പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരസ്യ പ്രചാരണത്തിന് പാലക്കാട് ആവേശോജ്വല കൊട്ടിക്കലാശം. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ അണിനിരന്ന വമ്പൻ റോഡ് ഷോയിൽ പാലക്കാട് നഗരം ജനസാഗരമായി. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ മൂന്ന് മുന്നണിയുടെയും മുതിർന്ന നേതാക്കൾ പ്രചാരണ രംഗത്ത് സജീവമായി. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിങ്കളാഴ്ച സമാപിച്ചത്.
യു.ഡി.എഫിന്‍റെ രാഹുൽ മാങ്കൂട്ടത്തിൽ, എൽ.ഡി.എഫിന്‍റെ പി. സരിൻ, ബി.ജെ.പിയുടെ സി.കൃഷ്ണകുമാർ എന്നിവരാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾ. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും പ്രചാരണത്തിനെത്തി. ട്രോളി ബാഗുമായാണ് രാഹുലും പ്രവർത്തകരും കൊട്ടിക്കലാശത്തിനെത്തിയത്.
പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എ.എ. റഹീം, വസീഫ് എന്നിവർ റോഡ് ഷോക്കെത്തി. സി. കൃഷ്ണകുമാറിന് വേണ്ടി ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും പാലക്കാട്ടെത്തി. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലം പ്രഖ്യാപിക്കും. നേരത്തെ ഈ മാസം 13ന് നിശ്ചയിച്ച വോട്ടെടുപ്പ് പിന്നീട് കൽപ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ 20ലേക്ക് മാറ്റുകയായിരുന്നു.
വൈകിട്ട് 5.45ഓടെ മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. ചൊവ്വാഴ്ച മണ്ഡലത്തിൽ നിശബ്ദ പ്രചാരണം നടക്കും. നിരവധി വിവാദങ്ങളും നേതാക്കളുടെ മറുകണ്ടം ചാടലിനും ഉൾപ്പെടെ സാക്ഷ്യം വഹിച്ച ഉപതെരഞ്ഞെടുപ്പിനെ ആവേശത്തോടെയാണ് മുന്നണികൾ കാണുന്നത്. പി.സരിൻ കോൺഗ്രസ് വിട്ട് എൽ.ഡി.എഫിൽ എത്തിയതു മുതൽ സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയതു വരെ തെരഞ്ഞെടുപ്പു കാലത്ത് പാലക്കാട്ടെ കാഴ്ചകളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.