അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ ഇനിയും കാത്തിരിക്കണം, തുമ്പൂർമുഴി 22 ന് തുറന്നേക്കും

അതിരപ്പിള്ളി: വാഴച്ചാൽ, അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങൾ വ്യാഴാഴ്ച തുറക്കില്ല. തുമ്പൂർമുഴി ഉദ്യാനം 22ന് തുറന്നേക്കും.തൃശ്ശൂർ ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് അതിരപ്പള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്‌ നീട്ടിയത്. തുറക്കുന്ന തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.അതേ സമയം തുമ്പൂർമുഴി ഗാർഡനിൽ ഒക്ടോബർ 22 തീയതി മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അതിരപ്പിള്ളി വാഴച്ചാൽ തുമ്പൂർമുഴി ഡി.എം.സി അറിയിച്ചു.

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ കഴിഞ്ഞ തിങ്കളാഴ്​ച തീരുമാനമെടുത്തിരുന്നു. ഇതിനെ തുടർന്ന് ജില്ലയിലെ ടൂറിസം കേന്ദ്രത്തി​െൻറ കീഴിൽ ഉള്ള 9 പ്രധാനപെട്ട കേന്ദ്രങ്ങളും മുസ്‌രിസ് പൈതൃക പദ്ധതിയുടെ എല്ലാ കേന്ദ്രങ്ങളും ആണ് തുറക്കാൻ തീരുമാനിക്കുകയായിരുന്നു. അതിരപ്പിള്ളി, വാഴച്ചാൽ കേന്ദ്രങ്ങൾ തിടുക്കപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇവയുടെ പ്രവർത്തനത്തിന് ചില മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്ന വിവരം അറിഞ്ഞ് വിനോദ സഞ്ചാരികൾ ഈ മേഖലയിൽ വന്നെത്താനും തുടങ്ങി. അതിർത്തിയിൽ സമീപത്തെ വാൽപ്പാറയിൽ ടൂറിസം കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടു്. ഓൺലൈനിലൂടെയാണ് ടിക്കറ്റ് നൽകുന്നതെങ്കിലും പരിമിതമായ ആളുകൾക്ക് മാത്രമേ പ്രവേശനം നൽകൂവെങ്കിലും ജനത്തിരക്ക് പ്രതീക്ഷിക്കാം. ഇതൊന്നും ചെവികൊള്ളാതെ സംസ്ഥാനത്ത് മറ്റു ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും സഞ്ചാരികൾ ധാരാളമായി എത്തിയാൽ വൻ തിരക്കാണ് ഉണ്ടാവുക. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ഇത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.