യാത്രകളെ പ്രണയിക്കാത്തവരായി ആരും ഉണ്ടാവില്ല. ജീവശ്വാസം പോലെ ഒഴിച്ചുകൂടാനാവാത്തതായി യാത്രകൾ പലർക്കുമിന്ന് മാറിയിട്ടുണ്ട്. ബസിലും ട്രെയിനിലും വിമാനത്തിലും കാൽനടയായുമെല്ലാം പുതിയ ഭൂപ്രദേശങ്ങളിലേക്ക് അവർ യാത്രചെയ്തുകൊണ്ടേയിരിക്കുന്നു. യാത്രികരിൽ ചിലർക്ക് ഒരൽപം വ്യത്യസ്തമായ യാത്രയോടായിരിക്കും താൽപര്യം.
അത്തരത്തിൽ വ്യത്യസ്തമായ യാത്ര നടത്തി ശ്രദ്ധേയനാവുകയാണ് കോഴിക്കോട് സ്വദേശിയായ ഫായിസ്. സൈക്കിളിൽ സിംഗപ്പൂരിലേക്കാണ് യാത്ര നടത്തിയത്. വിവിധ രാജ്യാതിർത്തികൾ കടന്ന് സൈക്കിളിൽ സിംഗപ്പൂരിലെത്തിയ ഫായിസിന്റെ യാത്ര സമാനതകളില്ലാത്തതായിരുന്നു. ഇനി ഭൂഖണ്ഡങ്ങൾ താണ്ടി സൈക്കിളിൽ യൂറോപ്പിലേക്കൊരു പര്യടനമാണ് ഫായിസിന്റെ ലക്ഷ്യം. അതിനുള്ള മുന്നൊരുക്കത്തിലാണ് ഈ കോഴിക്കോട്ടുകാരനിപ്പോൾ.
കാര്യമായ യാത്രാഭ്രമമില്ലാതെ സൗദിയിൽ എൻജിനീയറായ ഫായിസ് 2019ലാണ് സിംഗപ്പൂർ യാത്രക്ക് തുടക്കം കുറിക്കുന്നത്. ആഗസ്റ്റ് ഏഴിന് സുഹൃത്ത് അജിത്തുമൊത്ത് സിംഗപ്പൂരിനെ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി തുടങ്ങുമ്പോൾ ഒരു സ്വപ്ന സാക്ഷാത്കാരമൊന്നുമായിരുന്നില്ല ആ യാത്ര. 2011 മുതൽ 2015 വരെ സൗദിയിൽ എൻജിനീയറായ ഫായിസ് ഉപ്പയുടെ അസുഖത്തെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് സൗദിയിലെത്തുന്നത്.
പിന്നീട് ഉപ്പയുടെ മരണശേഷം ജീവിതത്തിൽ അനുഭവപ്പെട്ട ശൂന്യതയും നഷ്ടബോധവും മറികടക്കുന്നതിനായിരുന്നു ആ യാത്ര. ജീവിതത്തിൽ എന്തെങ്കിലും നേട്ടമുണ്ടാക്കണമെന്ന തീവ്രമായ ആഗ്രഹവും ഫായിസിനെ സാഹസികമായ സൈക്കിൾ യാത്രക്ക് പ്രേരിപ്പിച്ചു. ഒടുവിൽ 120 ദിവസം കൊണ്ട് എട്ടായിരം കി.മീറ്റർ താണ്ടി സിംഗപ്പൂരിന്റെ മണ്ണിൽ ഫായിസെത്തിയപ്പോൾ അത് ഒരു ചരിത്രസംഭവമാവുകയായിരുന്നു.
യാത്രക്കുള്ള തീരുമാനമെടുത്തെങ്കിലും അത് യാഥാർഥ്യമാക്കാൻ കടമ്പകൾ ഏറെയായിരുന്നു. എങ്കിലും ധൈര്യപൂർവം യാത്രക്കുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഏകദേശം എട്ടുമാസം ഇതിനായി വേണ്ടിവന്നു. ഇതിനിടയിൽ യാത്രയുടെ ചെലവ് റോട്ടറി ക്ലബ് ഏറ്റെടുത്തു. ഭാരം കുറക്കുകയായിരുന്നു യാത്രക്കിടയിലെ വെല്ലുവിളി. തൈറോയിഡ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുവെങ്കിലും 10 കിലോ ഭാരം കുറക്കാൻ സാധിച്ചു.
