വാഷിങ്ടൺ: യു.എസിൽ വനിതകൾക്ക് ഗർഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം എടുത്തു കളഞ്ഞ് സുപ്രീം കോടതി. ഗർഭഛിദ്രം അനുവദിക്കുന്ന റോ- വേഡ് കേസിൽ 1973ലെ ചരിത്രപരമായ വിധി തള്ളിയാണ് ഇത് നിരോധിക്കുന്ന നിയമത്തിന് കോടതി കളമൊരുക്കിയത്. റിപ്പബ്ലിക്കൻ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗർഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും നൽകി.
സുപ്രീം കോടതി വിധി പിന്തുടർന്ന് 50 സംസ്ഥാനങ്ങളിൽ പകുതിയോളം ഗർഭഛിദ്ര നിരോധനമോ നിയന്ത്രണമോ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ 13 സംസ്ഥാനങ്ങളിൽ നേരത്തെ ഇതിന്റെ പ്രാഥമിക ചട്ടങ്ങൾ നിലവിലുണ്ട്. കെന്റക്കി, ലൂസിയാന, അർകൻസാസ്, സൗത് ഡക്കോട്ട, മിസൂറി, ഓക്ലഹോമ, അലബാമ സംസ്ഥാനങ്ങളിലാണ് നിരോധനം നടപ്പാക്കാൻ അനുവദിക്കുന്ന നിയമം നിലനിൽക്കുന്നത്. അതേ സമയം, മിസിസിപ്പി, നോർത് ഡക്കോട്ട സംസ്ഥാനങ്ങളിൽ അറ്റോണി ജനറൽമാർ നിയമത്തിൽ ഒപ്പുവെക്കുന്നതോടെ നിരോധനം നിലവിൽ വരും. വ്യോമിങ്ങിൽ അഞ്ചു ദിവസത്തിനകവും ഇഡാഹോ, ടെന്നസി, ടെക്സസ് സംസ്ഥാനങ്ങളിൽ 30 ദിവസത്തിനകവും നിരോധനം നടപ്പാകും.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനായി പ്രവർത്തിച്ച ക്ലിനിക്കുകൾ അടച്ചുപൂട്ടി തുടങ്ങി.
അതേ സമയം, വിധി ദുരന്തസമാനമായ തെറ്റാണെന്ന് പ്രസിഡന്റ് ബൈഡൻ കുറ്റപ്പെടുത്തി.
കോടതി വിധി വന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.