അറസ്റ്റ് ചെയ്ത് തടവിലിട്ട ആസ്ട്രേലിയൻ മണ്ണിൽ ദ്യോകോ വീണ്ടുമെത്തി; പഴയ കണക്കുകൾ തീർക്കാൻ

അറസ്റ്റ് ചെയ്ത് നിയമവിരുദ്ധ കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ജയിലിൽ ദിവസങ്ങൾ തടവിലിട്ട ശേഷം മൂന്നു വർഷത്തെ വിലക്കേർപ്പെടുത്തി നാടുകടത്തിയ ആസ്ട്രേലിയയിൽ വീണ്ടുമെത്തി ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്. ജനുവരിയിൽ നടക്കുന്ന ആസ്ട്രേലിയൻ ഓപൺ മത്സരങ്ങൾക്കായാണ് താരം എത്തിയതെന്ന് ടെന്നിസ് ആസ്ട്രേലിയ അറിയിച്ചു. ഒമ്പതു തവണ ആസ്ട്രേലിയൻ ഓപൺ കിരീട ജേതാവായ സെർബിയൻ താരത്തിന്റെ വിസ വിലക്ക് കഴിഞ്ഞ നവംബറിൽ രാജ്യം എടുത്തുകളഞ്ഞിരുന്നു.

കളിക്കാനായി ദ്യോകോവിച്ച് കഴിഞ്ഞ ജനുവരിയിൽ എത്തിയപ്പോഴായിരുന്നു ടെന്നിസ് ലോകം ​​​ഞെട്ടിയ നടപടി. രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന ഘട്ടത്തിലായിരുന്നു മത്സരങ്ങൾ. രാജ്യത്തെ ജനങ്ങൾക്കുമേൽ കടുത്ത നടപടികൾ അടിച്ചേൽപിച്ച സർക്കാർ വാക്സിൻ എടുക്കാതെയെത്തിയ ദ്യോകോവിച്ചിന് കളിക്കാൻ അവസരം ഒരുക്കിനൽകുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ ദ്യോകോ​യെ കസ്റ്റഡിയിലെടുത്ത് അനധികൃത താമസക്കാരെ പാർപിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങൾ നീണ്ട വിചാരണ​ക്കൊടുവിൽ കോടതി കനിഞ്ഞെങ്കിലും ജനകീയ പ്രതിഷേധം ഭയന്ന് സർക്കാർ താരത്തെ രാജ്യം പുറത്താക്കി. മൂന്നുവർഷ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്തിനൊപ്പം ആസ്ട്രേലിയയും​ കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനു പിന്നാലെയാണ് വീണ്ടും മത്സരിക്കാൻ അവസരമൊരുങ്ങിയത്.

നവംബറിൽ വിലക്ക് ഒഴിവായ ഉടൻ സന്തോഷം പങ്കുവെച്ച് ദ്യോകോവിച് രം​ഗത്തെത്തിയിരുന്നു. ‘‘എനിക്ക് ഏറ്റവും കൂടുതൽ വിജയം തന്നതാണ് ആസ്ട്രേലിയൻ ഓപൺ. അവിടെയാണ് ഏറ്റവും മികച്ച തന്റെ കുറേ ഓർമകൾ നിറഞ്ഞുനിൽക്കുന്നത്. അവിടെ വീണ്ടും ടെന്നിസ് കളിക്കണം. ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കണം’’- താരം പ്രതികരിച്ചു.

ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന റെക്കോഡിൽ റാഫേൽ നദാലിനു തൊട്ടുപിറകിലുള്ള ദ്യോകോവിച് 21 തവണ ചാമ്പ്യനായിട്ടുണ്ട്. 22 തവണ ഗ്രാൻഡ്സ്ലാം ജേതാവായ നദാലിന്റെ പേരിലാണ് റെക്കോഡ്. 

ജനുവരി 16നാണ് മെൽബണിൽ ആസ്ട്രേലിയൻ ഓപണ് തുടക്കമാകുന്നത്. 

Tags:    
News Summary - Novak Djokovic: Serb lands in Australia after ban overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.