അബഹ: സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ അസീർ മേഖലയിൽ വിനോദസഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കാൻ 100 കോടി റിയാൽ ചെലവിൽ 10 പദ്ധതികൾ.
രാജ്യത്തിന്റെ വിനോദസഞ്ചാര വികസന നിധിയിൽനിന്നാണ് ഇതിന് പണം അനുവദിച്ചതെന്ന് ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖത്തീബ് പറഞ്ഞു. അസീർ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടെ നിരവധി നിക്ഷേപകരുമായും സംരംഭകരുമായും കൂടിക്കാഴ്ച നടത്തുമ്പോഴാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
അസീർ മേഖലയിലെ സമ്മിശ്ര ഉപയോഗ പദ്ധതികൾക്കും മൈക്രോ പ്രോജക്ടുകൾക്കും പുറമേയാണിത്. ആവശ്യമായ പിന്തുണ നേടുന്നതിനും ഉയർന്ന കാര്യക്ഷമമായ ടൂറിസം സേവനങ്ങൾ നൽകുന്നതിനും ഗൗരവമാർന്ന സാധ്യതാപഠനങ്ങൾ സമർപ്പിക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകളോട് മന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്ത് ടൂറിസം മേഖല കൈവരിച്ച തുടർച്ചയായ വിജയങ്ങളുടെ വെളിച്ചത്തിൽ ടൂറിസം മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾ മന്ത്രി വിവരിച്ചു.
മുൻ കാലങ്ങളിൽ നടപ്പാക്കിയ സംരംഭങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ടൂറിസം മന്ത്രി ചർച്ച ചെയ്തു. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് പിന്തുണയും സൗകര്യങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെ ടൂറിസം മേഖലയിൽ നിക്ഷേപം സാധ്യമാക്കുന്നതിനുള്ള പദ്ധതി മന്ത്രാലയം ആരംഭിച്ചതായി ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപങ്ങൾ സൃഷ്ടിക്കാനും തദ്ദേശീയ വരവിലേക്ക് സംഭാവന നൽകാനുമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.
ലോകത്തിലെ ഏറ്റവും പ്രമുഖമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറാൻ അസീർ മേഖലക്ക് വലിയ സാധ്യതകളുണ്ട്. രാജ്യത്തെ കൂടുതൽ ആളുകളെ ആകർഷിക്കാൻ ടൂറിസം മേഖലയിലെ നിക്ഷേപകരോട് ആഹ്വാനം ചെയ്യുന്നു. ടൂറിസം മേഖലയിൽ ദേശീയ കേഡർമാരെ ശാക്തീകരിക്കാനുള്ള മന്ത്രാലയത്തിന്റെ താൽപര്യം മന്ത്രി ഊന്നിപ്പറഞ്ഞു.
ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും എല്ലാ ടൂറിസം പ്രവർത്തനങ്ങളും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ താൽപര്യം മന്ത്രി പറഞ്ഞു. ടൂറിസം പരിപാടികൾ വൈവിധ്യവത്കരിക്കുന്നതിന് സൗദി സമ്മർ പ്രോഗ്രാം സംഭാവന ചെയ്യുന്നു. ഇത് രാജ്യത്തിനകത്തും പുറത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വർധിപ്പിക്കുന്നതിന് സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.