ആഗ്ര: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് വരുന്നവരെ നിരീക്ഷിക്കാൻ ആഗ്രയിൽ പ്രേത്യക സംവിധാനങ്ങൾ ഒരുക്കി അധികൃതർ. രോഗലക്ഷണമുള്ള യാത്രക്കാർ ഏഴ് ദിവസം ക്വാറൈന്റനിൽ കഴിയണം. 'മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലടക്കം വരുന്നവരെ പരിശോധിക്കാൻ 24 മണിക്കൂറും ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. വിമാനം വഴി വരുന്നവർക്ക് റാപിഡ് ആന്‍റിജൻ പരിശോധന നിർബന്ധമാണ്. ഇതിൽ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ ആർ.ടി.പി.സി.ആർ പരിശോധനക്കായി അയക്കും' - ആഗ്ര ജില്ല മജിസ്‌ട്രേറ്റ് പ്രഭു എൻ. സിങ് പറഞ്ഞു.
രോഗലക്ഷണമുള്ള യാത്രക്കാർ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ക്വാറൈന്റനിൽ കഴിയണം. അതേസമയം, കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും വരുന്ന എല്ലാവരും ഒരാഴ്ച വീട്ടുനിരീക്ഷണത്തിൽ കഴിയൽ നിർബന്ധമാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന എല്ലാ വ്യക്തികളെയും കണ്ടെത്താൻ കഴിയില്ലെന്നതിനാൽ, അവർ സ്വയം ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്ത് പരിശോധന നടത്തണമെന്നും അധികൃതർ അറിയിച്ചു.
'മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിൽനിന്ന് വരുന്നവരെയാണ് പ്രത്യേകം ശ്രദ്ധിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുകയാണ്. ഇവിടെനിന്ന് വരുന്നവർക്ക് ആന്‍റിജൻ പരിശോധന നടത്തുന്നുണ്ട്. രോഗലക്ഷണമുള്ള ആളുകളോട് കുറഞ്ഞത് ഏഴു ദിവസമെങ്കിലും നിരീക്ഷണത്തിൽ കഴിയാനാണ് ആവശ്യപ്പെടുന്നത്. വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്താൻ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്' -ആഗ്ര ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആർ.സി. പാണ്ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.