മസ്കത്ത്: അതിശയിപ്പിക്കുന്ന കാഴ്ചകളും അത്ഭുതപ്പെടുത്തുന്ന പ്രകൃതിഭംഗിയും നിറഞ്ഞ പുരാതന ഗ്രാമമായ അൽ സൗജറയിലെ വികസനപ്രവർത്തനങ്ങൾ പൂർത്തിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായാണ് ഗ്രാമത്തിൽ വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
മലയിടുക്കുകളിൽ താമസമാക്കിയ ഒരു ജനതയുടെ ജീവിതത്തിന്റെ ശേഷിപ്പുകൾ എല്ലാ ആധുനിക സന്നാഹങ്ങളോടെയും പുനഃസജ്ജീകരിച്ച് ഒരുക്കിയിരിക്കയാണ് അധികൃതർ.
അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദറിന് സമീപത്താണ് ഗ്രാമം സ്ഥിതിചെയ്യുന്നത്. സൗജറ ഗ്രാമ ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലീം ബിൻ മുഹമ്മദ് അൽ മഹ്റൂഖി വ്യാഴാഴ്ച നിർവഹിച്ചു. പൈതൃക, ടൂറിസം മന്ത്രാലയവും സൗജറ ഗ്രാമത്തിന്റെ മേൽനോട്ടം വഹിക്കുന്ന നാഷനൽ കമ്പനിയും തമ്മിലെ കരാർ പ്രകാരമാണ് പദ്ധതി പൂർത്തിയാക്കിയത്.
മലനിരകളിലെ പാതകളും വീടുകളും ഇടവഴികളും എല്ലാം നവീകരണപ്രവർത്തനത്തിൽ ഉൾപ്പെട്ടിരുന്നു. മലനിരകളുടെ കാഴ്ച ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ ഉയർന്നയിടങ്ങളിൽ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പുരാതന കാലത്തെ നിർമാണരീതി കടമെടുത്ത് കല്ലും മണ്ണും ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ പുനരുദ്ധാരണം നടന്നിട്ടുള്ളത്.
500 വർഷം മുമ്പുതന്നെ ജനവാസമുണ്ടായിരുന്ന ഗ്രാമത്തിൽ വർഷങ്ങൾക്കുമുമ്പാണ് വിനോദസഞ്ചാരികൾ വന്നുതുടങ്ങിയത്. മസ്കത്തിൽനിന്ന് 200 കി.മീറ്ററോളം സഞ്ചരിച്ച് ചെറിയ റോഡുകളും കയറ്റവും പിന്നിട്ടാൽ മാത്രമേ ഇവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ഇവിടെ താമസക്കാരായിരുന്ന ഗ്രാമീണർ പുതിയ താമസ കേന്ദ്രത്തിലേക്ക് മാറിയതോടെയാണ് വികസന പ്രവർത്തനങ്ങൾ കൂടുതൽ സർക്കാർ നിയന്ത്രണത്തിലായത്.
പുരാതന ഒമാനി ജീവിതത്തിന്റെ അടരുകൾ ഭാവി തലമുറയെ പരിചയപ്പെടുത്തുന്നതിനാണ് ഗ്രാമത്തിന്റെ രൂപത്തിൽ മാറ്റം വരുത്താതെതന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അത്യപൂർവമായ സസ്യങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹകൾ, ചെങ്കുത്തായ മലനിരകൾ തുടങ്ങി നിരവധി സവിശേഷതകൾ ഈ പ്രദേശത്തിനുണ്ട്. 2019ൽ ഗ്രാമം സന്ദർശിച്ച ബി.ബി.സി മാധ്യമസംഘം പ്രദേശത്തെ പശ്ചിമേഷ്യയിലെ ഏറ്റവും വിദൂരഗ്രാമങ്ങളിൽ ഒന്നായാണ് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.