കോവിഡ് മഹാമാരിയും തുടർന്നുള്ള അടച്ചു പൂട്ടലുകളും ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് ടൂറിസം. 2019ലെ കണക്കനുസരിച്ച് 45,019 കോടി രൂപയോളം സംസ്ഥാനത്തിന് നേടിക്കൊടുക്കുകയും നേരിട്ടും അല്ലാതെയുമായി 15 ലക്ഷം ജനങ്ങൾക്ക് തൊഴിൽ നൽകുകയും ചെയ്തിരുന്നു ടൂറിസം മേഖല. 11.9 ലക്ഷം വിദേശ സഞ്ചാരികളെയും 1.84 കോടി പ്രാദേശിക സഞ്ചാരികളേയും കേരളം വരവേറ്റിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് യഥാക്രമം 8.25 ശതമാനവും 17.81 ശതമാനവും വർധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ, നിലവിൽ കോവിഡ് മൂലം തൊണ്ണൂറു ശതമാനം പ്രവർത്തനങ്ങളും നിലച്ച ടൂറിസം മേഖലയിൽ ഇരുപതിനായിരം കോടി രൂപയുടെ നഷ്ടമാണ് വിലയിരുത്തപ്പെടുന്നത്. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരുടെയും ടൂറിസ പദ്ധതി ഉപേക്ഷിച്ച സംരംഭകരുടേയും പാതിവഴിയിൽ നിർത്തിയ ടൂറിസം നിർമാണങ്ങളുടെയും എണ്ണം നിരവധിയാണ്. ഈ അവസരത്തിൽ ടൂറിസം മേഖലയിലെ സംരംഭകർക്കും ജീവനക്കാർക്കും പുനരുജ്ജീവനത്തിന് പദ്ധതികൾ സംസ്ഥാന ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ടൂറിസം വകുപ്പിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ടൂറിസം സംരംഭകർക്കും അതിലെ ജീവനക്കാർക്കും പദ്ധതികൾ വഴി സഹായ ആനുകൂല്യങ്ങൾ നേടാം.
കോവിഡ് മൂലം പ്രവർത്തനങ്ങൾ നിലച്ച ടൂറിസം സംരംഭങ്ങൾക്ക് പുനരുജ്ജീവനത്തിനുള്ള പ്രവർത്തന മൂലധന പിന്തുണ എന്ന നിലയിലാണ് ഈ പദ്ധതി ആരംഭിച്ചത്. സംസ്ഥാനതല ബാങ്ക് സമിതിയുമായി യോജിച്ചാണ് നടപ്പാക്കുന്നത്. ഒരു വർഷത്തേക്ക് 50 ശതമാനം പലിശ സബ്സിഡിയോടെ 25 ലക്ഷം രൂപ വരെയുള്ള വായ്പയാണ് ഓരോ സംരംഭങ്ങൾക്കും നൽകുന്നത്. 355 കോടിയാണ് സംരംഭകർക്ക് ഇതിലൂടെ ലഭിക്കുന്നത്. പതിനഞ്ച് കോടിയാണ് സർക്കാർ പലിശ സബ്സിഡി ഇനത്തിൽ വകയിരുത്തിയിരിക്കുന്നത്.
5000 യൂനിറ്റുകൾ ഗുണഭോക്താക്കളാകും. ഇരുപത്തഞ്ച് ലക്ഷം രൂപയാണ് പരമാവധി വായ്പ. ഒരു വർഷത്തേക്ക് 50 ശതമാനം പലിശ സബ്സിഡി സർക്കാർ നൽകും. ഒരു വർഷത്തിനു ശേഷം പൂർണമായും പലിശ സംരംഭകൻ നൽകേണ്ടിവരും. ആറു മാസത്തെ അവധിയുൾെപ്പടെ 42 മാസതവണകളായിരിക്കും തിരിച്ചടവ് കാലാവധി. ഈടില്ലാതെ വായ്പ നൽകാനാണ് നിർദേശം.
സംരംഭകരുടെ പ്രവർത്തന വ്യാപ്തിയനുസരിച്ച് രണ്ടു വിഭാഗമായി തിരിച്ചാണ് അനുവദിക്കുന്നത്. ആദ്യ വിഭാഗത്തിന് ഒന്നു മുതൽ മൂന്നു ലക്ഷം വരെയും രണ്ടാം വിഭാഗത്തിന് അഞ്ചു ലക്ഷം മുതൽ 25 ലക്ഷം വരെയും വായ്പ അനുവദിക്കും. കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും പ്രയോജനപ്പെടുത്താം. പ്രവർത്തന ലൈസൻസുകൾ, നിയമാനുസൃത അനുമതി പത്രം, സാമ്പത്തിക രേഖകൾ എന്നിവ സമർപ്പിക്കണം. സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഏതു വിഭാഗത്തിലെ വായ്പക്കാണ് അർഹൻ എന്ന് നിശ്ചയിക്കുന്നത്.
