തണുത്ത കാറ്റു വീശുന്ന ഒരു പ്രഭാതത്തിൽ അർമീനിയൻ തലസ്ഥാനമായ യെരവാൻ നഗരത്തിൽ വിമാനം ഇറങ്ങിയ ഞങ്ങൾ നാലു കുടുംബങ്ങളടങ്ങിയ യാത്രാ സംഘത്തെ സ്വീകരിച്ചത് ആകാശംമുട്ടെ തലയുയർത്തി നിൽക്കുന്ന അറാറത്ത് മലനിരകളാണ്. പാപികളുടെ നാട്ടിൽ നിന്നും പേടകത്തിൽ പുറപ്പെട്ട് നൂഹ് പ്രവാചകൻ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുമായി വന്നിറങ്ങി എന്ന് ബൈബിൾ പറയുന്ന അറാറത്ത് മല. കപ്പലിറങ്ങി എന്ന് ഖുർആൻ കൃത്യപ്പെടുത്തിയ ജൂദി പർവ്വതം വാൻ തടാകത്തിനക്കരെ ജസീറത്തുബ്നു ഉമറിന് പരിസരത്ത്, ടൈഗ്രീസ് നദിയോട് ചേർന്നാണ്. രണ്ടായാലും ഭൂമിശാസ്ത്രപരമായി തുർക്കിയും അർമേനിയയും അതിരിടുന്ന ഈ അർമേനിയൻ കുന്നുകളിൽ (Armenian highlands) ആണ് എന്നതാണ് യാഥാർഥ്യം.
തലയിൽ മഞ്ഞുതൊപ്പി അണിഞ്ഞ ഭീമാകാരമായ ആ രണ്ട് അഗ്നിപർവതങ്ങൾ ആകാശത്തിനു മുത്തം കൊടുക്കുന്ന കാഴ്ച യെരവാൻ വിമാനത്താവളത്തിന് സൗന്ദ്യര്യം കൂട്ടുന്നു. നാല് കുടുംബങ്ങളിലായി പന്ത്രണ്ട് പേരടങ്ങുന്നതാണ് ഞങ്ങളുടെ യാത്രാ സംഘം. പത്ത് മാസം മാത്രം പ്രായമായ മറിയമാണ് അതിൽ ഏറ്റവും ചെറുത്. എമിഗ്രേഷൻ പൂർത്തിയാക്കി പുറത്തിറങ്ങിയ ഞങ്ങൾ നേരെ പോയത് സെവാൻ തടാകത്തിലേക്കാണ് (Lake sevan). അർമേനിയയുടെ ഹൃദയം എന്ന് വിളിക്കാൻ പറ്റുന്ന തടാകമാണ് സെവാൻ തടാകം മത്സ്യവിഭവങ്ങളാലും സഞ്ചാരികളാലും സമ്പന്നമായ ഈ തടാകത്തിനു ചുറ്റുമാണ് അർമേനിയ എന്നു പറയുന്നതാണ് കൂടുതൽശരി. സെവാൻ തടാകത്തിനു ചുറ്റും നല്ല മത്സ്യവിഭവങ്ങൾ ലഭിക്കുന്ന ധാരാളം റസ്റ്റോറന്‍റുകൾ ഉണ്ട്. തടാകത്തിന്‍റെ ഭംഗിയും അതിരിട്ടു നിൽക്കുന്ന മലനിരകളുടെ മനോഹാരിതയും മനം നിറഞ്ഞ് കണ്ട് നല്ല മീൻ വിഭവങ്ങൾ കൂട്ടി ഭക്ഷണം കഴിച്ചു. നേരം വൈകി വരുന്നുണ്ട്. കാറ്റിന് ശക്തിയും തണുപ്പിനു കട്ടിയും കൂടി വന്നു.
ഞങ്ങൾ നേരെ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ഇലപൊഴിയും കാലത്ത് ലോകത്തെ ഏറ്റവും മനോഹരമായ ഇടം എന്ന് വിളിക്കാൻ പറ്റുന്ന, ദിലിജാനിലേക്ക് നീങ്ങി.
