ദോഹ: ലോകകപ്പ് ഫുട്ബാളിന് പിന്നാലെ അന്താരാഷ്ട്ര സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ഖത്തറിൽ ഈ വർഷം ഇതുവരെ ഒഴുകിയെത്തിയത് 30 ലക്ഷത്തിലേറെ സഞ്ചാരികൾ. വർഷം അവസാനിക്കാനിരിക്കെയാണ് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി സന്ദർശകരുടെ കണക്കുകൾ പങ്കുവെച്ചത്. ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ മാറിയെന്നതിന്റെ തെളിവാണിതെന്നും അൽ ഖർജി കൂട്ടിച്ചേർത്തു.
2022 ഫിഫ ലോകകപ്പിന് ഖത്തർ വിജയകരമായി ആതിഥേയത്വം വഹിച്ചതും അത് സംഘടിപ്പിക്കുന്നതിലെ അത്ഭുതപൂർവമായ വിജയവും അൽ ഖർജി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരത്തിനായുള്ള അറബ് മന്ത്രിതല സമിതിയുടെ 26ാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയുടെ വികസനത്തിന് അറബ് തലത്തിൽ ഉപയോഗിക്കാവുന്ന സമ്പന്നമായ അനുഭവമായിരുന്നു ലോകകപ്പെന്നും അൽ ഖർജി വ്യക്തമാക്കി. സ്വിറ്റ്സർലൻഡിന് പുറത്ത് ആദ്യമായി നടന്ന ജനീവ ഇന്റർനാഷനൽ മോട്ടോർഷോ, കൈറ്റ്ബോർഡിങ് ലോകകപ്പ്, മിഡിലീസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ആദ്യത്തെ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സ്പോ, ഫോർമുല വൺ ചാമ്പ്യൻഷിപ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മേളകൾക്ക് ഖത്തർ ഈ വർഷം ആതിഥേയത്വം വഹിച്ചത് അദ്ദേഹം പരാമർശിച്ചു.
എ.എഫ്.സി ഏഷ്യൻകപ്പ്, വെബ് സമ്മിറ്റ് തുടങ്ങിയവ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യം തയാറെടുക്കുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഖത്തറിനും വിദേശ നിക്ഷേപകർക്കും സംരംഭകർക്കും ടൂറിസം മേഖലയിൽ ലഭ്യമായ നിക്ഷേപ സാധ്യതകളെയും അദ്ദേഹം പരിചയപ്പെടുത്തി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും പ്രധാനപ്പെട്ട ചാലകങ്ങളിലൊന്നാണ് വിനോദസഞ്ചാര മേഖല.
ഖത്തറിന്റെ ദേശീയ വിഷൻ 2030ന്റെ ഭാഗമായി വിനോദസഞ്ചാരത്തിനും മുൻഗണന നൽകുന്ന പദ്ധതികളാണ് രാജ്യത്തിന്റെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നത്. 2024ലെ ഗൾഫ് ടൂറിസത്തിന്റെ തലസ്ഥാനമായി മനാമയെ തെരഞ്ഞെടുത്തതിൽ ബഹ്റൈന് അൽ ഖർജി അഭിനന്ദനങ്ങൾ നേർന്നു. വിനോദസഞ്ചാര മേഖലയിലെ അവരുടെ ശ്രമങ്ങൾക്ക് അദ്ദേഹം വിജയാശംസകൾ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.