ഓരോ ടൂറിസ്റ്റ് ഗൈഡുകൾക്കും 10,000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായം നൽകുന്ന ആശ്വാസ പദ്ധതിയാണിത്. കേരള ടൂറിസം വകുപ്പിെൻറ അംഗീകാരമുള്ള 251 ഉം കേന്ദ്ര അംഗീകാരമുള്ള 77 ഉം ഉൾപ്പടെ 328 ടൂറിസ്റ്റ് ഗൈഡുകൾക്ക് പദ്ധതി വഴി സഹായം ലഭിക്കും.
32,80,000 രൂപ ഇതിനായി സർക്കാർ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റീജനൽ, സ്റ്റേറ്റ്, ലോക്കൽ ലെവൽ ഗൈഡുകൾക്കാണ് സഹായം നൽകുന്നത്. ഗൈഡുമാർ മറ്റു തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരാകരുത്. സെപ്റ്റംബർ 30 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് കേരള ടൂറിസം വകുപ്പ് കേരള ബാങ്കുമായി കൈകോർത്ത് സബ്സിഡിയോടെ വായ്പ നൽകുന്ന പദ്ധതിയാണിത്. നൂറ് കോടിയുടെ വായ്പയാണ് നൽകുന്നത്. ഒമ്പതു കോടി പലിശ സബ്സിഡിക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട്. 20,000, 25,000, 30,000 എന്നിങ്ങനെ മൂന്നു വായ്പകൾ കേരള ബാങ്ക് ഒമ്പത് ശതമാനം പലിശ നിരക്കിൽ നൽകുകയും ആറ് ശതമാനം പലിശ സബ്സിഡിയായി സംസ്ഥാന സർക്കാർ വഹിക്കുകയും ചെയ്യും. ഫലത്തിൽ മൂന്ന് ശതമാനത്തിന് വായ്പ ലഭിക്കും.
നാലു മാസത്തെ മൊറട്ടോറിയമുൾപ്പടെ 18 മാസതവണകളായി തിരിച്ചടക്കണം. സ്വർണ പണയത്തിെൻറ അടിസ്ഥാനത്തിലായിരിക്കും വായ്പ. റിസോർട്ടുകൾ, ഹോട്ടലുകൾ, ആയുർവേദ സെൻററുകൾ, ഹോം സ്‌റ്റേകൾ, വില്ലകൾ, ഹൗസ് ബോട്ടുകൾ, ടൂർ ഓപറേറ്റർ, ട്രാൻസ്പോർട്ട് ഓപറേറ്റർ, മോട്ടോർ ഓപറേറ്റർ തുടങ്ങിയ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. സ്ഥിരം അെല്ലങ്കിൽ കരാർ ജീവനക്കാരനോ, ദിവസവേതനക്കാരനോ ആയിരിക്കണം. സെപ്റ്റംബർ 30 ന് മുമ്പ് അപേക്ഷ നൽകണം. വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും ടൂറിസം വകുപ്പിെൻറ വെബ്സൈറ്റ് www.keralatourism.org സന്ദർശിക്കാം.
കോവിഡിനെ തുടർന്ന് ആറു മാസത്തിലധികമായി ഹൗസ് ബോട്ടുകളുടെ പ്രവർത്തനം പൂർണമായും നിലച്ചിട്ട്. ബോട്ടുകളുടെ യന്ത്രസാമഗ്രികൾ പലതും പ്രവർത്തിപ്പിക്കാത്തതിനെ തുടന്ന് നശിച്ചു. ഇതിെൻറ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനും പരിപാലിക്കുന്നതിനുമായി കേരള ടൂറിസം വകുപ്പ് ഒറ്റത്തവണ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം. കേരളത്തിൽ സർവിസ് നടത്തുന്ന ആയിരം ഹൗസ് ബോട്ടുകളെ ലക്ഷ്യമാക്കി പത്ത് കോടി രൂപയാണ് ഇതിനായി സർക്കാർ നൽകുന്നത്.
ഹൗസ് ബോട്ടുകളുടെ താമസ മുറികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായി തിരിച്ചാണ് സഹായം ലഭ്യമാക്കുന്നത്. ഒന്ന് മുതൽ രണ്ട് വരെ മുറികളുള്ള ഹൗസ് ബോട്ടുകൾക്ക് 80000 രൂപ വരെയും മൂന്ന് മുതൽ നാല് വരെയുള്ളവർക്ക് ലക്ഷം രൂപ വരെയും അഞ്ചിൽ കൂടുതലുള്ളവർക്ക് 120000 രൂപ വരെയും തിരിച്ചടവില്ലാത്ത ഒറ്റത്തവണ സാമ്പത്തിക സഹായം നൽകും. ഒന്നിൽ കൂടുതൽ ഹൗസ് ബോട്ടുകളുളളവർക്ക് പരമാവധി അഞ്ച് ലക്ഷം വരെ ലഭിക്കും. കേരള തുറമുഖ വകുപ്പിെൻറ രജിസ്ട്രേഷനുള്ള ഹൗസ് ബോട്ടുകൾക്ക് അപേക്ഷിക്കാം. പദ്ധതിക്കായി നവബംർ 30 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.