അർമീനിയയിലേക്ക് പുറപ്പെടുമ്പോൾ തന്നെ മനസ്സിലുള്ള ആഗ്രഹമാണ് ദിലിജാനിൽ പോകണമെന്നും ഒരു രാത്രിയെങ്കിലും രാപ്പാർക്കണമെന്നും. ഒരു കുന്നിന് മുകളിലായി നല്ല കാഴ്ചയുള്ള ഒരിടമാണ് ഞങ്ങളുടെ ഹോട്ടൽ. അർമേനിക്കാരിയായ ഞങ്ങളുടെ ആതിഥേയ മനോഹരമായി ഞങ്ങളെ സ്വാഗതം ചെയ്തു. മധുരമൂറിയ ബെറി മരങ്ങൾ ധാരാളമായി ഉണ്ട് ഹോട്ടലിന് ചുറ്റും. ഞങ്ങൾ ഓടിനടന്ന് മരത്തിൽ നിന്ന് തന്നെ പഴങ്ങൾ പറിച്ച് കഴിച്ചു.
തണുപ്പ് അതി കഠിനമായതുകൊണ്ട് പുറത്തു പോകാതെ ഹോട്ടലിൽ നിന്നു തന്നെ ഡിന്നറും കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. ദിലിജാനിൽ നേരം പതുക്കെയാണ് പുലർന്നത്. അബൂദബിയിലോ ദുബൈയിലോ നമ്മൾ അനുഭവിക്കുന്ന തിരക്കേറിയ പ്രഭാതങ്ങളിൽനിന്ന് വ്യത്യസ്തമായി വളരെ പതുക്കെയുള്ള തണുത്ത പ്രഭാതം. പാർസ തടാകം എന്ന പേരിൽ മനോഹരമായ ഒരു ചെറിയ തടാകമുണ്ട് ദിലിജാനിലെ മലമുകളിൽ. തണുപ്പുകാലത്ത് തണുത്തുറഞ്ഞു പോവുകയും ഇല പൊഴിയും കാലത്ത് പല വർണ്ണങ്ങളാൽ അലങ്കൃതമായ മരങ്ങളാൽ സ്വർഗീയമായ കാഴ്ച നൽകുകയും ചെയ്യുന്ന ഒരു ചെറിയ തടാകം. ഇരുവശത്തും മരങ്ങൾ തണലിട്ടു നിൽക്കുന്ന വഴിയിലൂടെ ഞങ്ങൾ പാർസിൽ എത്തി. ശാന്തമായ ഒരു ഇടം. തടാകത്തിനു ചുറ്റും കുഞ്ഞുങ്ങളെയും കൊണ്ട് നടക്കാൻ കഴിയും.
സമ്മർ അവസാനിച്ചത് കൊണ്ടാകാം റസ്റ്റോറന്‍റുകളൊക്കെ അടവാണ്. സഞ്ചാരികളായി എത്തിയത് ഞങ്ങൾ മാത്രവും. അരയന്നങ്ങൾ നീന്തി നടക്കുന്ന ആ ചെറിയ തടാകത്തിന് ചുറ്റും പാട്ടും പാടി, കഥയും പറഞ്ഞ് ഞങ്ങൾ നടന്നു. അര്‍മീനിയയും യു.എ.ഇയും തമ്മിൽ ഉള്ള സ്നേഹബന്ധത്തിന്റെ ഒരു അടയാളം ഉണ്ട് ദിലിജാനിൽ. കാടിന് നടുവിലെ ഹെഗാസ്റ്റിൻ മോണാസ്ട്രി. ഷാർജയിലെ സുൽത്താൻ മുഹമ്മദ് ബിൻ ഖാസിമിയുടെ സഹായത്തോടെ പുനരുദ്ധാരണം ചെയ്ത പള്ളിയാണ് ഇത്. സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും അടയാളമായി ഈ പള്ളി ദിലിജാനിലെ മലമടക്കുകളിൽ തലയുയർത്തി നിൽക്കുന്നു. മഞ്ഞുകാലത്ത് അർമേനിയയിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ടസ്കാദ്സോർ (Tsaghkadzor). അർമേനിയൻ സംഗീതത്തിന്‍റെ അകമ്പടിയോടെ മലമുകളിലേക്ക് കയറിപ്പോകുന്ന റോപ്പ് വേ ഒരു നല്ല അനുഭവമാണ്. ആ മലമുകളിൽ തണുത്ത കാറ്റും കൊണ്ട് താഴെ
മലനിരകളിൽ നിന്ന് നോക്കിയാൽ കാണുന്ന, കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന അർമീനിയൻ കൃഷിയിടങ്ങളുടെ ഭംഗി ആസ്വദിച്ച് ഞങ്ങൾ ഏറെ നേരം ചെലവഴിച്ചു.
