അൽ ബാഹ: ഹൃദയം കവരും കാഴ്ചകളാണ് ‘അൽ ഹബാഷി’ പാർക്കിന്റെ പ്രത്യേകത. സൗദി തെക്കൻ പ്രവിശ്യയിലെ അൽ ബാഹ പട്ടണത്തിലാണിത്. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ പ്രശസ്തമായ അൽ ബാഹയുടെ ആ കീർത്തിക്ക് തിലകക്കുറിയാണ് ഈ പാർക്ക്.
പട്ടണ ഹൃദയത്തിൽ 3,000 ചതുരശ്ര മീറ്റർ വലുപ്പത്തിലാണ് ഈ പൊതു ഉദ്യാനം പച്ചവിരിച്ച് കിടക്കുന്നത്. അതിനുള്ളിൽ 25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആളുകൾക്ക് വന്നിരിക്കാനും സമയം ചെലവിടാനും കുട്ടികൾക്ക് കളിക്കാനുമുള്ളതടക്കം വിവിധ സൗകര്യങ്ങളോടെ പാർക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് ഉല്ലസിക്കാനും വിശ്രമിക്കാനും നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്.
അൽ ബാഹയിലെ തദേശവാസികൾക്ക് മാത്രമല്ല വിനോദസഞ്ചാരത്തിനും മറ്റ് സന്ദർശനാവശ്യങ്ങൾക്കുമെല്ലാം എത്തുന്ന ആളുകളെ ഒരുപോലെ സ്വീകരിക്കാനും അവരെ ആനന്ദിപ്പിക്കാനും മനോഹരമായ പൂന്തോട്ടങ്ങളടക്കം ഒരുക്കിയ പാർക്ക് വേറിട്ട കാഴ്ചയാണ് സമ്മാനിക്കുന്നതെന്ന് പാർക്ക് അതോറിറ്റിയുടെ മേഖല സെക്രട്ടറി ഡോ. അലി അൽ സവാത്ത് പറഞ്ഞു.
വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുവാൻ പാർക്കിന്റെ സവിശേഷ പ്രകൃതി സൗന്ദര്യവും ഹരിത ഇടങ്ങളും ഈയിടെ വർധിപ്പിച്ച് പ്രദേശത്തെ പ്രമുഖ ടൂറിസ്റ്റ് സൈറ്റുകളിലൊന്നാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
800 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കൃത്രിമ തടാകം, സംവേദനാത്മക ജലധാര, 1,022 മീറ്റർ നീളമുള്ള നടപ്പാതകൾ, മൊത്തം 3,300 മീറ്റർ വിസ്തീർണമുള്ള രണ്ട് ഫുട്ബാൾ മൈതാനങ്ങൾ, കുട്ടികൾക്ക് ഉല്ലസിക്കാനും വിവിധ കായിക വിനോദങ്ങളിൽ മുഴുകാനും പ്രത്യേക ഇടങ്ങൾ എന്നിവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. 1,230 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഇടങ്ങളും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർഥന ഹാളുകളും പാർക്കിനോടനുബന്ധിച്ച് സംവിധാനിച്ചിട്ടുണ്ട്.
പ്രദേശത്തെത്തുന്ന പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വിനോദവും ആസ്വാദനവും പകരുന്ന പ്രകൃതിദത്തമായ ഇടങ്ങൾ ഒരുക്കുന്നതിലൂടെ ടൂറിസം, നിക്ഷേപ മേഖല കൂടുതൽ വികസിപ്പിക്കാൻ മേഖലയിലെ മുനിസിപ്പാലിറ്റി അധികൃതർ വിവിധ പദ്ധതികളാണ് പ്രദേശത്ത് ഇപ്പോൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.