മുനമ്പം: സമവായ നീക്കവുമായി ലീഗ്; സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍

കൊച്ചി: മുനമ്പം ഭൂമിപ്രശ്നത്തില്‍ സമവായ നീക്കവുമായി മുസ്ലിം ലീഗ്. ലത്തീന്‍ മെത്രാന്‍ സമിതിയുമായി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ വരാപ്പുഴ ബിഷപ് ഹൗസിലെത്തിയാണ് ലീഗ് നേതാക്കള്‍ ലത്തീൻ സഭാധ്യക്ഷൻ ബിഷപ് വർഗീസ് ചക്കാലക്കൽ, ആർച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

മുനമ്പത്തെ സമരസമിതിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രശ്നം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് ചർച്ചക്കുശേഷം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായാണ് ലീഗ് നേതാക്കൾ എത്തിയതെന്ന് ബിഷപ് വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു. ലീഗ് നിലപാടിൽ സന്തോഷമുണ്ട്. ഇതൊരു മാനുഷികപ്രശ്നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ടുപോകണം. ഇക്കാര്യത്തിൽ എല്ലാവരും തങ്ങളോടൊപ്പം നിൽക്കുന്നുവെന്നത് അഭിമാനകരമാണെന്നും ബിഷപ് കൂട്ടിച്ചേർത്തു.

ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ സർക്കാറിനെ അറിയിക്കുമെന്നും സാങ്കേതികമായി ചില പ്രശ്നങ്ങളുള്ളതിനാൽ സർക്കാർ ഇടപെടൽ അത്യാവശ്യമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചർച്ചക്കുശേഷം പ്രതികരിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി യോജിച്ചുനിന്ന് പരിഹാരമുണ്ടാക്കും. ഉപതെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തിൽ സജീവ ഇടപെടലുണ്ടാകും. പ്രശ്നപരിഹാരത്തിനായി സർക്കാർ സജീവ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് നേതാവ് അഡ്വ. മുഹമ്മദ് ഷാ, ആർച് ബിഷപ് ഡോ. തോമസ് നെറ്റോ, ലത്തീൻ സംഘടന ഭാരവാഹികളായ ഫാ. തോമസ് തറയിൽ, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ്, ഫാ. ഫ്രാൻസിസ് സേവ്യർ, മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളായ ഫാ. ആൻറണി സേവ്യർ, സെബാസ്റ്റ്യൻ റോക്കി, ജോസഫ് ബെന്നി എന്നിവരും ചർച്ചയിൽ പങ്കെടുത്തു

Tags:    
News Summary - Munambam: League with consensus move; Government to intervene and solve it -Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.