കാഞ്ഞാർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഇലവീഴാപ്പൂഞ്ചിറക്ക് റോഡ് യാഥാർഥ്യമായി. കാഞ്ഞാർ- ഇലവീഴാപ്പൂഞ്ചിറ റോഡിൽ ഒന്നര കിലോമീറ്റർ റോഡിന്റെ ടാറിങ് പൂർത്തിയായതോടെയാണ് കാഞ്ഞാർ -കാഞ്ഞിരംകവല റോഡ് യാഥാർഥ്യമായത്. ഞായറാഴ്ച റോഡ് നിർമാണം പൂർത്തിയായി. രണ്ട് പതിറ്റാണ്ട് മുമ്പ് നിർമാണം ആരംഭിച്ച കാഞ്ഞാർ കാഞ്ഞിരംകവല റോഡിന്റെ നിർമാണം തുടക്കം മുതൽ കോടതിയിലും കേസുമായി നീണ്ടുപോവുകയായിരുന്നു.
20 വർഷത്തിലേറെയായി റോഡ് നിർമാണം നിലച്ചുകിടന്നു. ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിൽ എത്താൻ കഴിയുന്ന ഗതാഗതയോഗ്യമായ റോഡിനായി ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. ഇലവീഴാപ്പൂഞ്ചിറ മലയുടെ ഇരുവശങ്ങളിലായാണ് ഇടുക്കി, കോട്ടയം ജില്ലകൾ . കാഞ്ഞാറിൽ നിന്നും മേലുകാവ് പ്രദേശത്ത് ഏറ്റവും എളുപ്പം എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്. പാലാ എം.എൽ.എ മാണി സി.കാപ്പൻ ഇടപെട്ടാണ് ഈ റോഡ് ഗതാഗതയോഗ്യമാക്കിയത്.
കോട്ടയം ജില്ലയിൽ ബി.എം.ബിസി നിലവാരമുള്ള റോഡും ഇടുക്കി ജില്ലയിൽ സാധാരണ ടാർ റോഡുമാണ് നിർമിച്ചത്. ഇടുക്കി ജില്ലയിലെ റോഡിൽ ഇനി ചപ്പാത്തുകൾ പൂർത്തിയാക്കണം. ചില സ്ഥലങ്ങളിൽ കോൺക്രീറ്റ് റോഡ് നിർമിക്കണം. ഇതിന് ഫണ്ട് നിലവിൽ ഇല്ല. എന്നാൽ ഇലവീഴാപൂഞ്ചിറയിൽ എത്താൻ സാധിക്കുന്നത് സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാകും. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറ വരെയുള്ള 5.5 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ റോഡ് ടാറിങ് പൂർത്തിയാക്കിയിരുന്നു. 11 കിലോമീറ്റർ ദൂരമുള്ള കാഞ്ഞാർ - കൂവപ്പള്ളി -ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ -മേലുകാവ് റോഡ് പൂർത്തിയാകുന്നതോടെ മൂലമറ്റം, കുടയത്തൂർ പ്രദേശത്തുകൂടി കടന്നുപോകുന്നവർക്ക് കുറഞ്ഞ ദൂരത്തിൽ മേലുകാവ്, ഈരാറ്റുപേട്ട പ്രദേശങ്ങളിലേക്കു എത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.