻസിനാറ്റി ബെംഗാൾസും തമ്മിലെ മത്സരത്തിനിടെയായിരുന്നു എതിർ ടീമിലെ ടീ ഹിഗിൻസിന്റെ ടാക്ലിങ്ങിൽ ഡമർ ഹാംലിൻ വീണുപോയത്. ആദ്യം എണീറ്റെങ്കിലും നിൽപുറക്കുംമുമ്പ് പിന്നെയും വീണതോടെ അപകടം മണത്ത സഹതാരങ്ങൾ മെഡിക്കൽ സംഘത്തെ വിളിച്ചു. സി.പി.ആർ നൽകി അതിവേഗം തൊട്ടടുത്ത സിൻസിനാറ്റി ആശുപത്രിയിലേക്കു മാറ്റിയ താരം അതിഗുരുതരാവസ്ഥയിൽ തുടരുകയാണ്. രണ്ടു തവണയാണ് ഹൃദയം പൂർണമായി പ്രവർത്തനം നിലച്ചുപോയതെന്നും കൃത്രിമശ്വാസം നൽകിയാണ് തിരിച്ചെത്തിച്ചതെന്നും കുടുംബം പറയുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും കഴിയുന്നത്. സ്വന്തമായി ശ്വാസമെടുക്കുന്ന ഘട്ടത്തിലേക്ക് വരാത്തത് ആശങ്കയായി നിലനിൽക്കുകയാണ്.
റഗ്ബി പോലെ കടുത്ത ടാക്ലിങ് നടക്കുന്ന, അപകടകരമെന്നു പറയാവുന്ന കളിയാണ് അമേരിക്കൻ ഫുട്ബാൾ. ഏറ്റവും കടുപ്പമേറിയ മത്സരങ്ങളിലൊന്നായാണ് ഈ കായിക ഇനം വിലയിരുത്തപ്പെടുന്നത്. തലയിൽ ഹെൽമറ്റ് വെച്ചാണ് താരങ്ങൾ ഇറങ്ങാറ്. എന്നാൽ, ഇത്തവണ നെഞ്ചിനേറ്റ ഇടിയാണ് അപകടമായത്. കൃത്യസമയത്ത് കൃത്രിമ ശ്വാസം നൽകാനായത് ജീവൻ രക്ഷിച്ചുവെന്ന് ഡോക്ടർമാർ പറയുന്നു. ഹാംലിൻ നിലത്തുവീണുകിടന്ന സമയത്ത് സഹതാരങ്ങളായിരുന്നു ആദ്യം സി.പി.ആർ നൽകിയത്. തൊട്ടുപിറകെ മെഡിക്കൽ സംഘവുമെത്തി.
ഏതു കളിയിലും പരിക്ക് പതിവാണെങ്കിലും തലക്കുൾപ്പെടെ പരിക്കു പറ്റുന്നതാണ് അമേരിക്കൻ ഫുട്ബാളിനെ മുനയിൽ നിർത്തുന്നത്. ഹാംലിൻ ആശുപത്രിയിലായ ശേഷവും മത്സരം പുനരാരംഭിക്കാൻ ശ്രമം നടത്തിയതും കടുത്ത വിവാദത്തിനിടയാക്കിയിരുന്നു.
എൻ.എഫ്.എൽ നിലവിലെ സീസണിൽ മാത്രം നിരവധി തവണയാണ് താരങ്ങൾക്ക് ഗുരുതര പരിക്കേൽക്കുന്നത്. കളിക്കുമ്പോൾ മാത്രമല്ല, താരങ്ങൾക്ക് കരിയറിനു ശേഷവും അതിഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വേട്ടയാടുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.