എന്താണ് നായിഡു ആവശ്യപ്പെടുന്ന പ്രത്യേക സംസ്ഥാന പദവി?

ന്യൂഡൽഹി: ഒരു ദശാബ്ദക്കാലത്തോളം നിശബ്ദനാക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാന നേതാക്കളിലൊരാളാണ് ചന്ദ്ര ബാബു നായിഡു. എന്നാൽ, ഈ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ചിത്രം പാടേ മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ 16 സീറ്റുകളുമായി മിന്നുംജയം നേടിയ നായിഡു ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രധാന കളിക്കാരനായി ഉയർന്നു. നാഷനൽ ഡെമോക്രാറ്റിക് അലയൻസ് യോഗത്തിൽ ടി.ഡി.പി അധ്യക്ഷനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.

അത്തരമൊരവസരത്തിന് തക്കം പാർത്തിരുന്ന നായിഡു വ​​ജ്രായുധം പുറത്തെടുത്തു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ എക്കാലത്തെയും വലിയ ആവശ്യം. ഒന്നാംമോദി സർക്കാറിന്റെ കാലഘട്ടത്തിൽ പ്രത്യേക പദവിക്കായി അഥവാ എസ്.സി.എസിനായി ചന്ദ്രബാബു നായിഡു തന്റെ മുൻകാല പരിശ്രമങ്ങൾ കടുപ്പിച്ചിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി നിഷേധിച്ചതിനെ തുടർന്ന് ടി.ഡി.പി കേന്ദ്ര സർക്കാറിൽനിന്ന് ഇറങ്ങിപ്പോവുന്ന സന്ദർഭമുണ്ടായി. എന്നാൽ, 2019ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ നായിഡുവിന് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.

അതേമസയം, കാര്യങ്ങൾ ഇത്തവണ വ്യത്യസ്തമാണ്. ലോക്‌സഭയിൽ ഒറ്റക്കക്ഷിയെന്ന നിലയിൽ ബി.ജെ.പിക്ക് അംഗബലം കുറവാണ്. നായിഡു സംസ്ഥാനത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ആന്ധ്രയിൽ ടി.ഡി.പിയും ബി.ജെ.പിയുമായി സഖ്യമുണ്ട്. 240 സീറ്റുകൾ മാത്രമുള്ള ബി.ജെ.പിക്ക് നായിഡുവിന്റെ പിന്തുണ നിർണായകമാണ്. ലോക്‌സഭയിൽ പ്രത്യുപകാരമായി നായിഡു നിരവധി വാഗ്ദാനങ്ങളും ഉറപ്പുകളും നേടിയെടുക്കുമെന്ന സൂചനകളുണ്ട്.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി.

എന്താണ് പ്രത്യേക സംസ്ഥാന പദവി?

ചില സംസ്ഥാനങ്ങൾ ചരിത്രപരമായ സാമ്പത്തികമോ ഭൂമിശാസ്ത്രപരമോ ആയ പോരായ്മകൾ അഭിമുഖീകരിക്കുകയാണെങ്കിൽ അവയുടെ വികസനത്തിനും വളർച്ചക്കും സഹായിക്കുന്നതിന് 1969ൽ ഇന്ത്യയുടെ അഞ്ചാം ധനകാര്യ കമീഷൻ അവതരിപ്പിച്ചതാണ് എസ്.സി.എസ്. ദുഷ്‌കരമായ കുന്നിൻപ്രദേശങ്ങൾ, കുറഞ്ഞ ജനസാന്ദ്രതയുള്ള മേഖലകൾ, ഗണ്യമായ ഗോത്രജനസംഖ്യ, അതിർത്തികളിലെ തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തികമോ അടിസ്ഥാന സൗകര്യത്തിലോ ഉള്ള പിന്നാക്കാവസ്ഥ, സംസ്ഥാന ധനകാര്യ സംവിധാനങ്ങളുടെ ലാഭകരമല്ലാത്ത സ്വഭാവം തുടങ്ങിയ ഘടകങ്ങൾ സാധാരണയായി എസ്‌.സി.എസ് അംഗീകരിക്കുന്നതിന് പരിഗണിക്കപ്പെടുന്നു. പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ആവശ്യമായ ഫണ്ടിന്റെ 90 ശതമാനം നൽകാൻ കേന്ദ്രം ബാധ്യസ്ഥമാണ്.

മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും അതിർത്തി മലയോര സംസ്ഥാനങ്ങളായ ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി അനുവദിച്ചിരുന്നു. ഇതോടെ ആന്ധ്ര ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളും എസ്.സി.എസ് ആവശ്യപ്പെട്ടു രംഗത്തുവന്നു.

എന്തുകൊണ്ട് ആ​ന്ധ്ര പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നു?

പുനഃസംഘടന നിയമം വഴി അവിഭക്ത ആന്ധ്രയെ വിഭജിച്ച് 2014ൽ തെലങ്കാന രൂപീകരിച്ചപ്പോൾ അന്ന് സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം വലുതായിരുന്നു. ​ആന്ധ്രയുടെ വികസനത്തിന്റെയും വരുമാനത്തിന്റെയും ഭൂരിഭാഗവും കേന്ദ്രീകരിച്ച ഹൈദരാബാദ് തെലങ്കാനയുടെ ഭാഗമായി. ഇതിനു പരിഹാരമായി വരുമാനനഷ്ടം നികത്താൻ അന്ന് കേന്ദ്രം ഭരിച്ച യു.പി.എ സർക്കാർ പ്രത്യേക പദവി വാഗ്ദാനം ചെയ്തു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം 2014 മുതൽ 19 വരെ മുഖ്യമന്ത്രിയായിരുന്ന നായിഡുവും ശേഷം മുഖ്യമന്ത്രിയായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയും എസ്.സി.എസ്സിനു വേണ്ടി ആവർത്തിച്ച് ആവശ്യമുന്നയിച്ചു.

അവിഭക്ത സംസ്ഥാനം അന്യായവും അസമത്വവുമായ രീതിയിൽ വിഭജിക്കപ്പെട്ടുവെന്നാണ് ആന്ധ്രയുടെ വാദം. സംസ്ഥാനത്തിന്റെ ജനസംഖ്യയും കട ബാധ്യതകളുമെല്ലാം കൂടുതലായി ലഭിച്ചപ്പോൾ വരുമാന സ്രോതസ്സുകളിൽ ഗണ്യമായ കുറവുണ്ടായതായി ചൂണ്ടിക്കാട്ടി. വിഭജനത്തിനുശേഷം തെലങ്കാനക്കൊപ്പം പോയ ഹൈദരാബാദിലെ സോഫ്റ്റ്​വെയർ കയറ്റുമതിയിൽ നിന്നുമാത്രം ആ ഒരൊറ്റ വർഷം 56,500 കോടി രൂപ നഷ്ടം സംഭവിച്ചതായും പറയുന്നു.

ആന്ധ്ര അടിസ്ഥാനപരമായി ഒരു കാർഷിക സംസ്ഥാനമാണെന്നും കുറഞ്ഞ സാമ്പത്തിക ഉത്തേജനം വലിയ വരുമാന നഷ്ടങ്ങളിലേക്ക് നയിക്കുമെന്നും 2015-16ൽ തെലങ്കാനയുടെ പ്രതിശീർഷ വരുമാനം 14,411 രൂപയായിരുന്നപ്പോൾ എ.പിക്ക് 8,397 രൂപ മാത്രമായിരുന്നുവെന്നുമുള്ള കണക്കുകൾ പുറത്തുവന്നു.

പ്രത്യേക പദവിയെന്ന ചിരകാല ആവശ്യം മുന്നണിയിൽ ഇരുന്നുകൊണ്ടുതന്നെ നേടിയെടുക്കാൻ നായിഡുവിന് കഴിയുമോ എന്നതാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു കാര്യം. 


Tags:    
News Summary - Special Category Status for Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.