ലോക സഞ്ചാര ഭൂപടത്തിൽ ദുബൈയുടെ വഴിയില്‍ റാസല്‍ഖൈമയുടെ ജൈത്രയാത്ര. മനോഹരമായ ഭൂപ്രകൃതിക്കൊപ്പം സന്ദര്‍ശകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ആഢംബര താമസയിടങ്ങളും ഒരുക്കിയതോടെയാണ് ലോക സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി റാസല്‍ഖൈമ മാറിയിരിക്കുന്നത്. മധ്യപൗരസ്ത്യ നാടുകളിലെ വിനോദ കേന്ദ്രങ്ങളില്‍ മുന്‍നിര പട്ടികയിലേക്കുള്ള യാത്രയില്‍ ശതകോടീശ്വരന്മാരായ നിക്ഷേപകര്‍ക്കും റാസല്‍ഖൈമ പ്രിയങ്കരമാവുകയാണ്.
ദുബൈക്ക് സമാനമായി വിനോദ സഞ്ചാരികളും നിക്ഷേപകരും ഒരുപോലെ ഇഷ്ടപ്പെടുന്നുവെന്നതാണ് റാസല്‍ഖൈമയുടെ കീര്‍ത്തി ഉയര്‍ത്തുന്ന ഘടകം. കൗതുമുളവാക്കുന്ന മനുഷ്യ നിര്‍മിതികളാണ് ദുബൈയുടെ ആകര്ഷണമെങ്കില് അതുല്യമായ ഭൂപ്രകൃതിയാണ് റാസല്‍ഖൈമയുടെ ആകര്‍ഷണം. കടല്‍ തീരങ്ങള്‍, പര്‍വ്വത നിരകള്‍, മണല്പരപ്പുകള്, കൃഷി നിലങ്ങള്‍, വിസ്മയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍, സാഹസിക വിനോദത്തിന് അനുയോജ്യമായ പ്രദേശങ്ങള്‍ തുടങ്ങിയവ റാസല്‍ഖൈമയെ വേറിട്ടു നിര്‍ത്തുന്നു.
സംരഭകര്‍ക്ക് നിക്ഷേപ രംഗത്ത് അധികൃതര്‍ നല്കുന്ന പ്രോല്‍സാഹനം റാസല്‍ഖൈമയുടെ ദ്രുതവളര്ച്ചക്ക് പ്രേരകമാണ്. റഷ്യ, ചെക്ക് റിപ്പബ്ളിക് തുടങ്ങി ഇന്ത്യ ഉള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളിലെ നിക്ഷേപകരെ ലക്ഷ്യമിട്ട് തന്ത്രപരമായ നിക്ഷേപ സൗഹൃദ സമീപനമാണ് റാസല്‍ഖൈമ സ്വീകരിക്കുന്നത്. തുറന്ന സാമ്പത്തിക നയത്തിന് പ്രോല്‍സാഹനം നല്കുന്ന യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍, വെര്‍ച്വല്‍ അസറ്റ് ബിസിനസ് സംരംഭങ്ങളെ ലക്ഷ്യമിട്ട് തുടങ്ങിയ പുതിയ ഡിജിറ്റല്‍ സ്വതന്ത്ര വ്യാപാര മേഖല അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ആകര്‍ഷിക്കുന്നതാണ്.
നിരവധി പേര് സ്ഥിരതാമസത്തിന് റാസല്‍ഖൈമയെ ആശ്രയിക്കുന്നതും വസ്തുവകകള്‍ സ്വന്തമാക്കുന്നതും സാമ്പത്തിക സുസ്ഥിരതയെ ബലപ്പെടുത്തുന്നതാണ്. ഇമാറാത്തിൽ ഉദിച്ചുയരുന്ന താരമായി ആഗോള വേദികളില്‍ വിശേഷിപ്പിക്കപ്പെടുന്ന റാസല്‍ഖൈമ ഭാവിയിൽ ഈ മേഖലയിൽ ഉയരങ്ങൾ കീഴടക്കുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.