ഇന്ത്യക്ക് താജ്മഹൽ പോലെ, ദുബൈയിക്ക് ബുർജ് ഖലീഫ പോലെ, അർമീനിയയുടെ അടയാളമാണ് ഗർണി ടെമ്പിൾ. ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയും ഗെർണി ടെമ്പിൾ സന്ദർശിക്കാതെ തിരിച്ച് പോവില്ല. ക്രിസ്ത്യൻ അർമീനിയയുടെയും മുമ്പേയുള്ള ഗ്രീക്ക്- റോമൻ മാതൃകയിലുള്ള ഈ നിർമാണം അർമീനിയൻ മലനിരകളുടെ ഏറ്റവും നല്ല കാഴ്ചയുള്ള ഒരിടത്താണ് നിർമിച്ചത്. നൂറ്റാണ്ടുകൾക്കു മുമ്പ് ഭൂകമ്പത്തിൽ തകർന്നു നാമാവശേഷമായി പോയ ഈ ടെമ്പിൾ വീണ്ടും പുനർ നിർമിക്കുകയായിരുന്നു.
ഞങ്ങൾ എത്തിയ വൈകുന്നേരം ധാരാളം സഞ്ചാരികളുണ്ടായിരുന്നു. വിവാഹ വസ്ത്രത്തിലെത്തിയ അർമീനിയൻ നവദമ്പതിമാർ ടെമ്പിളിന് ചുറ്റുമായി അമൂല്യ നിമിഷങ്ങളെ കാമറയിൽ പകർത്തുന്നുണ്ട്. വൈകുന്നേരത്തെ ഇളം വെയിൽ ഈ അതുല്യ നിർമിതിക്ക് ഭംഗി കൂട്ടുന്നു. മനോഹരമായ ധാരാളം ആപ്പിൾ തോട്ടങ്ങളുണ്ട് ഗെർണി ഗ്രാമത്തിൽ. അതിൽ ചിലത് റസ്റ്റോറന്‍റുകളാണ്. അത്തരത്തിൽ ഒരു റെസ്റ്റോറന്‍റാണ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയ ടൈം ടു ഈറ്റ് ഗാർഡൻ. മരം നിറയെ ആപ്പിളുകൾ പാകമായി നിൽക്കുന്ന സ്വർഗീയമായ കാഴ്ച പലരും ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു. ആപ്പിളുകളും ഭക്ഷണവും കഴിച്ച് ഞങ്ങൾ അവിടെ നിന്നിറങ്ങി.
അർമീനിയയിൽ നിങ്ങളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച ഏതെന്ന് ചോദിച്ചാൽ ഞാൻ പറയുക അത് ഗെഗാർഡ് മോണാസ്ട്രി ആണ് എന്നാണ്. യെരവാൻ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന വഴി അവസാനിക്കുന്ന ഇടത്ത് മലമുകളിൽ ഒരിടത്തായി പാറ തുരന്നുണ്ടാക്കിയ ഈ മോണാസ്ട്രി ഏതൊരു സഞ്ചാരിക്കും അത്ഭുതമാണ്. ആപ്പിൾ മരങ്ങളും ബെറി മരങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ വഴികൾ ഒരു സഞ്ചാരിയെയും മുഷിപ്പിക്കില്ല. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ നിർമിതി വളരെ മനോഹരമായി പരിപാലിക്കപ്പെട്ടിരിക്കുന്നു.
