കട്ടപ്പന: കുടുംബസമേതം ഉല്ലസിക്കാൻ ചെല്ലാർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും. തേക്കടിയിലെത്തുന്ന ടൂറിസ്റ്റുകളിൽ ഏറെയും ഇക്കോ ടൂറിസം കേന്ദ്രമായ ചെല്ലൂർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും ഒഴിവാക്കാറില്ല. രണ്ട് സ്ഥലങ്ങൾ ഒരുമിച്ചു കാണാനും ഉല്ലസിക്കാനും പറ്റിയ പ്രദേശമാണ് ഇവിടം. തേക്കടി പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാൽ ചെല്ലാർകോവിൽ ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താം. സമുദ്ര നിരപ്പിൽ നിന്ന് 3500 അടിയോളം ഉയരമുള്ള ഇവിടെ നിന്ന് തമിഴ്നാടിന്റെ വിദൂര ദൃശ്യം കാണാം. ലോവർ പെരിയാർ മുതൽ മധുര വരെയുള്ള നഗരങ്ങൾ ഒരു പൊട്ടു പോലെ മഞ്ഞുകണങ്ങൾക്കുള്ളിലൂടെയും കാണാനാകും.
സമീപത്തായി വനം വകുപ്പ് നിർമിച്ച പാർക്കും വാച്ച് ടവറും ഉണ്ട്. രണ്ടിടങ്ങളിലും ടൂറിസ്റ്റുകൾക്ക് പ്രവേശിക്കാം. ചെല്ലാർകോവിൽമെട്ടിൽ നിന്ന് കേരള- തമിഴ്നാട് അതിർത്തിയിലൂടെ ഒന്നര കിലോമീറ്റർ നടന്നോ വാഹനത്തിലോ പോയാൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിലെത്താം. അപകട സാധ്യത ഏറെയുള്ള പ്രദേശമായതിനാൽ ഏറെ ശ്രദ്ധയോടെ വേണം ഇതിലൂടെ സഞ്ചരിക്കാൻ.
കുങ്കരിപ്പെട്ടിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ജലമൊഴുന്ന അരുവിക്കുഴി വെള്ളച്ചാട്ടം ടുറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നതാണ്. 3500 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളത്തിൽ പകുതിയും മഞ്ഞുകണങ്ങളായി അന്തരീക്ഷത്തിൽ തന്നെ അലിഞ്ഞു ചേരുന്ന കാഴ്ചാ വിസ്മയമാണ് പ്രത്യേകത. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അരുവിക്കുഴി വെള്ളച്ചാട്ടം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതോടെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി മാറുകയാണ്. ചെല്ലാർകോവിൽ മെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടവും മലമുകളിൽ നിന്നുള്ള തമിഴ്നാട്ടിന്റെ വിദൂര കാഴ്ചയുമാണ് പ്രധാന ആകർഷണം.
ഒപ്പം പ്രകൃതി ഭംഗിയും വാച്ച് ടവറിൽ നിന്നുള്ള ആകാശ കാഴ്ചയും സഞ്ചാരികളുടെ മനം മയക്കും. അമിനിറ്റി സെന്റർ, വാച്ച് ടൗവർ, സൗചാലയങ്ങൾ, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ പുതിയതായി നിർമിച്ചു. റോഡിന്റെ നിർമാണവും പൂർത്തിയായതോടെ കൂടുതൽ ടൂറിസ്റ്റുകൾ ഇവിടേക്ക് എത്തുകയാണ്. ചെല്ലർകോവിലിൽ നവവധു വരന്മാരുടെ ഇഷ്ട കേന്ദ്രം കുടിയാണ്.
വിവാഹ ആൽബത്തിനും സംഗീത ആൽബ നിർമാണത്തിനുമായും ആളുകളെത്തുന്നു ഇവിടേക്ക്. ചെല്ലാർകോവിൽ ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വിദേശ സ്വദേശ ടൂറിസ്റ്റുകളുടെ വിഹാരഭൂമിയാണെങ്കിലും വേണ്ടത്ര പ്രചാരണം ലഭിക്കാത്തത് സഞ്ചാരികളുടെ ഒഴുക്ക് കുറക്കുന്നു. ആയുർവേദ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, ഇക്കോ പാർക്ക്, ചിൽഡ്രൻസ് പ്ലേ ഏരിയ എന്നിവയും ഈ ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രധാന സവിശേഷതകളാണ്.
കട്ടപ്പന: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകൾക്ക് അവഗണന. അപകട സാധ്യത മേഖലകളിൽ വേണ്ടത്ര മുൻകരുതൽ നടപടികളില്ല. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അഞ്ചുരുളി, അയ്യപ്പൻകോവിൽ, കല്യാണത്തണ്ട്, കരടിപ്പാറ, ചെല്ലർകോവിൽ, അരുവിക്കുഴി തുടങ്ങിയ ഇക്കോ ടൂറിസം പ്രദേശങ്ങൾ ടൂറിസ്റ്റുകളുടെ സപ്ന ഭൂമിയാണെങ്കിലുംഅടിസ്ഥാന സൗകര്യങ്ങളുടെ കുറവും സുരക്ഷാ മുൻകരുതലിന്റെ അഭാവവും സഞ്ചാരികളെ അകറ്റുന്ന സ്ഥിതിയാണ്.
ഇടുക്കി ജലശയത്തിന്റെ അഞ്ചുരുളി മേഖലയിലാണ് അഞ്ചുരുളി ഇക്കോ ടൂറിസം കേന്ദ്രം. ഇരട്ടയാർ ഡാമിൽ നിന്ന് ഇടുക്കി ജലാ ശയത്തിലേക്ക് വെള്ളമെത്തിക്കുന്ന ടണലും ഇടുക്കി ജലാശയത്തിലേക്ക് വെള്ളം പതിക്കുമ്പോൾ ഉണ്ടാകുന്ന വെള്ളച്ചാട്ടവുമാണ് പ്രധാന ആകർഷണം. അഞ്ചുരുളി വെള്ളച്ചാട്ടത്തിന് സമീപം ജലാശയത്തിന്റെ കര ഭാഗത്തെ മണ്ണ് ഒലിച്ചു പോയി വലിയ അപകടാവസ്ഥയിലാണ് ടൂറിസ്റ്റ് കേന്ദ്രം.
ഇവിടെ താൽക്കാലിക വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേലി സ്ഥിതി ചെയ്യുന്ന തീര ഭാഗത്തെ അടിമണ്ണ് ഒലിച്ചു പോയി കര ഇടിഞ്ഞിരിക്കുകയാണ്. അഞ്ചുരുളി തൂരങ്ക മുഖത്തു ഇരുമ്പു പൈപ്പ് ഉപയോഗിച്ച് സ്ഥാപിച്ച വേലികൾ കാലവർഷത്തെ ജല പ്രവാഹത്തിൽ നാമാവശേഷമായി. അയ്യപ്പൻ കോവിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ തൂക്കുപാലം അപകടാവസ്ഥയിലാണ്. പാലത്തിൽ കയറാവുന്ന വിനോദ സഞ്ചരികളുടെ എണ്ണം പരിമിതപെടുത്തിയിട്ടുണ്ടങ്കിലും മിക്കപ്പോഴും വളരെയധികം പേർ തൂക്കുപാലത്തിൽ കയറുന്നതു അപകട ഭീഷണി ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.