പരമാവധി ഭാരം കുറഞ്ഞ വസ്ത്രങ്ങളാണ് യാത്രക്ക് തയാറാക്കിയിരുന്നത്. മുമ്പ് സൈക്കിളിൽ ഇത്തരമൊരു ദീർഘദൂര യാത്ര ചെയ്ത് പരിചയമില്ലാത്തതിനാൽ മുന്നൊരുക്കം നടത്തുന്നത് ചെറിയ വെല്ലുവിളിയായെങ്കിലും പ്രശ്നങ്ങളില്ലാതെ ഇതെല്ലാം പൂർത്തിയാക്കാൻ സാധിച്ചു. ഇത്തരമൊരു സാഹസിക യാത്രക്ക് ഒരുങ്ങിയിട്ടും കുടുംബം കൂടെനിന്നതാണ് ഏറ്റവും പ്രധാനം. ചില ആളുകളിൽനിന്നും നെഗറ്റിവ് കമന്റ് ഉണ്ടായെങ്കിലും ഭാര്യ അസ്മിന്റെ പിന്തുണ പ്രതിസന്ധികളെ മറികടക്കുന്നതിന് സഹായകമായി.
എല്ലാ കാര്യത്തെയും പോസിറ്റിവായി എടുക്കുകയെന്ന സക്സസ് മന്ത്രം തന്നെയാണ് ഫായിസിന്റെയും വിജയരഹസ്യം. യാത്രക്കിടയിൽ ഒഡിഷയിൽവെച്ച് ഫോൺ നഷ്ടമായപ്പോൾ തന്റെ നിലവിലുള്ള ഫോൺ ഒഴിവാക്കി പുതിയതൊന്ന് വാങ്ങാനുള്ള നിമിത്തമായാണ് ഫായിസ് അതിനെ കണ്ടത്. യാത്ര തുടങ്ങുമ്പോൾ ചില ആളുകളിൽനിന്നുണ്ടായ നെഗറ്റിവ് കമന്റുകളെയും ഫായിസ് മറികടന്നത് എപ്പോഴുമുള്ള ഈ പോസിറ്റിവ് മനോഭാവം കൊണ്ടാണ്.
35ഓളം രാജ്യങ്ങൾ താണ്ടി ഒരു വർഷംകൊണ്ട് ഒറ്റക്ക് യൂറോപ്പിൽ പോയിവരുകയെന്ന വലിയ ലക്ഷ്യമാണ് ഫായിസിന് മുന്നിലുള്ളത്. യാത്രക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഫായിസ് പറയുന്നു. ഏകദേശം 35 ലക്ഷം രൂപ ചെലവ് വരുന്നതാണ് യാത്ര. വലിയ ആ സ്വപ്നത്തിലേക്കുള്ള സ്പോൺസറെ തേടുകയാണ് ഫായിസിപ്പോൾ. മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് യാത്രക്കുള്ള പിന്തുണ അഭ്യർഥിച്ചിരുന്നു. ഇനി പ്രധാനമന്ത്രിയെ കാണാനുള്ള മുന്നൊരുക്കത്തിലാണ്.
ഇവരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ കൂടി അറിഞ്ഞശേഷം യാത്രയുടെ പ്ലാനിങ്ങുമായി മുന്നോട്ടുപോകുമെന്ന് ഫായിസ് പറയുന്നു. മുമ്പ് സിംഗപ്പൂർ യാത്രയുടെ സമയത്തും പ്രതിസന്ധികൾ പലതുമുണ്ടായിരുന്നു. അതെല്ലാം മറികടന്ന് യാത്ര യാഥാർഥ്യമാക്കാൻ സാധിച്ചു. പുതിയ യാത്രക്ക് ഒരുങ്ങുമ്പോഴും പ്രതിസന്ധികൾ മറികടന്ന് യൂറോപ്പിന്റെ മണ്ണിൽ സൈക്കിളുമായെത്താൻ കഴിയുമെന്നുതന്നെയാണ് ഫായിസിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.