മദീന: പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട് പ്രശസ്തമായ മദീനയിലെ അൽ ഗർസ് കിണർ (ബിഅ്ർ ഗർസ്) ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്ന പണികൾ പൂർത്തിയായതോടെ സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങി. മദീനയിലെത്തുന്ന ഹജ്ജ്, ഉംറ തീർഥാടകർക്ക് മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങൾ കാണാൻ അവസരമൊരുക്കുകയാണ് അധികൃതർ. പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്ന കിണറുകളിലൊന്നായിരുന്നത്രേ ഇത്.
മസ്ജിദുന്നബവിയിൽനിന്ന് മൂന്നും പ്രവാചകലബ്ധിക്ക് ശേഷമുള്ള ആദ്യത്തെ പള്ളിയായ മസ്ജിദുൽ ഖുബയിൽനിന്ന് വടക്കുകിഴക്ക് ഭാഗത്തായി ഒന്നരയും കിലോമീറ്ററകലെയാണ് ഈ കിണർ സ്ഥിതി ചെയ്യുന്നത്. കുർബാൻ റോഡിൽ ഒരു സ്വകാര്യ സ്കൂളിനോട് ചേർന്നാണിതിന്റെ സ്ഥാനം.
പുനരുദ്ധാരണ പ്രവർത്തനങ്ങളും വികസനവും പൂർത്തിയാക്കി സന്ദർശകർക്ക് അടുത്താണ് പ്രവേശനം അനുവദിച്ചത്. പ്രവാചകൻ തന്റെ മൃതദേഹം കുളിപ്പിക്കാൻ ഈ കിണറിലെ വെള്ളം ഉപയോഗിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പിന്നീട് അനുചരന്മാർ അങ്ങനെ തന്നെ ചെയ്തെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
ഗർസ് കിണർ ഉൾക്കൊള്ളുന്ന ഈ ഭാഗം ടൂറിസം കേന്ദ്രമാക്കാനുള്ള വികസന പ്രവർത്തനങ്ങൾ ചെറിയതോതിൽ നേരത്തേ നടന്നിരുന്നു.
എന്നാൽ പഴമയുടെ തനിമ നിലനിർത്തുന്നതോടൊപ്പം സന്ദർശകർക്ക് കിണറിൽനിന്ന് വെള്ളമെടുക്കാൻ കൂടി സൗകര്യപ്പെടുന്ന വിധം വലിയ വികസനപ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിയത്. മദീന ഗവർണറും നഗര വികസന അതോറിറ്റി ചെയർമാനുമായ അമീർ ഫൈസൽ ബിൻ സൽമാനാണ് വികസനം പൂർത്തിയായശേഷം സന്ദർശകർക്ക് തുറന്നുകൊടുക്കുന്നതി ഉദ്ഘാടനം നിർവഹിച്ചത്.
കിണറിന്റെ വശങ്ങളിൽ ‘ബസാൾട്ട്’ കല്ലുകൾ കൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ആകർഷണീയവുമാണ്. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് കിണറിന്റെ മേൽക്കൂര ഉയർന്ന ഇരുമ്പ് കൂടാരങ്ങൾ കൊണ്ട് വലയം ചെയ്തിരിക്കുകയാണ്. കിണറിനോട് ചേർന്നുള്ള പുരാതന പള്ളിയുടെ ശേഷിപ്പുകളും തനിമയോടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കിണറിന് ചുറ്റുമുള്ള മുറ്റം പ്രകൃതിദത്തമായ കല്ലുകൾ പതിച്ച നിലയിൽ ആകർഷണീയമാക്കിയിട്ടുണ്ട്.
രണ്ടു മീറ്റർ നീളവും ഉയരവുമുള്ള ചുറ്റുമതിലും ഗേറ്റുമുണ്ട്. പകൽ മാത്രമാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്. കിണറിൽനിന്ന് സന്ദർശകർക്ക് വെള്ളമെടുക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഗർസ് കിണറിന്റെ ചെറിയ ചരിത്രവും ഫോട്ടോകളും ഇവിടെ കുറിച്ചുവെച്ചതും ചരിത്രാന്വേഷകർക്ക് ഏറെ ഉപകാരപ്രദമാണ്. അൽ ഗർസ് കിണർ പ്രദേശം സന്ദർശിക്കുന്നവർ കിണറിലെ വെള്ളം കുടിക്കുകയും ഫോട്ടോ പകർത്തുകയും ചെയ്യുന്നതുകാണാം.
മദീനയിലെത്തുന്ന തീർഥാടകർ ഉഹ്ദ് രക്തസാക്ഷി ചത്വരം, ഖുബ മസ്ജിദ്, അൽ ഖന്ദക് പ്രദേശം, സൽമാനുൽ ഫാരിസിയുടെ തോട്ടം, അൽ ഗമാമ മസ്ജിദ്, അൽ ഇജാബ മസ്ജിദ്, മസ്ജിദ് ഖിബ്ലതൈനി തുടങ്ങിയ ഇസ്ലാമിക ചരിത്രത്തിൽ ഇടംപിടിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.