പാറക്കകത്തായി ധാരാളം മുറികളുണ്ട്. അതിലൊന്നിൽ നിന്ന് വെള്ളത്തിന്‍റെ ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ട് ചെന്നു. പാറയുടെ മുകളിൽ നിന്നായി വെള്ളം ഒലിച്ചിറങ്ങുന്നു ധാരാളം പേർ ആ വെളളം കുടിക്കാൻ തിരക്ക് കൂട്ടുന്നുണ്ട്. ഒരു പക്ഷെ പുണ്യമുണ്ട് എന്ന് കരുതപ്പെടുന്ന വെള്ളമായിരിക്കാം അത്. പാറ തുരന്ന ടെമ്പിളിനകത്തേക്ക് കയറിയ മറിയം ശബ്ദമുണ്ടാക്കാൻ തുടങ്ങി. ശബ്ദത്തിന്‍റെ പ്രതിധ്വനി കേൾക്കുന്നത് ഹരം പിടിച്ചഅവൾ നിർത്താതെ ശബ്ദമുണ്ടാക്കിയപ്പോൾ പ്രാർത്ഥനകൾ നടക്കുന്ന ആ ഹാളിൽ നിന്ന് പുറത്ത് കടന്നു. യാത്രയുടെ അവസാനത്തെ ദിവസമാണ് അർമീനിയെൻ തലസ്ഥാനമായ എരവാൻ പട്ടണം കാണാൻ ഞങ്ങൾ തീരുമാനിച്ചത്. മദർ ഓഫ് അർമീനിയ എന്ന പ്രതിമ നഗരത്തെയും പശ്ചാത്തലത്തിൽ അമ്പരചുംബികളായ അറാറത്ത് മലനിരകളെയും ഒറ്റ ഫ്രെയിമിൽ നമുക്ക് കാണിച്ചു തരും. അർമീനിയെൻ വംശഹത്യയുടെ മ്യൂസിയവും അതിനു പരിസരത്തെ മനോഹരമായ തോട്ടങ്ങളും ഈ തലസ്ഥാനം നഗരിയെ മനോഹരമാക്കുന്നു. കാഴ്ചകൾ ധാരാളമുള്ള തലസ്ഥാന നഗരിയാണ് യെരവാൻ എങ്കിലും ഞങ്ങൾ നഗരത്തിൽ അധിക സമയം ചെലവഴിക്കാൻ താൽപര്യപ്പെട്ടില്ല
ചരിത്രപ്രസിദ്ധമായ അറാറത്ത് മലനിരകളെ അർമീനിയയിൽ എവിടെ നിന്നാണ് നിങ്ങൾക്ക് ഏറ്റവും അടുത്ത് കാണാൻ കഴിയുക എന്ന ചോദ്യത്തിന് ഉത്തരമാണ് കോർവിറാപ്പ് മോണാസ്ട്രി. ഭീമാകാരമായ മലനിരകളുടെ താഴെ ഒരു ചെറിയ കുന്നിനു മുകളിൽ ഒരു മോണാസ്ട്രി. അതിനിടയിൽ തുർക്കിയുടെയും അർമീനിയയുടെയും അതിർത്തി. തുർക്കിയിലായി അറാറത്തും അർമീനിയയിലായി കോർ - വിറാപ്പും. മനുഷ്യവംശത്തിന്‍റെ ഏകതയുടെയും സാഹോദര്യത്തിന്‍റെയും ചരിത്രം പറഞ്ഞു തരുന്ന ഈ മലനിരകളെ നോക്കി നിൽക്കുമ്പോൾ തന്നെ അനിർവചനീയമായ അനുഭൂതി മനസ്സിൽ നിറയുന്ന അനുഭവം നിങ്ങൾക്കുണ്ടാകും. ഞങ്ങൾ എത്തുമ്പോൾ സഞ്ചാരികൾ ധാരാളമായി ഉണ്ടായിരുന്നു. എല്ലാവർക്കും വേണ്ടത് ആ മലനിരകളെ പശ്ചാത്തലത്തിൽ ചിത്രം എടുക്കലാണ്. പരിസരത്തെ കാഴ്ചകൾ നടന്നു കണ്ടു. താഴെ മാർക്കറ്റിൽ നിന്ന് എന്നും അർമീനിയൻ യാത്ര മനസിൽ സൂക്ഷിക്കാൻ അറാറത്ത് മലനിരകളെ പശ്ചാത്തലമാക്കിയുളള സോവനീറുകൾ വാങ്ങി ഞങ്ങൾ എയർപോർട്ടിലേക്ക് തിരിച്ചു.
വ്യത്യസ്തമായ യാത്രാനുഭവങ്ങൾ ‘മുസാഫിർ ഹൂ യാരോ’യിൽ എഴുതൂ. കുറിപ്പുകൾ അയക്കേണ്ട വിലാസം:
dubai@gulfmadhyamam.net, 0556699188
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.