അരൂർ: നാഷനൽ ജിയോഗ്രാഫിെൻറ 24 മണിക്കൂർ ലോകസഞ്ചാര ഭൂപടത്തിൽ ഇന്ത്യയിൽനിന്ന് ഉൾപ്പെട്ട ഏകയിടം എന്ന നിലയിൽ ലോകശ്രദ്ധ ആകർഷിച്ച എഴുപുന്ന പഞ്ചായത്തിലെ കായൽതുരുത്തായ കാക്കത്തുരുത്തിലെ കോവിഡുകാല ജീവിതം പതിവിലും സാധാരണ നിലയിലാണ്.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ കാക്കത്തുരുത്ത് സ്ഥാനം പിടിച്ചത് വിനോദസഞ്ചാര വകുപ്പിെൻറ ഇടപെടൽകൊണ്ട് ആയിരുന്നില്ല. സ്വന്തം നിലയിൽ ഇവിടം തേടിയെത്തുന്ന സഞ്ചാരികൾക്കായി അധികൃതർ ഒന്നും ചെയ്തതുമില്ല. ഒരു ദിശാബോർഡുപോലും വെച്ചിട്ടുമില്ല.
എന്നിരുന്നാലും കേട്ടറിഞ്ഞ് തുരുത്തിലേക്ക് എത്തുന്ന ആയിരങ്ങളെ വരവേൽക്കാൻ ഗ്രാമം സ്വയം ഒരുങ്ങിയിരുന്നു. കായൽകാഴ്ചകൾക്ക് നൗകയൊരുക്കിയും ഗ്രാമീണകാഴ്ചകൾക്ക് പാത ഒരുക്കിയും അവർ തങ്ങളുടേതായ നിലയിൽ പണം മുടക്കി.
എന്നാൽ, കോവിഡ് കാലത്തെ ദുരിതപ്പെയ്ത്തിൽ അതെല്ലാം നിഷ്ഫലമാകുകയായിരുന്നു. ഇപ്പോൾ ഇവിടെ തുരുത്തുനിവാസികൾപോലും വീട് വിട്ട് പുറത്തിറങ്ങാറില്ല. വിനോദസഞ്ചാരത്തിനു മുതൽമുടക്കിയ പട്ടികജാതി സഹകരണ സംഘം അങ്കലാപ്പിലാണ്. ഇനി എന്നാണ് ഈ കാഴ്ചകളൊക്കെ കാണാൻ ലോകസഞ്ചാരികൾ എത്തുന്നതെന്ന് ഇവർക്ക് അറിയില്ല.
ലോകകാഴ്ചയിലേക്ക് ഉയരുന്ന സായാഹ്നങ്ങൾ ഇന്നും കാക്കത്തുരുത്തിൽ പതിവുപോലെ സംഭവിക്കുന്നുണ്ട്. എന്നാൽ, പ്രകൃതിയുടെ ഈ വിസ്മയക്കാഴ്ച ആസ്വദിക്കാൻ കാഴ്ചക്കാർ ആരുമില്ലാതെ ഒടുങ്ങുകയാണെന്ന് മാത്രം. കോവിഡ് ഭീഷണി അവസാനിച്ചാൽ കാക്കത്തുരുത്തിലേക്ക് പൂർവാധികം സഞ്ചാരികൾ എത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
ദേശീയപാതയിൽ എരമല്ലൂരിൽനിന്ന് കിഴക്കോട്ട് സഞ്ചരിച്ച് വള്ളത്തിൽ വേണം വിസ്മയക്കാഴ്ചയുടെ മണ്ണിലെത്താൻ. നോർവേയിലെ പ്രശസ്തമായ അറോറ ബോറിയാലിസിൽ (ധ്രുവദീപ്തി) തുടങ്ങുന്ന യാത്രയിൽ ചില പ്രത്യേക സമയങ്ങളിൽ പ്രത്യേക ഇടങ്ങൾക്ക് ലഭിക്കുന്ന അപൂർവ ചാരുത വിഷയമാക്കിയുള്ള പഠനത്തിലാണ് കാക്കത്തുരുത്തിലെ സൂര്യാസ്തമയം ലോകപ്രശസ്തമായത്.
24 മണിക്കൂറിൽ 24 സ്ഥലങ്ങളാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതിൽ വൈകുന്നേരം ആറുമണിയാണ് കാക്കത്തുരുത്തിലെ മനോഹാരിത ആസ്വദിക്കാൻ പറ്റിയ സമയമെന്നാണ് നാഷനൽ ജിയോഗ്രാഫിക് ചാനൽ പറയുന്നത്.
വേമ്പനാട്ടുകായലിൽ ഏകദേശം 300 മീറ്റർ ദൂരത്തിൽ പാലം നിർമിച്ചാൽ എരമല്ലൂരിൽനിന്ന് കാക്കത്തുരുത്തിലേക്ക് എളുപ്പത്തിൽ എത്താനാകും.
ജൈവവൈവിധ്യം നഷ്ടപ്പെടാതുള്ള വിനോദസഞ്ചാര രീതി അവലംബിച്ചാൽ തുരുത്ത് കേരളത്തിെൻറ അഭിമാനമായി വിനോദസഞ്ചാര മേഖലക്ക് തിലകക്കുറിയായി നിലകൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.