ബംഗളൂരു: 'ഹിന്ദി രാഷ്ട്രീയവും' വിവേചനവുംമൂലം തെക്കിലെ രാഷ്ട്രീയ നേതാക്കൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് ജെഡി (എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി. നിരവധി ദക്ഷിണേന്ത്യക്കാരെ പ്രധാനമന്ത്രിയാക്കുന്നതിൽ നിന്ന് തടഞ്ഞത് ഇതേ വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി സംസാരിക്കാൻ കഴിയാത്തതിനാൽ "അവൾ ഒരു ഇന്ത്യക്കാരിയാണോ"എന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഡി.എം.കെ എംപി കനിമോഴിയോട് ചോദിച്ചതിൽ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ച കർണാടക മുൻ മുഖ്യമന്ത്രി ഭരണവർഗം തെക്കിനെ അവഗണിക്കുകയാണെന്നും ആരോപിച്ചു. ഒരാൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതണം എന്ന കാരണത്താൽ നിരവധി കന്നഡിഗർക്ക് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്ന് കുമാരസ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
'സഹോദരി കനിമോഴിയെ അപമാനിച്ചതിനെതിരെ ഞാൻ ശബ്ദം ഉയർത്തുന്നു. ഹിന്ദി രാഷ്ട്രീയവും വിവേചനവും തെക്കിൽ നിന്നുള്ള ധാരാളം രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ അവസരങ്ങൾ തടഞ്ഞതിനെപറ്റി ഇപ്പോൾ ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കും'-കുമാരസ്വാമി തെൻറ ട്വീറ്റിൽ കുറിച്ചു.
ഹിന്ദി രാഷ്ട്രീയം പല ദക്ഷിണേന്ത്യക്കാരെയും പ്രധാനമന്ത്രിയാക്കുന്നതിൽ നിന്ന് തടഞ്ഞു. എച്ച്.ഡി ദേവഗൗഡ, കരുണാനിധി, കാമരാജ് എന്നിവർ ഇതിൽ പ്രമുഖരാണ്. ഈ തടസ്സം തകർക്കുന്നതിൽ തെൻറ പിതാവ് ദേവഗൗഡ വിജയിച്ചെങ്കിലും ഭാഷയുടെ പേരിൽ അദ്ദേഹത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കുമാരിസ്വാമി പറഞ്ഞു. രണ്ടുതവണ ലോക്സഭാ അംഗമായതിനാൽ തനിക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
'ഭരണവർഗം തെക്കിനെ അവഹേളിക്കുന്നതിനും പുച്ഛിക്കുന്നതിനും താൻ സാക്ഷിയായിട്ടുണ്ട്. ഹിന്ദി രാഷ്ട്രീയക്കാർ എങ്ങനെ തന്ത്രങ്ങൾ മെനയുന്നുവെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ഹിന്ദി ഇതര രാഷ്ട്രീയക്കാരെ ബഹുമാനിക്കുന്നില്ല'-അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.