കൊച്ചി: തുടർച്ചയായ മൂന്നു തോൽവികൾ, ഡൈ ഹാർഡ് ഫാൻസിൽ നിന്നു പോലുമുള്ള ശകാര വാക്കുകളും പരിഹാസവും, ടീം മാനേജ്മെൻറിൽ നിന്നുള്ള കടുത്ത സമ്മർദം.. എല്ലാ നെഗറ്റിവുകളെയും സ്റ്റേഡിയത്തിലെ പുൽമൈതാനത്തിനു പുറത്തുനിർത്തി അവരിറങ്ങി. സ്വന്തം മുറ്റത്ത് എന്തുതന്നെ ചെയ്തിട്ടാണെങ്കിലും ജയമല്ലാതെ മറ്റൊന്നും വേണ്ടെന്നുറപ്പിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഒടുവിൽ മുഹമ്മദൻസ് എസ്.സിക്കെതിരെ മൂന്നു ഗോളിന്റെ ഗംഭീര ജയം. 13 മത്സരങ്ങളിൽ 14 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം കൈവിട്ട പത്താംസ്ഥാനം തിരിച്ചുപിടിച്ചു.
ഗോൾരഹിത സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലെ 62ാം മിനിറ്റിൽ എതിരാളികളുടെ ഗോൾ കീപ്പർ ഭാസ്കർ റോയിയുടെ കൈതട്ടി വീണുകിട്ടിയ 'ഓൺ ഗോളി'ലൂടെയാണ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായ തോൽവിയിൽ നിന്ന് കരകയറിയത്. (സ്കോർ 1-0). ഇതോടെ സ്വന്തമായടിച്ച ഗോളല്ലെങ്കിലും തോൽവി ടീമെന്ന ആരാധകർ നൽകിയ ചീത്തപ്പേരിൽ നിന്ന് ചെറുതായെങ്കിലും കരകയറാൻ ബ്ലാസ്റ്റേഴ്സിനായി. മിനിറ്റുകൾക്കകം കോറോ സിങ് നൽകിയ ക്രോസ് കിടിലനായി ഹെഡ് ചെയ്ത് നോഹ് സൗദൗയ് ടീമിന്റെ ജയം ആധികാരികമാക്കി. 80ാം മിനിറ്റിലായിരുന്നു ഇത്. 10 മിനിറ്റ് തികയും മുമ്പേ 90ാം മിനിറ്റിൽ നായകൻ അഡ്രിയാൻ ലൂണ നൽകിയ പന്ത് അലക്സാണ്ട്രേ കൊയെഫിന്റെ വക ബോക്സിന്റെ മുന്നിൽ നിന്ന് അടിച്ചുതെറിപ്പിച്ചു. അതാ വന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ.
താരതമ്യേന ദുർബലരും ഐ.എസ്.എല്ലിലെ തുടക്കക്കാരുമായ മുഹമ്മദൻസ് എസ്.സിയെ ഞായറാഴ്ച ബ്ലാസ്റ്റേഴ്സ് കലൂർ സ്റ്റേഡിയത്തിലാണ് നേരിട്ടത്. ആരാധകരിൽ നിന്നുള്ള പിന്തുണ തുലോം കുറവായിരുന്ന മത്സരത്തിൽ തുടക്കം മുതൽ പന്ത് ഏറെയും ബ്ലാസ്റ്റേഴ്സിന്റെ കാൽക്കീഴിലായിരുന്നുവെങ്കിലും ഗോളാക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. മുഖ്യ പരിശീലകനില്ലാതെ, ഇടക്കാല പരിശീലകൻ ടി.ജി. പുരുഷോത്തമന്റെ കീഴിൽ തന്ത്രങ്ങൾ പഠിച്ചിറങ്ങിയ ഈ സീസണിലെ ആദ്യ കളിയായിരുന്നു ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. എന്നാൽ, കോച്ചില്ലാതെയും കിടിലനായി ജയിക്കാമെന്ന് ടീം തെളിയിക്കുകയായിരുന്നു.
അവസാന കളിയില്‍നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ജീസസ് ജിമിനസ്, മുഹമ്മദ് സഹീഫ്, പ്രീതം കോട്ടാല്‍ എന്നിവര്‍ക്ക് പകരമായി റുയ്വാ ഹോര്‍മിപാം, കോറു സിങ്, ക്വാമി പെപ്ര എന്നിവര്‍ തിരിച്ചെത്തി. ഗോള്‍ വലക്ക് മുന്നില്‍ സച്ചിന് സുരേഷ്. പ്രതിരോധത്തില്‍ ഹോര്‍മിപാം, സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, നവോച്ച സിങ്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തില്‍ നോഹ് സദൗയ്, കോറു, ക്വാമേ പെപ്ര. നാലാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം കിട്ടിയെങ്കിലും ഗോളായില്ല. നോഹ് സദൗയി ഡാനിഷ് ഫാറൂഖിന് ക്രോസ് നല്‍കിയെങ്കിലും മുഹമ്മദൻസിന്റെ ഓഗിയെര് പന്ത് ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. തൊട്ടടുത്ത മിനിറ്റില്‍ കോര്‍ണര്‍ കിക്ക് അവസരം മുതലെടുക്കാന്‍ മുഹമ്മദന്സിനുമായില്ല. ആദ്യപകുതിയില്‍ വലിയ അവസരങ്ങളൊന്നും ഇരു കൂട്ടർക്കും ലഭിച്ചിരുന്നില്ല. രണ്ടാം പകുതിക്കു ശേഷമാണ് കളിക്കളത്തിന് തീപിടിച്ചത്.
62ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് നായകൻ ലൂണയുടെ കോർണർ കിക്ക് മുന്നിലേക്ക് തട്ടിത്തെറിപ്പിക്കാനുള്ള ഭാസ്കർ റോയിയുടെ ശ്രമത്തിൽ ചെറുതായൊന്ന് ടൈമിങ് പാളി. ഇതിന് വലിയ വിലയാണ് ടീമിന് നൽകേണ്ടിവന്നത്. അതോടെ മഞ്ഞപ്പട കാത്തിരുന്ന നിമിഷമെത്തി.
അതുവരെ ആലസ്യത്തിലും കരുതിക്കൂട്ടിയുള്ള നിശ്ശബ്ദതയിലുമിരുന്ന ആരാധകർ ഒന്നാകെ ഇളകി. ഈ ഗോൾ നൽകിയ സന്തോഷത്തിന്റെ അലയൊലി അടങ്ങും മുമ്പായിരുന്നു നോഹിന്റെ ഹെഡ്ഡർ. ഇതോടെ ആർപ്പുവിളികളും തിരികെ വന്നു. ഇതിനിടെ രണ്ടുതവണ മുഹമ്മദൻസിന്റെ വലയിലെത്തിച്ച ഗോളുകൾ ഓഫ്സൈഡായിപ്പോയി. ഇതിനു ശേഷമാണ് അപ്രതീക്ഷിതമായി 90ാം മിനിറ്റിൽ മൂന്നാം ഗോളെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.